യിസ്രായേലിനുവേണ്ടി ഇന്നും ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഓരോ യിസ്രായേല്യ ഗ്രാമത്തിനും നിരവധി അത്ഭുത കഥകള്‍ പറയുവാനുണ്ട്. അത്തരം രണ്ട് സംഭവങ്ങള്‍

രക്ഷകരായി വെള്ളക്കൊക്കുകളും വെള്ള വസ്ത്രധാരികളും   

തോമസ് മുല്ലക്കൽ

കോവിഡ് 19 എന്ന മഹാമാരിയുടെ ലോകമാകമാനമുള്ള വ്യാപനത്തില്‍ ലോക ജനത ഇന്ന് കടുത്ത ഭീതിയിലാണ്. ഒരു ദൈവീക ഇടപെടലിനായി ഇപ്പോള്‍ ദൈവജനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണല്ലോ? ഇത്തരുണത്തില്‍ ആധുനിക യിസ്രായേലില്‍ നടന്ന ചില അത്ഭുതങ്ങള്‍ നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് സഹായകമാകും എന്ന് വിശ്വസിക്കുന്നു.

ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് മുതല്‍ കുറെ യെഹൂദ കുടുംബങ്ങള്‍ പലസ്തീന്‍ പ്രദേശങ്ങളില്‍ കുടിയേറിയിരുന്നു. അറബികളുടെ കയ്യില്‍ നിന്നും വന്‍ തുക നല്‍കിയാണ് അന്ന് അവര്‍ താമസ സ്ഥലങ്ങള്‍ സ്വന്തമാക്കിയത്. അവിടെ കുടിയേറിയ യെഹൂദന്മാര്‍ വളരെ ക്ലേശം സഹിച്ച് വരണ്ടുണങ്ങിയ പ്രസ്തുത സ്ഥലത്തെ കൃഷിയ്ക്ക് അനുയോജ്യമായ ഭൂമിയാക്കി മാറ്റി. ഊഷരമായിക്കിടന്ന ഭൂമിയെ വൃക്ഷങ്ങളും കൃഷി സ്ഥലങ്ങളും കായ്കനിത്തോട്ടങ്ങളും ഉള്ള മനോഹര മണ്ണാക്കിയെടുക്കാന്‍ അവര്‍ കഠിനമായി അദ്ധ്വാനിച്ചു. ടെല്‍അവീവില്‍ നിന്നും കേവലം 28 കിലോമീറ്റര്‍ ദൂരമുള്ള യാവ്‌നേ എന്ന ഗ്രാമത്തിലാണ് 1915ല്‍ ഈ അത്ഭുതം നടക്കുന്നത്. തിബര്യാസ് കടലിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ മലയോരം ഗലീലയുടെ ഹൃദയ ഭൂമിയായി കരുതപ്പെടുന്നു. റുമേനിയയില്‍ നിന്നും ഇവിടെ കുടിയേറിയ അവിനോവം ഗ്രീന്‍ബര്‍ഗ്ഗ് എന്ന യെഹൂദന്‍ തന്റെ ഗ്രാമത്തില്‍ നടന്ന ഒരു അത്ഭുതത്തെക്കുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകനായ മൈക്കല്‍ ഗ്രീന്‍സ്പാനുമായി പങ്കുവച്ച ആധികാരികമായ അനുഭവമാണിത്.

അന്ന് വിളവെടുപ്പ് അടുത്തതിന്റെ സന്തോഷത്തിലായിരുന്നു മുഴുവന്‍ ഗ്രാമീണരും. ഒരു വര്‍ഷത്തെ കാത്തിരിപ്പ് ഇതോടെ അവസാനിക്കുകയാണ്. ഫലശേഖരണത്തിനുവേണ്ടി കര്‍ഷകര്‍ സംഭരണകേന്ദ്രങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരിക്കുമ്പോഴാണ് ഒരു സൈന്യത്തിന്റെ ഇരമ്പല്‍ പോലെയുള്ള ശബ്ദം അവര്‍ കേട്ടത്. കൂടാതെ നട്ടുച്ച സമയത്ത് ദേശത്ത് ഇരുട്ട് നിറയുന്നതുപോലെയുള്ള അവസ്ഥ. എന്താണ് നടക്കുന്നതെന്നറിയാതെ ജനം പകച്ച് ആകാശത്തേക്ക് നോക്കുമ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ആകാശത്ത് ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങള്‍ പോലെ വെട്ടുക്കിളികളുടെ കൂട്ടം ദേശത്ത് നിറയുന്നു. കൃഷിസ്ഥലങ്ങളിലേക്ക് അവ അതിവേഗത്തില്‍ പറന്നിറങ്ങി. ഭയവിഹ്വലരായ കര്‍ഷകര്‍ തങ്ങളുടെ കയ്യില്‍ കിട്ടിയ പാത്രങ്ങള്‍കൊണ്ടും ഇതര സാമഗ്രികള്‍കൊണ്ടും അവയെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു. കൂടാതെ സ്‌കൂളുകള്‍ നിര്‍ത്തി കുട്ടികളും ഗ്രാമീണരുമെല്ലാം തങ്ങളുടെ സകല പരിശ്രമവും ചെയ്തിട്ടും വെട്ടുക്കിളികള്‍ പിന്‍മാറുന്ന ലക്ഷണമില്ല. ആദ്യം ഫലങ്ങള്‍, പിന്നെ ഇലകള്‍, ഒടുവില്‍ ചെടികള്‍ എന്നിങ്ങനെയാണ് വെട്ടുക്കിളികള്‍ തിന്നു തീര്‍ക്കുന്നത്. വൈകുന്നേരമായപ്പോഴേക്കും ഗ്രാമീണര്‍ ക്ഷീണിതരായി. രാത്രിയായതോടെ വെട്ടുക്കിളികള്‍ തീറ്റ അവസാനിപ്പിച്ച് അവിടവിടങ്ങളിലായി പതിയിരുന്നു. അടുത്ത ദിവസം രാവിലെ വീണ്ടും അവയെ പായിക്കാന്‍ എന്തെങ്കിലും ചെയ്യാമെന്ന് കരുതി ജനം ഭവനങ്ങളിലേക്ക് മടങ്ങി. എന്നാല്‍ അന്ന് രാത്രിയില്‍ യെഹൂദന്മാര്‍ തങ്ങളുടെ ഭവനങ്ങളില്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു അത്ഭുതത്തിനായി ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഓരോ ഭവനവും പ്രാര്‍ഥനയുടെ ശബ്ദത്താല്‍ മുഖരിതമായി.

അടുത്ത ദിവസം പ്രഭാതമായി. ആദ്യം പുറത്തിറങ്ങിയ കര്‍ഷകന്‍ കണ്ട കാഴ്ച തന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കൃഷിസ്ഥലങ്ങളെല്ലാം വെള്ള പുതച്ച് മഞ്ഞു മൂടിയതുപോലെ കിടക്കുന്നു. കുറച്ചുകൂടി അടുത്തു നോക്കിയപ്പോഴാണ് മനസ്സിലായത് അത് ആ പ്രദേശത്തെങ്ങും ഇതുവരെയും കണ്ടിട്ടില്ലാത്ത തരത്തിലുള്ള മനോഹരമായ വെള്ളക്കൊക്കുകളെക്കൊണ്ട് നിലങ്ങളൊക്കെ നിറഞ്ഞിരിക്കുകയാണ്. കര്‍ഷകന്‍ മറ്റുള്ളവരെയും വിളിച്ചുണര്‍ത്തി. വെള്ളനിറമുള്ള കൊറ്റികള്‍ കൂട്ടമായി വന്ന് വെട്ടുക്കിളികളെ വളരെ വേഗം തിന്നു തീര്‍ക്കുന്ന കാഴ്ച കണ്ട് ജനം ദൈവത്തെ സ്തുതിച്ചു. അടുത്ത മൂന്ന് ദിവസങ്ങള്‍ കൊണ്ട് മുഴുവന്‍ വെട്ടുക്കിളികളെയും കൊറ്റികള്‍ തിന്നു തീര്‍ത്തു. ഒടുവില്‍ വെള്ള കൊക്കുകള്‍ എങ്ങനെ അവിടേയ്ക്ക് വന്നുവോ അതേ പോലെ അവിടെ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. ആ സംഭവത്തിന് മുമ്പോ അതിന് ശേഷമോ അത്തരം പക്ഷികളെ ആ പ്രദേശത്ത് ആരും കണ്ടിട്ടില്ല.
തുടര്‍ന്ന്! ഗലീലയിലെ മുഴുവന്‍ കൃഷിസ്ഥലങ്ങളിലും വച്ച് ആ വര്‍ഷവും തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളും അപ്രതീക്ഷിതമായ വിളവാണ് കര്‍ഷകര്‍ക്ക് ലഭിച്ചത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മൂന്ന്! സഹസ്രാബ്ദങ്ങള്‍ക്ക് അപ്പുറം യഹോവയായ ദൈവം യിസ്രായേല്‍ പാളയത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കാടപക്ഷിയെ കൈകൊണ്ടു പിടിക്കാവുന്ന അകലത്തില്‍ നിര്‍ത്തിക്കൊടുത്തുവെങ്കില്‍ (സംഖ്യ 11:31), ആധുനിക കാലത്ത് തന്റെ ജനത്തെ രക്ഷിക്കുവാനായി ദൈവം അയച്ചത് വെള്ളക്കൊക്കുകളെയായിരുന്നു എന്നത് മാത്രമാണ് ഈ അത്ഭുതത്തിലെ വ്യത്യാസം.

പക്ഷികളെ അയച്ച് കൃഷിയെ സംരക്ഷിച്ച സംഭവമാണ് മുകളിലത്തേതെങ്കില്‍ ദൈവം തന്റെ സ്വര്‍ഗ്ഗീയ ദൂതന്മാരെ തന്നെ അയച്ച് വിടുവിച്ച മറ്റൊരു അനുഭവമാണ് ഇനി പറയാനുള്ളത്. ഗലീലയ്ക്ക് സമീപമുള്ള പിക്കീന്‍ എന്നറിയപ്പെടുന്ന ഒരു ചെറിയ ഗ്രാമത്തില്‍ നടന്ന സംഭവമാണ് ആധുനിക കാലത്തും വ്യക്തമായ നിലയില്‍ ദൈവം ഇസ്രയേലിനു വേണ്ടി ഇടപെട്ടു എന്നതിന്റെ മറ്റൊരു തെളിവ്. ക്രിസ്തു വര്‍ഷം എഴുപതാം ആണ്ടില്‍ യെരുശലേം ദേവാലയത്തിന്റെ നാശം മുതല്‍ അനേകം യെഹൂദാ കുടുംബങ്ങള്‍ ഈ സ്ഥലത്ത് താമസിച്ചുവന്നിരുന്നു. താരതമ്യേന സുരക്ഷിതമായ ഈ ഗ്രാമത്തിലേക്ക് ചിതറിപ്പോയ യെഹൂദന്മാര്‍ പലരും പിന്നീട് കുടിയേറിപ്പാര്‍ക്കുകയുണ്ടായി. യെഹൂദാ പുരോഹിതന്മാരിലെ ഒരു വിഭാഗമായ സാദോക്ക് പുരോഹിതന്‍മാര്‍ ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവര്‍ അനേക യെഹൂദന്മാരെ ഈ പ്രദേശത്ത് സംരക്ഷിച്ചിരുന്നു. ശത്രുക്കളുടെ ഇടയിലായിരുന്നു ഗ്രാമീണര്‍ അക്കാലത്ത് ഭീതിയോടെ കഴിഞ്ഞുവന്നത്. ഏതു സമയത്തും ശത്രുക്കളില്‍ നിന്നും ഒരു ആക്രമണം അവര്‍ പ്രതീക്ഷിച്ചിരുന്നു.

1928 ലെ ഒരു രാത്രിയില്‍ ഗ്രാമത്തിലുള്ളവര്‍ സുഖ സുഷുപ്തിയിലായ നേരം. ചുറ്റുപാടുമുള്ള അറബി വംശജരായ ഒരു പറ്റം ആളുകള്‍ യെഹൂദന്മാരെ ആക്രമിച്ച് അവരുടെ പുരുഷന്മാരെ വധിച്ച് അവരുടെ വസ്തുവകകളും സ്ത്രീകളെയും സ്വന്തമാക്കുവാനുള്ള താല്‍പ്പര്യത്തോടെ ഗ്രാമത്തെ ആക്രമിക്കുവാന്‍ പദ്ധതിയിട്ടു. അന്നവിടെയുണ്ടായിരുന്ന പ്രധാന റബ്ബിയായ യോശുവ താന്‍ ഉറങ്ങുന്നതിനു മുമ്പുള്ള പ്രാര്‍ത്ഥനയിലും ദൈവവചന പഠനത്തിലുമായിരുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ കാവലിനായി അപേക്ഷിച്ചിട്ടാണ് അദ്ദേഹം പതിവായി ഉറങ്ങാറുള്ളത്.

ഗ്രാമത്തിലേക്ക് ശത്രുക്കള്‍ ആദ്യം പ്രവേശിക്കുവാന്‍ ശ്രമിച്ചത് ഗ്രാമത്തിന്റെ കിഴക്കു വശത്തുള്ള വനമേഖലയിലൂടെയാണ്. വൃക്ഷങ്ങളുടെ മറവിനെ ഉപയോഗപ്പെടുത്താം എന്നാണ് അവര്‍ കണക്കുകൂട്ടിയത്. എന്നാല്‍ അവര്‍ അതുവഴി ഗ്രാമത്തിലേക്ക് നോക്കുമ്പോള്‍ കണ്ടത് വെള്ള വസ്ത്രം ധരിച്ച കുറച്ചു പേര്‍ വാളും പിടിച്ചുകൊണ്ടു ഗ്രാമത്തിന് കാവല്‍ നില്‍ക്കുന്നതാണ്. അവിടെ നിന്ന്! അവര്‍ പിന്മാറി തെക്കുവശത്ത് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലയില്‍ക്കൂടി ഗ്രാമത്തില്‍ കടക്കുവാന്‍ ശ്രമിച്ചു. ഈ സമയത്തും ശത്രുക്കള്‍ ദര്‍ശിച്ചത് അവിടെയും കാവല്‍ നില്‍ക്കുന്ന ആജാനുബാഹുക്കളായ യോദ്ധാക്കളെയാണ്. തുടര്‍ന്ന് അവര്‍ ഗ്രാമത്തില്‍ എത്തുവാന്‍ ഇനിയുള്ള ഏക മാര്‍ഗ്ഗമായ വടക്കു വശത്തുള്ള സെമിത്തേരി വഴിയായി ഉള്ളില്‍ കടക്കുവാന്‍ തീരുമാനിച്ചു. അതുവഴി കയറിയാല്‍ ദൂരെനിന്നു തന്നെ ഗ്രാമത്തിലുള്ളവര്‍ക്ക് തങ്ങളെ കാണുവാന്‍ കഴിയുമെങ്കിലും വേറെ വഴിയില്ലാത്തതുകൊണ്ട് അതേ വഴിയില്‍ക്കൂടിതന്നെ ശത്രുക്കള്‍ രണ്ടും കല്‍പ്പിച്ച് ഗ്രാമം ലക്ഷ്യമാക്കി കുതിച്ചു.

പെട്ടെന്ന് മുമ്പ് കണ്ട വെള്ളവസ്ത്രധാരികള്‍ അവരുടെ വഴി തടസ്സപ്പെടുത്തി വഴിയ്ക്ക് കുറുകേ കയറി നിന്നു. ഈ സമയത്ത് പട്ടികളുടെ ഉറക്കെയുള്ള കുരകേട്ട് എന്താണ് കാര്യമെന്നറിയാന്‍ റബ്ബി യോശുവ ജനലില്‍ക്കൂടി പുറത്തേയ്ക്കു നോക്കി. അപ്പോള്‍ തനിക്കു തന്റെ കണ്ണുകളെ വിശ്വസിക്കുവാനായില്ല. വെള്ള വസ്ത്രം ധരിച്ച ഒരു സംഘമാളുകള്‍ തങ്ങളുടെ വാളുകള്‍ അന്തരീക്ഷത്തില്‍ ശക്തിയോടെ വീശുന്നു. അവരുടെ വാളുകള്‍ മുകളിലേക്ക് ഉയരുമ്പോള്‍ വാളുകളില്‍ നിന്നും ശക്തിയായി തീ പുറപ്പെടുകയും ചെയ്യുന്നുണ്ട്. അതിന്റെ വെളിച്ചം കൊണ്ടു പ്രദേശം മുഴുവന്‍ നന്നായി കാണുവാന്‍ കഴിയും. പേടിച്ചരണ്ട ശത്രുക്കള്‍ തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിച്ച് ജീവനും കൊണ്ട് അവിടെ നിന്നും പാലായനം ചെയ്തു.

രാവിലെ ഗ്രാമീണര്‍ ഉറക്കമുണര്‍ന്നപ്പോള്‍ അവിടെ കണ്ടത് ഉപേക്ഷിക്കപ്പെട്ട ആയുധങ്ങള്‍ മാത്രമായിരുന്നു; കൂടെ റബ്ബി യോശുവയ്ക്കു പറയുവാനുള്ള ദൈവീകമായ ഒരു അത്ഭുതകഥയും. പിന്നീട് പിക്കീന്‍ ഗ്രാമത്തിലേക്ക് ഒരു ശത്രുക്കളും വരുവാന്‍ ധൈര്യപ്പെട്ടിട്ടില്ല. 1928ല്‍ ഗലീലയില്‍ ഈ സംഭവം നടന്നിട്ട് ഇനിയും നൂറ് വര്‍ഷം തികഞ്ഞിട്ടില്ല. എന്നാല്‍ ക്രിസ്തുവിനു മുമ്പ് ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന എലിശാ പ്രവാചകന്റെ കാലത്ത് ഇതിന് സമാനമായി നടന്ന ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. 2 രാജാക്കന്മാര്‍ 6:1417 വരെയുള്ള ഭാഗത്ത് തങ്ങളെ വളഞ്ഞ സിറിയന്‍ സൈന്യത്തേക്കാള്‍ അതിശക്തരായ സ്വര്‍ഗ്ഗീയ സൈന്യത്തെ തങ്ങളുടെ സംരക്ഷണത്തിനായി ദൈവം അയച്ചിരിക്കുന്ന കാഴ്ച എലിശാ പ്രവാചകന്‍ തന്റെ ശിഷ്യന് കാണിച്ചുകൊടുക്കുന്നുണ്ട്. അതുപോലെ ഈ ആധുനിക കാലത്തും ദൈവത്തിന്റെ കരം തന്റെ ജനത്തിനുവേണ്ടി പ്രവര്‍ത്തിക്കും എന്നതിന്റെ തെളിവാണ് നാം ഇവിടെയും കണ്ടത്.

ഇസ്രായേലിലെ മുഖ്യ റബ്ബിയായിരുന്ന റബ്ബി ഇസ്രായേല്‍ ലാവുവിനോട് ഒരിക്കല്‍ ഒരു പത്ര റിപ്പോര്‍ട്ടര്‍ ചോദിച്ചു. ‘ദൈവം ഇസ്രായേലിനുവേണ്ടി അത്ഭുതം ചെയ്യുന്നു എന്ന് പറയുന്നതിലും ശരിയല്ലേ ഇവിടുത്തെ ജനത്തിന്റെ ധൈര്യവും ബുദ്ധിക്കൂര്‍മതയും ചേര്‍ന്ന് ഒരുക്കിയതാണ് ആധുനിക ഇസ്രായേലിന്റെ വിജയം?’ എന്ന്. അതിന് അദ്ദേഹം പറയുന്നത് മറ്റൊരു സംഭവമാണ്.

1948ല്‍ ഇസ്രായേല്‍ രാഷ്ട്രം ഉണ്ടായതിനെത്തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ സിറിയയുടെയും ഇറാഖിന്റെയും കയ്യില്‍ നിന്നും ട്‌സാഫ് എന്ന ഗ്രാമത്തില്‍ കുടുങ്ങിയ വൃദ്ധരായ കുറെ യെഹൂദന്മാരെ ഇസ്രായേല്‍ സൈന്യം മോചിപ്പിച്ചു. അവര്‍ ആ സമയത്ത് പ്രാര്‍ത്ഥനയില്‍ നിരതരായിരിക്കുകയായിരുന്നു. ‘നിങ്ങള്‍ ഈ യുദ്ധത്തെ അതിജീവിക്കുമെന്ന് വിശ്വസിച്ചിരുന്നുവോ?’ എന്ന് സൈന്യാധിപന്‍ അവരോട് ചോദിച്ചു. അതിനവര്‍ മറുപടി പറഞ്ഞത്, ‘തീര്‍ച്ചയായും നാം വിജയിക്കുമെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നു. കാരണം ഞങ്ങളുടെ പ്രത്യാശ അടിസ്ഥാനപ്പെട്ടിരിക്കുന്നത് രണ്ടു കാര്യങ്ങളിലാണ്. ഒന്ന് സ്വാഭാവികമായി നമുക്ക് ചെയ്യാന്‍ കഴിയുന്നത്; അതാണ് പ്രാര്‍ത്ഥന. അതിന് സഹായമായി ഞങ്ങള്‍ സങ്കീര്‍ത്തന ഭാഗങ്ങള്‍ ഉരുവിടുകയും പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. പ്രാര്‍ത്ഥനയ്ക്ക് തീര്‍ച്ചയായും മറുപടിയുണ്ട്. രണ്ടാമത് ഒരു അത്ഭുതം പ്രതീക്ഷിക്കുക. എന്നാല്‍ രണ്ടാമത്തേത് ബന്ധപ്പെട്ടുകിടക്കുന്നത് ഒന്നാമത്തെ പ്രാര്‍ത്ഥനയുമായിട്ടാണ്. അതാണ് ഇവിടെ വന്നു നിങ്ങള്‍ ഞങ്ങളെ ഇപ്പോള്‍ രക്ഷിച്ചത്. അത് ഞങ്ങള്‍ക്ക് ഒരു അത്ഭുതമാണ്. അനിവാര്യമായ സമയത്ത് അത് തീര്‍ച്ചയായും സംഭവിച്ചുകൊള്ളും’

ഈ സംഭവം പറഞ്ഞിട്ട് റബ്ബി ഇസ്രായേല്‍ അതിനോട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു. ‘ഇസ്രായേലിന്റെ ഉത്ഭവം മുതല്‍ അനേകം അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവെന്തിന്? ഇന്നും ഇസ്രായേല്‍ രാജ്യം ഭൂമുഖത്ത് നിലനില്‍ക്കുന്നത് തന്നെ ഞങ്ങള്‍ക്കും ലോകത്തിനും ഒരു മഹാത്ഭുതമാണ്.’

‘ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍, ചിലപ്പോള്‍ നിങ്ങള്‍ക്കത് കാണാന്‍ കഴിഞ്ഞേക്കാം; അല്ലെങ്കില്‍ അത് കാണാതിരിക്കുകയും ചെയ്യാം. എന്നാല്‍ പ്രധാന കാര്യം പ്രതീക്ഷയോടെ കാത്തിരിക്കുക എന്നത് മാത്രമാണ്.’ ഗെര്‍ശോന്‍ ബര്‍ക്കാഫ’

കേരളത്തിലെ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴത്തെ ഏറ്റവും ചൂടുപിടിച്ച ചർച്ചാവിഷയങ്ങളിലൊന്നാണ് വൺ ഇന്ത്യ വൺ പെൻഷൻ എന്നത്. ഏറ്റവും ലളിതമായി പറഞ്ഞാൽ 60 വയസ്സ് തികഞ്ഞ എല്ലാ വ്യക്തികൾക്കും പ്രതിമാസം 10000 രൂപ പെൻഷൻ നൽ നടപ്പാക്കണം എന്നതാണ് ഈ മൂവ്‌മെന്റിന്റെ ആവശ്യം. കേരളത്തെ അടിമുടി മാറ്റിമറിക്കാൻ സാധ്യതയുള്ള ഏറ്റവും വിപ്ലവാത്മകമായ ഒരു പദ്ധതി ആയിരിക്കും ഇത് എന്ന ബോധ്യം ഉള്ളതിനാലും കേരളത്തിലെ ജനങ്ങളുടെ നന്മക്ക് ഇത് അനിവാര്യമാണ് എന്നതിനാലും ഈ ആശയത്തെ ഞാൻ പൂർണ്ണമനസ്സോടെ പിന്തുണയ്ക്കുന്നു. പെന്തക്കോസ്ത് സഭകളും വിശ്വാസ സമൂഹവും പാസ്റ്റർമാരും ഈ ആശയത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം എന്ന് ഞാൻ ആവശ്യപ്പെടുന്നു.

സ്വർഗത്തിൽ പോകുന്ന കാര്യം പറയേണ്ടുന്ന പാസ്റ്റർ എന്തിനാ ഇത്തരം കാര്യങ്ങൾ പറയുന്നത് എന്ന സംശയം പലർക്കുമുണ്ടാകാം. അടിസ്ഥാനപരമായി പെന്തെകോസ്ത്കാർക്ക് സംഭവിച്ച ഒരു പാളിച്ച ചൂണ്ടിക്കാണിച്ച ശേഷം ഞാൻ വിഷയത്തിലേക്ക് വരാം. നമ്മൾ ആത്മാവിന്റെ രക്ഷ, സ്വർഗ്ഗം, കർത്താവിന്റെ മടങ്ങിവരവ്, ഇതെല്ലാമാണ് ജനങ്ങളോട് പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്.
അത് പൂർവാധികം ശക്തിയോടെ തുടരുകയും വേണം. ആത്മാവിന്റെ കാര്യമാണ് പ്രധാനം. നിത്യത നഷ്ടമാക്കി ഈ ലോകത്തിൽ എന്ത് നേടിയാലും ഒരു പ്രയോജനവും ഇല്ല എന്നത് 100% സത്യമാണ്. എന്നാൽ നമുക്ക് നാം ജീവിക്കുന്ന കാലഘട്ടത്തിലെ ജനങ്ങളോട് ആത്മീയ ഉത്തരവാദിത്വം ഉള്ളതുപോലെ സാമൂഹ്യ ഉത്തരവാദിത്വം കൂടെ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
ഞാൻ ആലപ്പുഴയിലാണ് താമസിക്കുന്നത്, കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ പാവപ്പെട്ട ജനങ്ങളോട് ആത്മാവിന്റെ രക്ഷയും പറഞ്ഞു കൈയുംകെട്ടി ഇരിക്കാൻ ഏതെങ്കിലും പാസ്റ്റർക്കു സാധിക്കുമോ.
അന്നേരം അവന്റെ ജീവൻ രക്ഷിക്കുക. ഒന്നു തലചായ്ക്കാൻ ഇടം ഒരുക്കുക. ഒരുനേരത്തെ ആഹാരം കൊടുക്കുക. മാറി ധരിക്കാൻ തുണി കൊടുക്കുക. ഇതൊന്നുമില്ലാത്ത സുവിശേഷം കൊണ്ട് എന്ത് പ്രയോജനം?
നാം ഈ ലോകത്തിൽ ജീവിക്കുമ്പോൾ ഇവിടുത്തെ ദൈനംദിന ജീവിത പ്രശ്‌നങ്ങളിലെല്ലാം ഇടപെടേണ്ടവരാണ്. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നല്ലത് ചെയ്യുന്നവരോടൊപ്പം നിൽക്കുകയും കൈത്താങ്ങ് നൽകുകയും വേണം. നമ്മളാൽ ചെയ്യാവുന്നതെല്ലാം ചെയ്യണം അതിന് ജാതിയോ മതമോ വിശ്വാസമോ രാഷ്ട്രീയമോ ഒന്നും തടസ്സമാകരുത്.
ഇനി വിഷയത്തിലേക്ക് വരാം. ഞാൻ ഒരു പെന്തക്കോസ്ത് പാസ്റ്റർ ആണല്ലോ. എന്റെ ജീവിതാനുഭവം വെച്ച് തന്നെ പറയാം സഭാ തെരഞ്ഞെടുപ്പ് ഒക്കെ പലരും തെറ്റായി പറയാറുണ്ട്. അതിൽ കുറെ കാര്യവും ഉണ്ട്. എന്നാലും ഞാൻ തെരഞ്ഞെടുപ്പിൽ പല തവണ മത്സരിച്ച ഉള്ള ആളാണ്. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഞാൻ കേരളത്തിന്റെ തെക്ക് തൊട്ട് വടക്ക് വരെ സഭകൾ തോറും കയറിയിറങ്ങി യാത്ര ചെയ്തു. മധ്യ തിരുവിതാംകൂറിലെ സമ്പന്ന സാഹചര്യമല്ല തിരുവനന്തപുരം മേഖലയിലും ഇടുക്കി മലബാർ പ്രദേശങ്ങളിലും ഞാൻ കണ്ടത്. വളരെ പാവപ്പെട്ട ജനങ്ങൾ കൂലിപ്പണിയും തൊഴിലുറപ്പും അങ്ങനെ കഷ്ടിച്ച് ജീവിക്കുന്ന ജനങ്ങളാണ് നല്ലൊരു പങ്ക്. അവരൊക്കെ ആരോഗ്യം ക്ഷയിച്ച് ക്ഷീണിതരാകുമ്പോൾ പരിതാപകരമായ അവസ്ഥയാണ്. ഈ ജനങ്ങളെയെല്ലാം സഭക്ക് സഹായിച്ചുകൂടെ എന്നൊരു ചോദ്യം ചിലരുടെയെങ്കിലും മനസ്സിൽ ഉയരുന്നുണ്ടാവാം. സഭതന്നെ കഷ്ടിച്ചാണ് നടന്നുപോകുന്നത്. അതും ഈ പാവങ്ങൾ നൽകുന്ന സ്‌തോത്രകാഴ്ച പണംകൊണ്ട്.
പുരോഗതി നേടിയ എല്ലാ ആധുനിക രാജ്യങ്ങളും അവരുടെ പൗരന്മാർ പ്രായാധിക്യത്തിൽ ആകുമ്പോൾ ജോലി ചെയ്യാൻ വയ്യാതെ ആകുമ്പോൾ അവരെ സംരക്ഷിക്കാനുള്ള പദ്ധതികൾ ഒരുക്കിയിട്ടുണ്ട്. അമേരിക്കയിൽ സോഷ്യൽ സെക്യൂരിറ്റി എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. നമ്മുടെ ഗവൺമെന്റുകൾക്കും ഈ പദ്ധതി നടപ്പിലാക്കാവുന്നതേ ഉള്ളൂ. അതിനുള്ള വളരെ ഫലപ്രദമായ ഒരു നിർദേശമാണ് ഈ വൺ ഇന്ത്യ വൺ പെൻഷൻ എന്ന മൂവ്‌മെന്റ് മുന്നോട്ട് വെച്ചിരിക്കുന്നത്. 2019 സെപ്റ്റംബറിൽ കോട്ടയം ജില്ലയിൽ ചുരുക്കം ചിലർ ചേർന്ന് രൂപം കൊടുത്ത ഈ ആശയത്തിന് ചുരുങ്ങിയ കാലം കൊണ്ട് വ്യാപകമായ പ്രചാരം ആണ് ലഭിച്ചിരിക്കുന്നത്. ഇതിനകംതന്നെ കേരളമെങ്ങും ലക്ഷക്കണക്കിന് ആളുകൾ ഈ പ്രസ്ഥാനത്തിൽ അണി നിരന്നു കഴിഞ്ഞു.
നമ്മുടെ ഗവൺമെന്റ് എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ഭീമമായ തുക നികുതിയായി വാങ്ങുന്നു. ഏത് സാധനം വാങ്ങുമ്പോഴും ഏത് സേവനം നമുക്ക് ലഭിക്കുമ്പോഴും ഗവൺമെന്റ് നികുതി ഈടാക്കുന്നു. ഒരു സാധാരണക്കാരൻ അൻപതോ അറുപതോ വർഷം കേരളത്തിൽ ജീവിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് 50 ലക്ഷം രൂപ നികുതിയായി നൽകുന്നുണ്ട്. ഈ തുകയുടെ ഒരു ഭാഗം പ്രായമാകുമ്പോൾ പെൻഷനായി നൽകണമെന്ന ന്യായമായ ആവശ്യമാണ് വൺ ഇന്ത്യാ വൺ പെൻഷൻ എന്ന ആശയത്തിന്റെ അടിസ്ഥാനം.
ഇപ്പോൾ നികുതി വരുമാനത്തിന്റെ 90 ശതമാനം തുകയും കേവലം ജനസംഖ്യയുടെ 3 ശതമാനം താഴെ മാത്രം വരുന്ന ഉദ്യോഗസ്ഥന്മാർക്ക് ശമ്പളം നൽകാനും ഭീമമായ തുക പെൻഷൻ നൽകാനും ആണ് ഉപയോഗിക്കുന്നത്. ഇത് തികച്ചും അനീതിയാണ്. ഒരാൾക്ക് സർക്കാർ ഉദ്യോഗം കിട്ടി അയാൾ ജോലി ചെയ്ത കാലം മുഴുവൻ ശമ്പളം വാങ്ങി അതുകഴിഞ്ഞ് മരണംവരെ വലിയ തുക പെൻഷനും. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. സർക്കാർ ജോലിക്കാർക്ക് പെൻഷൻ കൊടുക്കുന്നതിൽ തെറ്റൊന്നും ഇല്ല. എന്നാൽ ഒരു സർക്കാർ ജോലിക്കാരനെ പോലെ തന്നെ സമൂഹത്തിന് പ്രയോജനപ്പെടുന്നവരാണ് ഈ നാട്ടിലെ കർഷകനും, മീൻപിടുത്തക്കാരനും, ഓട്ടോറിക്ഷ െ്രെഡവറുമെല്ലാം. അവരും സർക്കാർ ജോലിക്കാരെ പോലെ തന്നെ നികുതി നൽകിയാണ് ജീവിക്കുന്നത് അപ്പോൾ അവനെ പ്രായാധിക്യത്തിൽ കരുതുവാൻ ഉള്ള ഉത്തരവാദിത്വം ഗവൺമെന്റിനുണ്ട്.
ഞാൻ ഒരു പൂർണസമയ പാസ്റ്റർ ആണ്. ആത്മീയ കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്നവരാണ് പൊതുവേ പാസ്റ്റർമാർ. എനിക്ക് എല്ലാ പാസ്‌റ്റേഴ്‌സിനോടും ഒരു അഭ്യർത്ഥന ഉണ്ട്. നമ്മൾ ഈ സമൂഹത്തിന്റെ ഭാഗമാണ്. നമ്മുടെ സഭാ ജനങ്ങളെ സമൂഹത്തിന് പ്രയോജനം ഉള്ളവരായി രൂപപ്പെടുത്താൻ നമുക്ക് സാധിക്കും.വൺ ഇന്ത്യ വൺ പെൻഷൻ പോലെയുള്ള ജനകീയ മുന്നേറ്റങ്ങളെ ജനങ്ങളെ ബോധ്യപ്പെടുത്തുകയും അതിനുവേണ്ടിയുള്ള മുന്നേറ്റത്തിൽ പങ്കാളിയാകാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.അത് നമ്മുടെ സാമൂഹിക കടപ്പാടാണ്. ഉത്തരവാദിത്വമാണ്.

ജോർജ്ജ് ഫ്‌ളോയ്ഡ് സംഭവം അമേരിക്കയിൽ പല പൊളിച്ചെഴുത്തിനും വേദിയാകുകയാണ്. പോലീസ് നിയമങ്ങളിലുള്ള പരിഷ്‌കാരങ്ങൾ,  കോളനിക്കാലത്തെ പട്ടാള മേധാവികളുടെ പ്രതിമകൾ നീക്കം ചെയ്യുക, തൊഴിൽ മേഖലകളിൽ ഇന്ന് നിലനിൽക്കുന്ന  വർണ്ണ വിവേചനപരമായ തീരുമാനങ്ങളിൽ മാറ്റം വരുത്തുക തുടങ്ങി പല മേഖലകളിലും മാറ്റം പ്രകടമാണ്.  ചില ക്രിസ്തീയ സഭകൾ കറുത്ത വർഗ്ഗക്കാരായ ബിഷപ്പുമാരെയും പാസ്റ്റർമാരെയും ഉന്നതസ്ഥാനങ്ങളിൽ അടിയന്തിരമായി അവരോധിക്കുക പോലുമുണ്ടായി.

തോമസ് മുല്ലയ്ക്കൽ


മിനിയാ പോലീസ്, മിനസോട്ട: 2020 മെയ് 25 ന് അമേരിക്കയുടെ മെമ്മോറിയൽ ദിനത്തിൽ ജോർജ്ജ് ഫ്‌ളോയ്ഡ് എന്ന നിരായുധനായ ആഫ്രിക്കൻ അമേരിക്കക്കാരന് മിനസോട്ടയിലെ മിനിയാപോലീസിൽ വെച്ച് ദാരുണമായ അന്ത്യം. സംശയാസ്പദമായി അറസ്റ്റ് ചെയ്ത് കൈവിലങ്ങുമായി തറയിൽ കമിഴ്ന്നു കിടക്കുന്ന ജോർജ്ജിന്റെ കഴുത്തിൽ വെള്ളക്കാരനായ ഒരു പോലീസ് ഉദേ്യാഗസ്ഥൻ ഒൻപത് മിനിറ്റോളമാണ് മുട്ടുകുത്തിനിന്നത്. തുടർന്ന്! ശ്വാസം കിട്ടാനാകാതെ ജീവനുവേണ്ടി നാല് പോലീസ് ഉദ്യോഗസ്ഥരോടും അദ്ദേഹം കേണപേക്ഷിച്ചു ‘തനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല.’ എന്ന്. ചുറ്റും നിന്ന പൊതുജനങ്ങളും പോലീസ് ഉദ്യോഗസ്ഥരോട് ആവർത്തിച്ചു പറഞ്ഞു, ‘അയാൾക്ക് ശ്വാസം കിട്ടുന്നില്ലെന്ന്’. എന്നാൽ അത്തരം അപേക്ഷകളൊക്കെ വനരോദനമായി മാറിയപ്പോൾ യാതൊരു കരുണയും ലഭിക്കാതെ ഡെറക് ഷോവിൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാൽമുട്ടിന്റെ അടിയിൽ കിടന്ന് ജോർജ്ജ് ഫ്‌ലോയ്ഡിന്റെ ജീവിതം അസ്തമിച്ചു. തുടർന്ന് നടന്ന രണ്ട് പോസ്റ്റ്‌മോർട്ടങ്ങളും അദ്ദേഹത്തിന്റെ മരണം ഒരു നരഹത്യയാണെന്ന് തെളിയിച്ചു. ദുരന്തത്തിന്റെ അടുത്ത ദിവസം കുറ്റക്കാരായ നാല് പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കുകയും ഡെറക് ഷോവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

തുടർന്ന്! ജോർജ്ജ് ഫ്‌ളോയ്ഡിന്റെ മരണത്തിനും വംശീയ അനീതിക്കുമെതിരെ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ അമേരിക്കയിലും ലോകമെമ്പാടുമുള്ള നാനൂറിലധികം നഗരങ്ങളിലും അരങ്ങേറി. ‘കറുത്ത വർഗ്ഗക്കാരന്റെ ജീവനും പ്രാധാന്യമുണ്ട്’ എന്ന് അർത്ഥം വരുന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റർ, ‘എനിക്ക് ശ്വാസം മുട്ടുന്നു’ തുടങ്ങിയ ശബ്ദങ്ങളാൽ അന്തരീക്ഷം മുഖരിതമായി. അടിമത്തത്തിന്റെ കണ്ണുനീർ തുള്ളിയിൽ പണിതുയർത്തിയ സ്ഥാപനങ്ങളും പ്രതിമകളും വെണ്ണീറായി മാറുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. എന്നാൽ പ്രതിഷേധക്കാരോടൊപ്പം കടന്നുകൂടിയ സാമൂഹിക വിരുദ്ധർ വ്യാപകമായി കൊള്ളയും കൊള്ളിവയ്പുകളും നടത്തിയപ്പോൾ സഹന സമരങ്ങളിലൂടെ ഒരു കാലത്ത് സ്വായത്തമാക്കിയ സ്വാതന്ത്ര്യത്തെ അപഹാസ്യമാക്കുന്ന ഘട്ടം വരെ കാര്യങ്ങൾ എത്തിച്ചേർന്നു. അമേരിക്കൻ പട്ടാളം തെരുവിലേക്കിറങ്ങുന്ന സാഹചര്യം സംജാതമായി. പോലീസ് മേധാവികൾ പ്രതിഷേധക്കാരോട് പരസ്യമായി മാപ്പ് ചോദിക്കുകയും അവരെ ആശ്ലേഷിക്കുകയും ചെയ്തു.

ഏതായാലും ജോർജ്ജ് ഫ്‌ളോയ്ഡ് സംഭവം അമേരിക്കയിൽ പല പൊളിച്ചെഴുത്തിനും വേദിയാകുകയാണ്. പോലീസ് നിയമങ്ങളിലുള്ള പരിഷ്‌കാരങ്ങൾ, അടിമ സമ്പ്രദായത്തിന് പ്രാധാന്യം നൽകിയ കോളനി വാഴ്ചക്കാലത്തെ പട്ടാള മേധാവികളുടെ പ്രതിമകൾ നീക്കം ചെയ്യുക, തൊഴിൽ മേഖലകളിൽ ഇന്ന് നിലനിൽക്കുന്ന പരോക്ഷമായ വർണ്ണ വിവേചനപരമായ തീരുമാനങ്ങളിൽ മാറ്റം വരുത്തുക തുടങ്ങി പല മേഖലകളിലും മാറ്റം പ്രകടമാണ്. പ്രത്യേകാൽ ചില ക്രിസ്തീയ സഭകൾ കറുത്ത വർഗ്ഗക്കാരായ ബിഷപ്പുമാരെയും പാസ്റ്റർമാരെയും ഉന്നതസ്ഥാനങ്ങളിൽ അടിയന്തിരമായി അവരോധിക്കുക പോലുമുണ്ടായി.

2020 ഫെബ്രുവരി 23 ന് തന്റെ വീടിനടുത്ത് ജോഗിംഗ് നടത്തുന്ന ഇരുപത്തിയഞ്ച് വയസുള്ള ആഫ്രിക്കൻ അമേരിക്കൻ വംശജനായ അഹമദ് അർബെറി കൊല്ലപ്പെട്ടതാണ് സമീപകാലത്ത് വാർത്താ പ്രാധാന്യം നേടിയ മറ്റൊരു കറുത്ത വർഗ്ഗക്കാരന്റെ മരണം. ജോർജിയയിലെ ബ്രൺസ്‌വിക്കിനടുത്തുള്ള സാറ്റില്ല ഷോർസ് എന്ന കമ്മ്യൂണിറ്റിയിൽ വച്ച് പിക്കപ്പ് ട്രക്കിൽ എത്തിയ ആയുധധാരികളായ രണ്ടു വെള്ളക്കാരുടെ കയ്യാലാണ് അർബെറി വെടിയേറ്റ് മരിച്ചത്. വംശീയ വിദ്വേഷ ആരോപണങ്ങൾ ഈ ദുരന്തത്തിന്റെ തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. വെടിവയ്പ് കഴിഞ്ഞ് രണ്ട് മാസത്തിലേറെയായിട്ടും ആക്രമണത്തിന്റെ വീഡിയോ പരസ്യമാക്കുന്നതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ കുറ്റാരോപണം നടത്തുകയോ ചെയ്തിരുന്നില്ല. എന്നാൽ ഈ സ്ഥാനത്ത് ഒരു വെള്ളക്കാരൻ ഇരയായിരുന്നെങ്കിൽ ഇതേ കാലതാമസം ഉണ്ടാകുമായിരുന്നോ എന്ന് പലരും അന്ന് ചോദിച്ചു. വർണ്ണ വിവേചനം മൂലം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ട്രിവോൺ മാർട്ടിൻ, ആൾട്ടൺ സ്‌റ്റെർലിംഗ്, മൈക്കൽ ബ്രൗൺ, ഫിലാൻഡോ കാസ്‌റ്റൈൽ, വാൾട്ടർ സ്‌കോട്ട് എന്നിവരുടെ മരണങ്ങളും ചാൾസ്റ്റൺ ചർച്ച് ഷൂട്ടിംഗും അമേരിക്കയിൽ കാലങ്ങളായി നടമാടുന്ന വർണ്ണവെറിയുടെ ആഴം വെളിവാക്കുന്നു.

ആഫ്രിക്കക്കാരുടെ വംശീയതയുമായി ബന്ധപ്പെട്ട ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആഫ്രിക്കൻ അടിമകളുടെ ആദ്യ സംഘം നാല് പുരുഷന്മാരും സ്ത്രീകളും 1619ൽ വിർജീനിയയിലെ ജെയിംസ്‌ടൌൺ എന്ന ആദ്യത്തെ അമേരിക്കൻ തുറമുഖത്തിലെത്തി. ‘അമേരിക്ക’ എന്ന പുതിയ ഭൂമിയിൽ അടിമ വ്യവസ്ഥിതിയുടെ തുടക്കം അവിടം മുതലാണ് ആരംഭിക്കുന്നത്. ഒരിക്കൽ ബാർബഡോസിലുള്ള ആംഗ്ലിക്കൻ സഭയിലെ ശുശ്രൂഷകൻ പരസ്യമായി പ്രസ്താവിച്ചത് ഇങ്ങനെയാണ്, ‘ആഫ്രിക്കക്കാരായ അടിമകൾ മൃഗങ്ങളെപ്പോലെയാണെന്നും മൃഗങ്ങളേക്കാൾ കൂടുതലായി അവർക്ക് ആത്മാവില്ലാത്തവരാണെന്നും.’ എന്ന്!. ഇത് തന്നെയായിരുന്നു ആഫ്രിക്കക്കാരായ അടിമകളെക്കുറിച്ച് ബഹു ഭൂരിപക്ഷം വെള്ളക്കാരുടെയും ചിന്താഗതി. അങ്ങനെയാണ് ഒരു മൃഗത്തെ സ്വന്തമാക്കുന്നതുപോലെ അടിമയുടെ സ്വകാര്യ ഉടമസ്ഥാവകാശം അവരെ വാങ്ങുന്നവർക്ക് സ്വന്തമായിത്തീർന്നത്. അടിമകൾ മനുഷ്യവംശത്തിൽപെടാത്തവർ ആയതുകൊണ്ട് ഒരിക്കലും സ്വാതന്ത്ര്യം ആഗ്രഹിക്കാൻ പോലും പാടില്ലെന്നും അടിമകളുടെ ഉടമകൾ അവരെ വിശ്വസിപ്പിച്ചു.

കൃഷി സ്ഥലങ്ങളിൽ കൂടുതൽ കാലം കഠിനാധ്വാനം ചെയ്യാൻ ആഫ്രിക്കക്കാരെ ഉപയോഗിക്കാനാകും. അമേരിക്കൻ ഭൂഖണ്ഡം ആഫ്രിക്കയിൽ നിന്ന് വളരെ ദൂരെയായതിനാൽ അവർക്ക് എളുപ്പത്തിൽ രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങാനും സാദ്ധ്യമല്ല. കൂടാതെ, ആഫ്രിക്കൻ അടിമകൾ വിവിധ രാജ്യങ്ങളിൽ നിന്നും സംസ്‌കാരങ്ങളിൽ നിന്നും വന്നവരാണ്, അതിനാൽ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാനോ പരസ്പരം ആശയവിനിമയം നടത്താനോ അവർക്ക് കഴിഞ്ഞിരുന്നില്ല.1860ലെ സെൻസസിലെ കണക്കനുസരിച്ച് അമേരിക്കയിൽ കൃത്യമായി 39,50,540 അടിമകൾ ഉണ്ടായിരുന്നു. 1862 വരെ അമേരിക്കയിൽ അടിമത്തം നിയമപരമായിരുന്നു. അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന എബ്രഹാം ലിങ്കന്റെ കാലത്താണ് അടിമ നിരോധന നിയമം പ്രാബല്യത്തിൽ വന്നത്. എന്നാൽ 1965ൽ മാത്രമാണ് കറുത്ത വർഗ്ഗക്കാരുടെ വോട്ടവകാശത്തിനുള്ള വിലക്കുകൾ നീങ്ങുന്നത്. ബാപ്ടിസ്റ്റ് സഭയിലെ പാസ്റ്ററും നോബൽ സമ്മാന ജേതാവുമായ മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിനെപ്പോലെയുള്ളവരുടെ നേതൃത്വത്തിലുള്ള സഹന സമരങ്ങളാണ് ആഫ്രിക്കൻ അമേരിക്കൻ വംശജരുടെ അവകാശങ്ങൾ ഏറെക്കുറെ ഉറപ്പുവരുത്തിയത്. ഏഷ്യൻ വംശജരോടുള്ള വെള്ളക്കാരുടെ വർണ്ണ വിവേചനങ്ങൾക്ക് ഉദാഹരണമായി അനവധി സംഭവങ്ങൾക്ക് ചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്. 1882ലെ ചൈനീസ് ഒഴിവാക്കൽ നിയമവും (The 1882 Chinese Exclusion Act) 1924ലെ ഏഷ്യൻ ഒഴിവാക്കൽ നിയമവും (The 1924 Asian Ex-clusion Act) ഏഷ്യൻ കുടിയേറ്റത്തെ വിലക്കുകയും ഏഷ്യക്കാരെ പൗരത്വത്തിന് യോഗ്യരല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ ഇന്നും അമേരിക്കയിൽ വംശീയത നിലനിൽക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക. ഒരു കറുത്ത വർഗ്ഗക്കാരന്റെ ജോലി അപേക്ഷയെക്കാൾ അമ്പത് ശതമാനം പരിഗണന വെളുത്ത വർഗ്ഗക്കാരന് ലഭിക്കുന്നുണ്ട്. ഒരു കറുത്ത വർഗ്ഗക്കാരനെ ട്രാഫിക് സ്‌റ്റോപ്പിൽ ഏതെങ്കിലും സംശയത്തിന്റെ പേരിൽ തിരയാനുള്ള സാദ്ധ്യത വെള്ളക്കാരനെക്കാൻ മൂന്നിരട്ടിയാണെങ്കിൽ, ജയിലിൽ പോകാനുള്ള സാധ്യത വെള്ളക്കാരനേക്കാൾ ആറ് മടങ്ങ് കൂടുതലാണ്. ഒരു കറുത്ത വർഗ്ഗക്കാരൻ ഒരു വെള്ളക്കാരനെ കൊന്നാൽ, ഒരു കറുത്ത വർഗ്ഗക്കാരനെ കൊല്ലുന്ന ഒരു വെളുത്ത വർഗ്ഗക്കാരനെക്കാൾ അയാൾക്ക് അല്ലെങ്കിൽ അവൾക്ക് വധശിക്ഷ ലഭിക്കാൻ ഇരട്ടി സാധ്യതയുണ്ട്. ഒരേ തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് വെളുത്തവരെ അപേക്ഷിച്ച് കറുത്തവർഗ്ഗക്കാർ 20 ശതമാനം വരെ കൂടുതൽ തടവ് അനുഭവിക്കുന്നു. സമാനമായ കുറ്റങ്ങൾക്ക് വെളുത്തവരെ അപേക്ഷിച്ച് കറുത്തവർക്ക് വധശിക്ഷ ലഭിക്കാനുള്ള സാധ്യത 38 ശതമാനം കൂടുതലാണ്.

അമേരിക്കയിലെ സഭകളിലും വംശീയത നിലനിൽക്കുന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്. ചില സർവ്വേകൾ തെളിയിക്കുന്നതും ആ സത്യം തന്നെയാണ്. 32 ശതമാനം വൈറ്റ് പാസ്റ്റർമാർ മാത്രമാണ് തങ്ങളുടെ സഭ പ്രാദേശികതലത്തിൽ വംശീയ വ്യത്യാസമില്ലാതെ എല്ലാവരുമായി സഹകരിക്കുന്നു എന്ന് സമ്മതിക്കുന്നത്. ആഫ്രിക്കൻ അമേരിക്കൻ പാസ്റ്റർമാരിൽ അമ്പത്തിമൂന്ന് ശതമാനം പേർ ഈ പ്രസ്താവനയോട് ശക്തമായി യോജിക്കുന്നുണ്ട്. 56 ശതമാനം ഇവാഞ്ചലിക്കൽ സഭകളിലെ വിശ്വാസികളും വിശ്വസിക്കുന്നത് നിറമുള്ള ആളുകൾ അവരുടെ വംശം കാരണം പലപ്പോഴും ഒരു സാമൂഹിക പോരായ്മയുള്ളവരാണെന്നാണ്. എൺപത്തിനാല് ശതമാനം കറുത്ത വർഗ്ഗക്കാരും ഈ പ്രസ്താവനയോട് യോജിക്കുന്നു. ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ജീവിച്ചിരുന്നപ്പോൾ പറഞ്ഞ മനോഹരമായ പ്രസ്താവനയിങ്ങനെയാണ് ‘ഞായറാഴ്ച രാവിലത്തെ ആരാധനയുടെ സമയത്താണ് ഇപ്പോഴും അമേരിക്കയിലെ ഏറ്റവും വലിയ വംശീയ വേർതിരിവ് കാണാൻ കഴിയുന്ന മണിക്കൂറുകൾ ‘എന്ന്.

വെള്ളക്കാരെ എന്തിനു കുറ്റം പറയുന്നു? നമ്മൾ മലയാളികളെപ്പോലെ ഇത്രയധികം വംശീയമായ വേർതിരിവ് കാണിക്കുന്ന ഒരു വിഭാഗം മറ്റാരുമില്ല എന്ന് അനുഭവത്തിലൂടെ പറയേണ്ടിവരും. ഒരു വെള്ളക്കാരനോ വെള്ളക്കാരിയോ നമ്മുടെ അമേരിക്കയിലെ സഭയിൽ വന്നാൽ നമ്മൾ അവർക്ക് നൽകുന്ന പരിഗണനയും ഒരു ആഫ്രിക്കൻ വംശജനോ വംശജയോ വന്നാൽ അവരോടു കാണിക്കുന്ന അവഗണനയും എന്താണെന്ന്! എടുത്തു പറയേണ്ടതില്ലല്ലോ? നിയമം മാറ്റി എഴുതിയതുകൊണ്ടോ പുറമേ നന്നായി അഭിനയിച്ചു കാണിച്ചാലോ ഒന്നും മാറ്റാവുന്ന ഒന്നല്ല വംശീയമായ നമ്മുടെ കാഴ്ചപ്പാട്. അതിന് സൌത്ത് ആഫ്രിക്കയുടെ മുൻ പ്രസിഡൻറ് നെൽസൻ മണ്ടേലയുടെ വാക്കുകൾ ഉത്തരം നൽകും. ‘ഒരു വ്യക്തി ജനിക്കുമ്പോൾ മറ്റൊരാളെ അവരുടെ തൊലിയുടെ നിറം കൊണ്ടോ, വംശീയ പശ്ചാത്തലം കൊണ്ടോ, മതത്തിന്റെ പേരിലോ ആരും വെറുക്കുന്നില്ല. എന്നാൽ ആ വ്യക്തിയെ വെറുക്കുവാൻ പഠിപ്പിക്കുകയാണ്. ഒരു വ്യക്തിയെ വെറുക്കുവാൻ പഠിപ്പിക്കുവാൻ കഴിയുമെങ്കിൽ തീർച്ചയായും ആ വ്യക്തിയെ മറ്റുള്ളവരെ സ്‌നേഹിക്കാനും പഠിപ്പിക്കുവാൻ കഴിയും’.