മർത്ത്യരാവുക മാത്രം വയ്യ!
വിശ്വസാഹിത്യകാരനായ ടോൾസ്റ്റോയിയുടെ ‘ജോലിയും മൃത്യുവും രോഗവും’ എന്നചെറുകഥ അമേരിക്കയിലെ റെഡ്ഇന്ത്യാക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു ഐതിഹ്യമാണ്. മനുഷ്യൻ്റെ പെരുമാറ്റങ്ങളുടെ ദോഷമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കഥ ഇങ്ങനെയാണ്. ജോലിയൊന്നും ചെയ്യാതെ സുഖമായി ജീവിക്കുവാൻ ആവുംവിധമാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. വീട് , വസ്ത്രം, ഭക്ഷണം ഒന്നും ആവശ്യമില്ലായിരുന്നു. നൂറുവർഷം വരെ ആയുസ്സ്. രോഗമോ ദുഃഖമോ ഉണ്ടായിരുന്നില്ല.
കുറെ നാളുകൾക്കുശേഷം മനുഷ്യൻ എങ്ങനെ ജീവിക്കുന്നു എന്ന് ദൈവം നോക്കി. സുഖമായി ജീവിക്കുന്നതിനു പകരം അന്യോന്യം വഴക്കുകൂടുന്ന മനുഷ്യനെയാണ് ദൈവം കണ്ടത്. അവർ ജീവിതത്തെ ശപിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ സംഭവിച്ചത് അവർ പ്രത്യേകം സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചതുകൊണ്ടാണ് എന്ന് ദൈവം അറിഞ്ഞു. ഈ സ്ഥിതിക്ക് വ്യത്യാസം വരുവാൻ ജോലി ചെയ്താൽ മാത്രമേ ഈ നിലയ്ക്കു വ്യത്യാസം വരൂ എന്ന ചിന്തയിൽ ദൈവം ദൈവം മനുഷ്യജീവിതം ആ രീതിയിൽ ആക്കിത്തീർത്തു. അവന് ഭക്ഷണത്തിനുവേണ്ടി കൃഷി ചെയ്യുകയും സംരക്ഷണത്തിനു വേണ്ടി വീട് നിർമ്മിക്കുകയും ചെയ്യേണ്ടിവന്നു. വേല ചെയ്യേണ്ടിവരുമ്പോൾ എല്ലാവരും ഒരുമയുള്ളവരാകും എന്ന് ദൈവം വിചാരിച്ചു. അങ്ങനെ മനുഷ്യൻ വേല ചെയ്യാൻ തുടങ്ങി.
കുറേക്കാലം കഴിഞ്ഞ് വീണ്ടും ദൈവം മനുഷ്യനെ നോക്കി. സുഖമായി ജീവിക്കുന്നതിനു പകരം അവർ സംഘം ചേർന്ന് മറ്റുള്ളവരുടെ പണി തടസ്സപ്പെടുത്തുകയും തട്ടിയെടുക്കുകയും ഒക്കെ ചെയ്യുന്നു. ഈ മത്സരം അവരുടെ സമയവും അധ്വാനവും പാഴാക്കുകയാണ്. അങ്ങനെ അവരുടെ സ്ഥിതി പഴയതിലും മോശമായി. അപ്പോൾ ദൈവം ഇതിന് പരിഹാരമായി എപ്പോൾ മരിക്കും എന്ന് മനുഷ്യനെ അറിവുള്ളവൻ ആക്കി. ഏതുനിമിഷവും മരിച്ചുപോകാം എന്ന അറിവ് അവന് നൽകി. ഈ അറിവുകൊണ്ട് അവൻ ഓരോ നിമിഷവും പ്രയോജനപ്പെടുത്തും എന്ന് ദൈവം വിചാരിച്ചു.
എന്നാൽ മനുഷ്യൻ്റെ സ്ഥിതി ഇതുകൊണ്ടും ഭേദമായില്ല. ശക്തന്മാർ ദുർബലന്മാരെ പരാജയപ്പെടുത്തുവാനും കൊല്ലുവാനും തുടങ്ങി. ഇതുമൂലം മനുഷ്യൻ അന്യോന്യം വെറുക്കുവാൻ ആരംഭിച്ചു.
പിന്നീട് ദൈവം മറ്റൊരു കാര്യമാണ് നടപ്പാക്കിയത്. എല്ലാ തരത്തിലുള്ള രോഗങ്ങളും ദൈവം മനുഷ്യന് നൽകി. രോഗം വന്നാൽ രോഗികളോട് സഹതാപം തോന്നി സഹായിക്കുവാൻ അവർ തയ്യാറാകും എന്ന് ദൈവം ചിന്തിച്ചു. വീണ്ടും ദൈവം നോക്കിയപ്പോൾ മനുഷ്യജീവിതം കൂടുതൽ മോശപ്പെട്ടതായി കണ്ടു. രോഗം മനുഷ്യരെ ഒരുമിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിക്കുകയാണ് ചെയ്തത്. രോഗികളെ ശുശ്രൂഷിക്കുന്നവർ കേവലം ജോലി ചെയ്യുന്നവരായി മാറി. അവർക്ക് രോഗം വന്നപ്പോൾ രോഗികളെ ശുശ്രൂഷിക്കാൻ ആരും ഉണ്ടായിരുന്നില്ല. രോഗികളുടെ യാതനയിൽ ശുശ്രൂഷിക്കുവാൻ കൂലിക്കാരെ മനുഷ്യൻ നിയോഗിച്ചു. അവർക്ക് കരുണയുണ്ടായിരുന്നില്ല. വെറുപ്പോടെ രോഗികളെ നോക്കിയിരുന്ന ഇവർ പകർച്ചവ്യാധികൾ വന്നപ്പോൾ ഒഴിഞ്ഞുമാറി.
ഇത്രയും കാര്യങ്ങൾ കൊണ്ടൊന്നും മനുഷ്യൻ നന്നാകുന്നില്ലെന്ന് കണ്ടപ്പോൾ കഷ്ടത അനുഭവിച്ചു തന്നെ അവർ ജീവിതപാഠം പഠിക്കട്ടെ എന്ന് ദൈവം ചിന്തിച്ചു. കുറേക്കാലം കഴിഞ്ഞാണ് മറ്റുള്ളവരുടെ ജോലിക്ക് തങ്ങൾ ശല്യമായിത്തീരരുതെന്നും മറ്റുള്ളവരെ അടിമകളാക്കരുത് എന്നും അവർ മനസ്സിലാക്കിയത്. മരണം ഏതുനിമിഷവും സംഭവിക്കാം എന്നുള്ളത് കൊണ്ട് വർഷങ്ങളും മാസങ്ങളും മണിക്കൂറുകളും നിമിഷങ്ങളും സ്നേഹത്തിൽ കഴിയണമെന്ന് അവൻ വിചാരിക്കാൻ തുടങ്ങി. അങ്ങനെ മനുഷ്യൻ്റെ കഷ്ടപ്പാടുകൾ അവനെ പാഠങ്ങൾ പഠിപ്പിച്ചു. സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുവാനുള്ള താല്പര്യം അവന് ഉണ്ടായി. എത്ര പഠിച്ചാലും നന്നാവാത്ത മനുഷ്യനെയാണ് ഈ കഥ മുമ്പോട്ടു വയ്ക്കുന്നത്. ഇന്നും മനുഷ്യനോട് ദൈവം ഇടപെടുന്നുണ്ട്. പക്ഷേ, അവൻ നന്നാകുന്നില്ല. അതിക്രമം വർദ്ധിക്കുകയാണ്.
അറിവുകൾ അല്ല, അനുഭവങ്ങളാണ് മനുഷ്യനെ വ്യത്യാസപ്പെടുത്തുന്നത്. ഈ കാലത്ത് വലിയ കുറ്റകൃത്യം ചെയ്യുന്നവർ വലിയ അറിവുള്ളവരാണ് എന്നു കാണാം. വിജ്ഞാനിയായിരിക്കുന്നവൻ വിവേകി ആകണമെന്നില്ല. വിവേകമുള്ളവർ ആകുവാനാണ് വിശുദ്ധ ഗ്രന്ഥം നമ്മെ ആഹ്വാനം ചെയ്യുന്നത്.
“വെട്ടുക മുറിക്കുക,
പങ്കു വയ്ക്കുക ഗ്രാമം,
പത്തനം, ജനപദ –
മൊക്കെയും ! കൊന്നും തിന്നും
വാഴുക പുലികളായ്,
സിംഹങ്ങളായും, മർത്ത്യ-
രാവുക മാത്രം വയ്യ!
ജന്തുത ജയിക്കുന്നു!” എന്നെഴുതിയത് മലയാളത്തിന്റെ പ്രിയ കവി ഒഎൻവി യാണ്. മണ്ണിൻ്റെ ചോരയൂറ്റിവലിക്കുന്ന കരക്കാറ്റ് കോമരം തുള്ളുന്ന കാഴ്ചയ്ക്കൊടുവിൽ കവി പറയുന്നു: “ശാന്തിതൻ സൗഗന്ധികം
തിരഞ്ഞു പോക നാമീ –
യശാന്തിപർവങ്ങളിൽ!”
ഒന്നു മറ്റൊന്നിനെ കൊന്നുതിന്നുന്ന കാഴ്ചയിൽ കണ്ണീരൊഴുക്കുന്ന ഭൂമിയെ ക്കുറിച്ച് കവി മറ്റൊരു കവിതയിൽകുറിച്ചിട്ടുണ്ട്. വർത്തമാനകാല നവോത്ഥാന ചിന്തകൾക്കോ ആത്മീയ പ്രബോധനങ്ങൾക്കോ
ചെവികൊടുക്കാൻ മനുഷ്യൻ തയ്യാറാകുന്നില്ല. പകയെരിയുന്ന ഹൃദയവുമായി മനുഷ്യൻ സംഹാരതാണ്ഡവമാടുകയാണ്. ശാന്തമല്ല, രൗദ്രമാണ് അവൻ്റെ ഭാവം. ശാന്തിയും സമാധാനവും അന്യമാവുകയാണ്.
സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്നാണ് ക്രിസ്തുനാഥൻ പറഞ്ഞത്. സമാധാനം സൃഷ്ടിക്കപ്പെടേണ്ടതാണ്. ‘സമാധാനത്തിൻ്റെ ആരംഭം ഒരു പുഞ്ചിരിയിലാണ് ‘ എന്നു മദർ തെരേസ പറഞ്ഞിട്ടുണ്ട്. നാം പുഞ്ചിരിക്കാൻ മറന്നു പോയിരിക്കുന്നു.
ധനവിജ്ഞാനങ്ങളുടെ കൊടുമുടിയിൽ എത്തിയിട്ടും എവിടെയൊക്കെയോ മനുഷ്യനു കാലിടറുന്നുണ്ട്. ഹൃദയം ഇല്ലാതാകുന്ന സാമൂഹിക ദുരന്തം ദിനവും നമ്മെ അസ്വസ്ഥരാക്കുന്നു. എവിടെയും ചോരയുടെ മണം… കണ്ണുനീർത്തുള്ളികൾ… നിലവിളികൾ… മനുഷ്യനിൽ ജന്തുതയാണ് ജയിക്കുന്നത്. മനുഷ്യത്വം നഷ്ടപ്പെട്ടിരിക്കുന്നു എന്നു സാരം. ആദ്ധ്യാത്മിക കേന്ദ്രങ്ങൾ എണ്ണത്തിൽ പെരുകിയിട്ടും മനുഷ്യൻ വ്യത്യാസപ്പെടുന്നില്ല.
ഒരിക്കൽ ഒരു ഗുരുവിൻ്റെ ആശ്രമത്തിൽ ധനികനായ ഒരു വ്യക്തി വന്ന് എൻ്റെ ഇപ്പോഴത്തെ നിലയിൽ നിന്ന് ഒരു താഴ്ചയും എനിക്ക് സംഭവിക്കരുത്, ഇതുപോലെതന്നെ തുടരണം, അതിനായി അങ്ങ് പ്രാർത്ഥിക്കണം എന്നുപറഞ്ഞു. ഞാൻ പ്രാർത്ഥിക്കാം ബാക്കി എല്ലാം ദൈവഹിതം എന്ന് ഗുരു മറുപടി പറഞ്ഞു.
വർഷങ്ങൾക്കുശേഷം ഗുരു യാചകർക്ക് തെരുവിൽ ഭക്ഷണം നൽകിക്കൊണ്ടിരിക്കുമ്പോൾ അക്കൂട്ടത്തിൽ ഒരു യാചകൻ ഇങ്ങനെ വിളിച്ചുപറഞ്ഞു, ‘താങ്കൾ ഒരു വ്യാജ ഗുരുവാണ്. താങ്കൾ എന്നെ ചതിച്ചു.’ എല്ലാവരും അയാളെ ശ്രദ്ധിച്ചു.ഉടനെ ഗുരു ചോദിച്ചു, ‘ ആരാണ് നിങ്ങൾ? എന്തു ചതിവാണ് ഞാൻ നിങ്ങളോടു കാണിച്ചത്?’
‘വർഷങ്ങൾക്കു മുമ്പ് ഞാൻ താങ്കളുടെ അടുക്കൽ വന്ന് പ്രാർത്ഥന അപേക്ഷിച്ചിരുന്നു. അന്നത്തെ നില തുടരണമെന്നാണ് ഞാൻ താങ്കളെ അറിയിച്ചത്. താങ്കൾ യഥാർത്ഥ ഗുരുവായിരുന്നെങ്കിൽ ഞാനിന്ന് ഈ നിലയിൽ എത്തുമായിരുന്നോ?’ യാചകൻ ചോദിച്ചു.
ഗുരുവിന് അദ്ദേഹത്തെ മനസ്സിലായി. ‘ശരിയാണ്, ഓർക്കുന്നു, താങ്കൾ എൻ്റെ അടുക്കൽ വന്നിരുന്നു. ദൈവം താങ്കളുടെ പ്രാർത്ഥന സ്വീകരിച്ചു. അന്നത്തെ അതേ മാനസിക അവസ്ഥയിൽ തന്നെയാണ് താങ്കൾ ഇപ്പോഴും. അഹന്തയും അത്യാസക്തിയും അരക്ഷിതബോധവും അന്നുണ്ടായിരുന്നത് ഇന്നും ഉണ്ട്. താങ്കളുടെ ധനം നഷ്ടമാകരുത് എന്ന് ഞാൻ ഒരിക്കലും പ്രാർത്ഥിച്ചില്ല. മാനസികനില തുടരാനാണ് പ്രാർത്ഥിച്ചത്.’ ഗുരു പറഞ്ഞു. ഗുരു കൊടുത്ത ഭിക്ഷ വാങ്ങി അദ്ദേഹം നടന്നകന്നു.
മറ്റുള്ളവരോട് ഗുരു ഇങ്ങനെ പറഞ്ഞു, ‘എത്ര തന്നെ ഒരാൾ മറ്റൊരാൾക്കുവേണ്ടി പ്രാർത്ഥിച്ചാലും സ്വയം നന്നാവാൻ അവർ ശ്രമിച്ചില്ലെങ്കിൽ ആർക്കും ആരെയും രക്ഷിക്കാൻ ആവില്ല.’ അശാന്തി നിറയുന്ന ജീവിതവഴികളിൽ സ്വയം നന്നാകാനും മനുഷ്യനാകുവാനും ആണ് നാം ശ്രമിക്കേണ്ടത്.
ദൈവം തൻ്റെസാദൃശ്യത്തിലും സ്വരൂപത്തിലും ആണ് മനുഷ്യനെ സൃഷ്ടിച്ചത്. പാപം അവനെ ദൈവസാദൃശ്യത്തിൽ നിന്ന് അന്യ പെടുത്തി. ദൈവപുത്രനായ ക്രിസ്തുവിൽ കൂടെ ദൈവത്തിൻ്റെ പ്രതിഛായയിലേക്കു മടങ്ങി വരുവാൻ കഴിയും. ഏതു മനുഷ്യനും ക്രിസ്തുവിൽ പുതിയമനുഷ്യനാകുവാൻ കഴിയും. ക്രിസ്തുവിൻ്റെ സുവിശേഷം മനുഷ്യനെ രൂപാന്തരപ്പെടുത്തുന്ന അതുല്യ സന്ദേശമാണ്. അത് ജന്തുതയകറ്റി മനുഷ്യത്വത്തിൻ്റെ മഹത്ത്വം നല്കും.