തിരുവല്ല ഐപിസി പ്രയർ സെന്റർ സഭയിൽ നടന്ന ആരാധനയുടെ ദൃശ്യം. ആയിരത്തിലേറെ അംഗങ്ങളുള്ള സഭയിൽ സാമൂഹ്യ അകലം പാലിച്ചും ഗവർമെന്റിന്റെ കർശനമായ നിബന്ധനകൾക്ക് വിധേയമായും നടന്ന ആരാധനായോഗത്തിൽ നൂറിൽ താഴെ ആളുകളാണ് പങ്കെടുത്തത്. പാസ്റ്റർ രാജുപൂവക്കാല ആരാധനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ തോമസ് തടത്തിൽ, സാംകുട്ടി ചാക്കോ നിലമ്പൂർ എന്നിവർ വചനശുശ്രൂഷ നടത്തി.

റവ. സന്തോഷ് ഈശോ
ഉത്തരേന്ത്യൻ മിഷൻ ലീഡർ
ഡയറക്ടർ, സോൾ വിന്നേഴ്‌സ് ഇന്ത്യ

ലോകം മുഴുവൻ ഇങ്ങനെ നിശ്ചലമായി പോകുമെന്ന് ആരെങ്കിലും ഊഹിച്ചിരുന്നോ? സഭാഹാളുകൾ ശൂന്യമാകുമെന്ന്, സൗഹൃദക്കൂട്ടായ്മകൾ പോലും ഇല്ലാതാകുമെന്ന്….? നാം ദീർഘകാലമായി കരുതിയിരുന്നത് എല്ലാം നമ്മുടെ നിയന്ത്രണത്തിലാണെന്നാണ്. എല്ലാം നമ്മുടെ പ്ലാനിനനുസരിച്ചാണ് ചലിക്കുന്നതെന്നാണ്. പക്ഷേ ഈ വൈറസ് നമുക്ക് നൽകിയ ഏറ്റവും വലിയ തിരിച്ചറിവ് എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്നതാണ്. അവന്റെ സഹായമില്ലാതെ മനുഷ്യന്റെ ഒരു പദ്ധതിയും വിജയിക്കില്ലെന്നതാണ്. എന്റെ ഹൃദയത്തിൽ ദൈവം തോന്നിച്ച ചില ചിന്തകൾ.
1. ദൈവം സകലത്തെയും നിയന്ത്രിക്കുന്നു. അതിനാൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് നാം ആകുലപ്പെടേണ്ടതില്ല. നമ്മുടെ പല പദ്ധതികളും പ്ലാനുകളും ഈ പകർച്ചവ്യാധി മൂലം നടക്കാതെ പോയേക്കാം. ഒരു പക്ഷേ നിരവധി പേർക്ക് ജോലി നഷ്ടമാകും, സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. അപ്പോഴും ഓർക്കുക സകലത്തെയും നിയന്ത്രിക്കുന്ന ദൈവം ഒന്നല്ലെങ്കിൽ മറ്റൊരു മാർഗ്ഗത്തിലൂടെ കാര്യങ്ങൾ നേരെയാക്കും. അതിനാൽ ദൈവത്തിൽ ആശ്രയിക്കുക. അവൻ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് കാതോർക്കുക… നമ്മുടെ പ്ലാനുകളെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമുള്ള ദൈവത്തിന്റെ നിയോഗം എന്തെന്ന് തിരിച്ചറിയുക. നാമുമായി ബന്ധപ്പെട്ട എല്ലാവരെയും ഇതേ നിലയിൽ ദൈവഹിതം തിരിച്ചറിയാനും ദൈവത്തിൽ ആശ്രയിക്കാനുമായി പ്രോത്സാഹിപ്പിക്കുക.
2. നാം ഒറ്റയ്ക്കല്ല. ദൈവത്തിന്റെ ശരീരമാകുന്ന സഭയുടെ ഭാഗമാണ് നാം ഓരോരുത്തരും. അതിനാൽത്തന്നെ നമ്മുടെ സഹപ്രവർത്തകരുമായും സഹവിശ്വാസികളുമായും എല്ലാം നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുക. സോഷ്യൽ ഡിസ്റ്റൻസിംഗ് അനിവാര്യമാകയാൽ നേരിട്ടുള്ള കൂട്ടായ്മകൾ ഒരു പരിധി വരെ സാധ്യമല്ലെങ്കിലും വിർച്വൽ ഫെലോഷിപ്പുകളിലൂടെ ആ കുറവ് പരിഹരിക്കാവുന്നതാണ്. സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുക.
ക്രിസ്തീയശുശ്രൂഷയുടെ ഭാഗമായവർ പ്രത്യേകാൽ ഓർക്കുക. ക്രിസ്തുവിന്റെ മനോഭാവത്തോടെ നമ്മുടെ സഭാജനങ്ങളെ മുന്നോട്ട് നയിക്കേണ്ടവരാണ് നാം (ഫിലി. 2:5-8). എല്ലാവരേയും സ്‌നേഹിക്കുകയും മറ്റുള്ളവരെ അങ്ങനെ സ്‌നേഹിക്കാൻ പഠിപ്പിക്കുകയും ചെയ്യുക (തീത്തോ. 2:115). സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾക്ക് വില കൽപ്പിക്കുക. ദൈവമാണ് നമ്മെ നയിക്കുന്നതെന്നും അവൻ ഭരമേൽപ്പിച്ച ശുശ്രൂഷയുടെ ഭാഗമാണ് ഓരോരുത്തരുമെന്ന് ബോധ്യപ്പെടുത്തുക.
3. ദൈവവചനധ്യാനവും പ്രാർത്ഥനയുമാണ് ഒരു ക്രിസ്തീയകുടുംബത്തിന്റെ അടിത്തറ. പ്രാർത്ഥന വർദ്ധിപ്പിക്കാനായി കുറച്ചുകൂടെ നല്ല അവസരത്തിനായി കാത്തിരിക്കേണ്ടതില്ല. പ്രാർത്ഥനയ്ക്ക് കൂടുതൽ സമയം കണ്ടെത്തുവാനും ഉപവാസപ്രാർത്ഥന ജീവിതത്തിന്റെ ഭാഗമാക്കാനുമൊക്കെ വിശ്വാസികളെയും നമ്മുടെ തലമുറകളെയും പരിശീലിപ്പിക്കുക.
4. മറ്റുള്ളവരെ കരുതുക. ലോക്ഡൗൺ ആണ്, സുവിശേഷപ്രവർത്തനസാധ്യതകൾ ഇല്ല, ഒരു പരസ്യയോഗം പോലും സാധ്യമല്ല; എന്നൊക്കെ പറഞ്ഞ് സുവിശേഷവേലയ്ക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചവർ കാണും. സത്യത്തിൽ കണ്ണുതുറന്ന് നോക്കിയാൽ നമ്മുടെ ചുറ്റുവട്ടത്ത് അയൽപക്കങ്ങളിൽ കരുതലിന്റെ കരം നീട്ടേണ്ടുന്ന എത്രയോ ആളുകളെ കണ്ടെത്താം. ഈ മഹാമാരിയുടെ നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞും ചിന്തിച്ചും നിരാശപ്പെടാതെ. ഇത് നമുക്ക് സമൂഹത്തിലേക്ക് ഇറങ്ങാനുള്ള, അവരെ സഹായിക്കാനുള്ള അവസരമാക്കി മാറ്റണം. ഇപ്പോൾ നമ്മൾ കൈ തുറന്നാൽ, പിന്നീട് നാം വാ തുറന്ന് സുവിശേഷം പറയുമ്പോൾ കേൾക്കുന്നവർക്ക് നന്നായി മനസ്സിലാകും.
5. സോഷ്യൽ മീഡിയയുടെ കാലമാണിത്. എല്ലാവരും ഫോണിൽ എത്രയോ മണിക്കൂറുകൾ പ്രതിദിനം ചിലവാകുന്നു. വാർത്ത, വിജ്ഞാനം, വിനോദം, ഗോസിപ്പ്, കോമഡി, അപവാദം, സെക്‌സ്, ആത്മീയം എല്ലാ നമ്മുടെ വിരൽത്തുമ്പിലുണ്ട്. നാം എന്ത് ചിന്തിക്കുന്നു, എന്ത് കാണുന്നു, എന്ത് കേൾക്കുന്നു. ഓരോരുത്തരും ബോധപൂർവ്വം സ്വയം നിരീക്ഷിക്കുക. നമ്മൾ എന്താണെന്ന് നമുക്ക് തന്നെ ബോധ്യമാകും. ഓരോ വിശ്വാസിയും പ്രാർത്ഥനാപൂർവ്വം സോഷ്യൽ മീഡിയായെ സമീപിക്കുക. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിനും നിർദ്ദേശങ്ങൾക്കും വിധേയപ്പെടുക. വചനത്തിന്റെ ഉപദേശങ്ങൾക്ക് അനുസരിച്ചു മാത്രം വിർച്വൽ മീഡിയയിൽ പ്രവേശിക്കുക.
മഹാമാരിയുടെ ഈ കാലഘട്ടത്തെ വിവേകത്തോടും, പ്രാർത്ഥനയോടും കൂടെ നമുക്ക് അതിജീവിക്കാം. ദൈവം സഹായിക്കും.

ഈ കുറിപ്പ് എഴുതുമ്പോഴേക്കും ഏതാണ്ട് നാലു ലക്ഷം ആളുകൾ കോവിഡ് – 19 എന്ന മഹാവ്യാധി നിമിത്തം മരണമടഞ്ഞിരിക്കുന്നു. ഓഷ്യാനയിലെ (ഓസ്‌ട്രേലിയൻ ഭൂഖണ്ഡം) ചില ദ്വീപ് രാജ്യങ്ങളൊഴികെ ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളും കോവിഡ് ഭീതിയിലാണ്. രണ്ടായിരത്തി പത്തൊൻപത് നവംബർ മധ്യത്തോടെയാണ് പുതിയ കൊറോണ വൈറസ് ചൈനയിൽ പൊട്ടി പുറപ്പെട്ടത് എന്നാണ് അനൗദ്യോഗിക നിഗമനം. ഔദ്യോഗികമായി അത് ഡിസംബർ 31 ആണ്. ജൈവായുധ പ്രയോഗത്തെയും, ഇല്യൂമിനിറ്റി പോലെയുള്ള രഹസ്യസംഘങ്ങളെയും, മറ്റും ആളുകൾ സംശയിക്കുന്നുണ്ടെങ്കിലും, നിപ്പ പോലെ തന്നെ വവ്വാലുകളിൽ നിന്നോ, സമാനമായ ജന്തുക്കളിൽ നിന്നോ പടർന്നതായിരിക്കണം ജനിതകമാറ്റം (mutation) സംഭവിച്ച ഈ വൈറസ് എന്നാണ് വിശ്വസനീയമായ പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ടാണ് എല്ലാത്തരം ജന്തുക്കളെയും വിൽക്കുന്ന വുഹാനിലെ ഇറച്ചിച്ചന്ത ഈ വൈറസിന്റെ ഉത്ഭവകേന്ദ്രമായി പലരും കരുതുന്നത്. കോവിഡ് വൈറസ് കേരളത്തിലെ ആരാധനാ സമ്പ്രദായത്തെയും, മതവിശ്വാസങ്ങളെയും പാടെ മാറ്റിയെഴുതും എന്നാണ് പലരും പ്രവചിക്കുന്നത്. മെഗാ ചർച്ചുകളുടെ പ്രസക്തി നഷ്ടപ്പെടും, ആൾദൈവങ്ങൾ അപ്രത്യക്ഷരാകും എന്നൊക്കെ ആളുകൾ പ്രതീക്ഷിക്കുന്നു. കോവിഡ് ഭീതി മുന്നിൽക്കണ്ട് കുറച്ചധികം നാളുകളിലേക്ക് ചെറിയ ചെറിയ കൂട്ടങ്ങളായി ആരാധിക്കുവാൻ മാത്രമേ സർക്കാർ അനുമതി നൽകുകയുള്ളൂ എന്ന് പലരും കരുതുന്നു. അങ്ങനെ വന്നാൽ അത് കേരളത്തിലെ ക്രിസ്തീയ ആരാധനകളെ എന്നെന്നേക്കുമായി പുനർനിർവചിക്കുന്നതായിരിക്കും എന്ന് പലരും പ്രതീക്ഷിക്കുന്നു. പക്ഷേ ഇതൊക്കെയും അല്പം അതിരു കടന്ന അനുമാനങ്ങൾ എന്നാണെന്റെ പക്ഷം. താൽക്കാലികമായ ചില തിരിച്ചടികൾ നേരിടേണ്ടി വന്നെങ്കിലും മതവിശ്വാസം അങ്ങനെയൊന്നും അപ്രസക്തമാകുകയില്ല. സാമൂഹ്യ മനഃശാസ്ത്രത്തെക്കുറിച്ച് അത്രമാത്രം അജ്ഞതയുള്ളവർ മാത്രമേ മറിച്ച് ചിന്തിക്കുകയുള്ളൂ. ആൾദൈവങ്ങളും ആരാധനാലയങ്ങളും വീണ്ടും സജീവമാകും. രോഗശാന്തി കൺവൻഷനുകളും തീർത്ഥാടനകേന്ദ്രങ്ങളും വൈകാതെ പഴയപടി തന്നെയാകും. പെന്തെക്കോസ്ത് ആത്മീയതയിലും ഇതൊക്കെ തന്നെയാവും സംഭവിക്കുക. ആരാധനാലയങ്ങളും, കൺവൻഷനുകളും, ഉപവാസപ്രാർത്ഥനകളും പൂർവസ്ഥിതിയിലാകും; ഒപ്പം സഭാരാഷ്ട്രീയവും, വോട്ടുപിടിത്തവും തമ്മിൽത്തല്ലും.
അങ്ങനെയെങ്കിൽ ലോകത്തെ പിടിച്ചു കുലുക്കിയ ഈ മഹാമാരി പെന്തെക്കോസ്തിൽ ഒരു മാറ്റവും വരുത്തുകയില്ലെന്നാണോ പറഞ്ഞു വരുന്നത്? മാറ്റങ്ങൾ എന്നു പറയുന്നതിനേക്കാൾ ചില വെല്ലുവിളികൾ നേരിടേണ്ടി വരും എന്നു പറയുന്നതാണുചിതം. അവ ഉണ്ടാകുന്നതാകട്ടെ, ദൈവശാസ്ത്രത്തിന്റെയും അസ്ഥിത്വപ്രശ്‌നങ്ങളുടെയും രൂപത്തിലായിരിക്കും.
ഒന്നാമതായി നാം വച്ചു പുലർത്തുന്ന ചില ലോക വീക്ഷണങ്ങളെ കോവിഡ് – 19 കണക്കിന് പരിഹസിക്കുന്നുണ്ട്. എന്തു കേട്ടാലും കൈയടിക്കുന്ന ചിലരുടെ വികലമായ ആത്മീയതയെ ഇക്കിളിപ്പെടുത്താൻ ഒരു പാസ്റ്റർ ”തീ അയച്ചിട്ടുണ്ട്” എന്നു പറഞ്ഞാൽ പോകുന്നതല്ല ഈ വൈറസ് എന്ന് നാം ഇതിനോടകം മനസ്സിലാക്കി. സത്യത്തിൽ അദ്ദേഹം മാത്രമല്ല, പെന്തെക്കോസ്തിലെ ഭൂരിപക്ഷം പ്രസംഗകരും സമാനരീതി പിന്തുടരുന്നവരാണ്. സൃഷ്ടിക്കപരിമേയമായ ദൈവിക പദ്ധതിക്കു മുൻപിൽ വിനയപ്പെടുന്നതിനു പകരുംപലരും ദൈവത്തെ അവരുടെ ആജ്ഞാനുവർത്തിയോ തെരുവിൽ കൺകെട്ട് കാണിക്കുന്ന മാജിക്ക്കാരനോ ആയി ചിത്രീകരിച്ച് സ്വയം പരിഹാസ്യരാവുന്നു. ഒപ്പം അവർ പ്രതിനിധീകരിക്കുന്ന സമൂഹത്തെയും പ്രതിരോധത്തിലാക്കുന്നു. ഈ പ്രസംഗകരൊക്കെ ”കർത്താവിന്റെ മനസ്സറിഞ്ഞവർ ആർ? അവന് മന്ത്രി ആയിരുന്നവർ ആർ?” (റോമ. 11:34) എന്ന വാക്യം ഇടയ്ക്കിടക്ക് ഓർക്കുന്നത് നല്ലതായിരിക്കും. അടുത്തിടെ ഒരാൾ പറയുന്നതു കേട്ടു, ”കൊറോണ വിഷയത്തിൽ തെറ്റിപ്പോയെങ്കിലും ട്രാൻസ് വിഷയത്തിൽ പറഞ്ഞത് ശരിയായില്ലേ? തീയേറ്ററുകൾ അടച്ചു പൂട്ടിയില്ലേ?” എനിക്കു തിരിച്ചു ചോദിക്കാൻ തോന്നിയത് ”പെന്തെക്കോസ്തുകാരെപ്പറ്റി സിനിമയെടുത്തതിന് ഒരു പാസ്റ്റർ ശപിച്ചതു കൊണ്ടാണ് തിയേറ്ററുകൾ അടച്ചു പൂട്ടിയതെങ്കിൽ, ആരാധനാലയങ്ങൾ അടച്ചു പൂട്ടിയത് എന്തുകൊണ്ടാണ്? സിനിമാക്കാർ ശപിച്ചതു കൊണ്ടാണോ ഇതാണ് സ്ഥിതി; കാര്യങ്ങളുടെ ഗൗരവം ഇതുവരെയും പിടികിട്ടിയിട്ടില്ല. ലോകരാജ്യങ്ങളെ ഒന്നാകെ ദുരിതത്തിലാഴ്ത്തിയ കോവിഡ് ബാധയ്ക്ക് ദൈവത്തിന്റെ അതിവിശാലമായ പ്രപഞ്ചപദ്ധതിയിൽ തീർച്ചയായും ഒരു സ്ഥാനം ഉണ്ട്. കാലവും നിത്യതയും അതു തെളിയിക്കും. ആ തിരുപദ്ധതികൾ ദൈവം തങ്ങളെ അറിയിച്ചിട്ടുണ്ട് എന്ന് വീമ്പിളക്കുന്നതിന് പകരം ശാസ്ത്രസാങ്കേതിക കൊണ്ട് മനുഷ്യർ പടുത്തുയർത്തുന്ന അഹങ്കാരത്തിന്റെ ബാബേൽ എത്ര ഉയരത്തിലേക്ക് എത്തിയാലും അത് ഇടിച്ചു കളയാൻ ദൈവത്തിന് ഒരു നിമിഷം വേണ്ട എന്ന് വിശ്വാസികളെ ഓർമ്മിപ്പിക്കുകയല്ലേ വേണ്ടത്? ദൈവത്തിൽ നീതികേടില്ലാത്തതിനാൽ തന്നെ ഈ മഹാവ്യാധിയിലും ദൈവത്തെ നിരുപാധികമായി ആശ്രയിക്കുകയാണ് നമുക്കഭികാമ്യം. കാരണം ”അവൻ മുറിവേല്പിക്കയും മുറികെട്ടുകയും ചെയ്യുന്നു” (ഇയ്യോ. 5:18).
യു.എൻ. ജനറൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടാസ് മാർച്ച് 23-ാം തീയതി പറഞ്ഞത് ‘കോവിഡ് ദുരന്തം യുദ്ധങ്ങളുടെ വിഡ്ഢിത്തത്തെ സൂചിപ്പിക്കുന്നു’ എന്നാണ്. യുദ്ധങ്ങളും രാഷ്ട്രീയപ്രക്ഷോഭങ്ങളും കോവിഡിനു മുമ്പിൽ മുട്ടുമടക്കി. ബാത്‌റൂമിൽ ടോയ്‌ലറ്റ് പേപ്പർ ഇല്ലാതിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാകാതിരുന്ന അമേരിക്കക്കാർ കുറച്ചു നാളത്തേക്കെങ്കിലും കിഴക്കൻ നാടുകളിലേ പരമ്പരാഗതരീതി മടികൂടാതെ പിൻതുടർന്നു. അതിർത്തി സംഘർഷങ്ങൾ മാത്രമല്ല അപ്രത്യക്ഷമായത് സിനിമാകാണലും, മാളിലെ കറക്കവും, പുറത്തുനിന്നുള്ള ഭക്ഷണവുമൊക്കെയാണ്. ഇതൊക്കെയും സൂചിപ്പിക്കുന്നത് മനുഷ്യരുടെ ഏറ്റവും കുറഞ്ഞ (bare minimum) ആവശ്യങ്ങളിൽ മേൽപ്പറഞ്ഞവയൊന്നും ഉൾപ്പെടുന്നില്ലെന്നുള്ളതാണ്. അറിഞ്ഞോ അറിയാതെയോ ദൈവാരാധനയും ഇക്കൂട്ടത്തിലായിപ്പോയി എന്നതാണ് വിചിത്രം. ”നൂറ്റാണ്ടുകളുടെ ആചാരമാണ് മുടക്കാൻ പാടില്ല എന്ന വാശിയും ഒന്നിച്ച് കൂടി നിന്നുള്ള പ്രാർത്ഥനയും അതിന്റെ ദൈവശാസ്ത്രവും ഇപ്പോൾ പ്രശ്‌നമല്ലാതായി മാറി. ഉത്സവങ്ങൾ മാത്രമല്ല നിന്നുപോയത് കൺവൻഷനുകളും ഉപവാസപ്രാർത്ഥനകളും കൂടിയാണ്. ഓർക്കുക, ഇവിടെ അപ്രത്യക്ഷമാവുന്നത് ദൈവവിശ്വാസമല്ല, മറിച്ച് മതാനുഷ്ഠാനങ്ങളിലെ നിബന്ധനകളാണ്. ഇവയൊക്കെ സത്യത്തിൽ വലിയ അസ്തിത്വ പ്രതിസന്ധികളും കൂടിയാണ്. മുൻപ് ഒരു കാലത്തും ചിന്തിക്കാത്ത രീതിയിൽ ആരാധനയും വിശ്വാസവും വ്യക്തിപരമാണ് എന്ന് പെന്തെക്കോസ്തുകാരും ഇപ്പോൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ ചിന്താഗതിക്ക് ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാകും എന്നാണെന്റെ വിശ്വാസം. കൊറോണക്കാലത്തും തുടർന്നും ഇത്തരം ചിന്താഗതി പെന്തെക്കോസ്തുകാരുടെ ഇടയിൽ ശക്തിപ്പെട്ടുവെന്ന് വരാം. തെറ്റിദ്ധരിക്കരുത്, കൊറോണക്കാലം കഴിഞ്ഞാൽ സഭയിൽ ആളു കുറയുമെന്നോ രോഗശാന്തി മീറ്റിംഗുകൾ ഇല്ലാതാവുമെന്നോ അല്ല പറഞ്ഞു വരുന്നത്. മറിച്ച്, ഈ പ്രതിസന്ധികാലത്ത് ഉടലെടുത്ത ‘ആത്മീയത സ്വകാര്യമാണ്’ എന്ന ചിന്താഗതി ഭാവിയിൽ ശക്തിപ്പെടുമെന്നാണ്. ചുരുക്കത്തിൽ പെന്തെക്കോസ്ത് സഭകളും ആശയപരമായും ദൈവശാസ്ത്രപരമായും പിടിച്ചു കുലുക്കപ്പെടും.
ലോകജനതയിലെ 10% പേരെ കോവിഡ് രോഗം ബാധിക്കും എന്നാണ് ചില കണക്കുകൾ പറയുന്നത്. ഇത്രയും ഭീകരമായ രോഗങ്ങളും, ജലപ്രളയവും, മറ്റ് പ്രകൃതി ദുരന്തങ്ങളും എന്തു കൊണ്ട് നമ്മുടെ പ്രവാചകന്മാർക്കോ ഭാവികാല സംഭവപ്രസംഗകർക്കോ വെളിപ്പെടുന്നില്ലേ? അവരുടെ പ്രഭാഷണങ്ങളിലോ ചിന്തകളിലോ കടന്നുവരാത്ത ഇത്തരം സംഭവങ്ങൾ അടിക്കടി ഉണ്ടാകുംമ്പോഴും അവരിപ്പോഴും ചിപ്പും, 666-ഉം ആധാറും പ്രസംഗിച്ച് അഹോവൃത്തി കഴിക്കുന്നത് പരിതാപകരം തന്നെ. അവർ പ്രസംഗിക്കുന്നത് (ചിപ്പ്, 666) സംഭവിക്കുന്നില്ല; പക്ഷേ അവർ പറയാത്തത് (പ്രളയം, പ്രകൃതിദുരന്തങ്ങൾ, മാരകരോഗങ്ങൾ) തുടർമാനമായി സംഭവിക്കുന്നു. ഇതിനർത്ഥം നമ്മുടെ ഭാവികാല വ്യാഖ്യാനത്തിന് അടിസ്ഥാനപരമായ ചില പിശകുകൾ ഉണ്ടെന്നല്ലേ? രോഗങ്ങളും വ്യാധികളും ഉണ്ടാകുമെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടല്ലോ, അതുകൊണ്ടാണ് ഞങ്ങൾ പ്രവചിക്കാത്ത് എന്നു പറഞ്ഞ് ചിലരെങ്കിലും ഈ വാദത്തെ എതിർത്തേക്കാം. പക്ഷേ ചോദ്യം വളരെ ലളിതമാണ്. യൂറോപ്യൻ യൂണിയന്റെ ഉദയവും, സോവിയറ്റ് യൂണിയന്റെ പതനവും മുൻകൂട്ടി കണ്ടവർ (എന്റെ അറിവിൽ അതൊക്കെ മുൻകൂട്ടി പ്രവചിച്ചവർ ആരുമില്ല എന്നാൽ സംഭവിച്ചു കഴിഞ്ഞ് ഞങ്ങൾ ഇതൊക്കെ നേരത്തേ പ്രവചിച്ചതാണ് പറഞ്ഞതാണ് എന്നു പറഞ്ഞവരേ ഉള്ളൂ). എന്തുകൊണ്ട് ചരിത്രത്തിലെ ഈ സംഭവങ്ങൾ, പ്രത്യേകിച്ച് കോവിഡ് പോലെ ദൂരവ്യാപകമായ സാമൂഹിക, സാമ്പത്തിക പ്രഖ്യാതങ്ങൾ സൃഷിക്കുന്ന ഇത്തരം സംഭവങ്ങൾ പ്രവചിക്കുന്നില്ല?
കോവിഡ് കാലത്തെ സങ്കടക്കാഴ്ചകളിൽ ജോർജ് ഫ്‌ളോയിഡിന്റെ മുഖം എന്നുമുണ്ടാവും. വെള്ളക്കാരനായ പോലീസുകാരന്റെ ബൂട്ടിനും മുട്ടിനുമിടയിൽ കിടന്ന് ‘എനിക്ക് ശ്വാസം കിട്ടുന്നില്ല’ എന്നു പറഞ്ഞ ആ മുഖം. അതുപോലെയുള്ള മറ്റൊരു നൊമ്പരക്കാഴ്ചയാണ് രാജ്യ തലസ്ഥാനത്തു നിന്നുള്ള ആയിരങ്ങളുടെ പലായനം. ഡൽഹിക്കാരുടെ വൃത്തികേടുകൾ ശുചിയാക്കിയവർ, അവരുടെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയവർ, അവർക്ക് ഭക്ഷണം ഉണ്ടാക്കുകയും സബ്ജി വിൽക്കുകയും ചെയ്തവർ എത്ര പെട്ടെന്നാണ് തങ്ങൾ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞത്. ലോകത്തിലെ ശക്തരായ നേതാക്കളിൽ ഒരാളാണ് എന്ന് അണികൾ വീമ്പടിക്കുന്ന, ലക്ഷങ്ങളുടെ കോട്ട് ഇടുന്ന പ്രധാനമന്ത്രിയോ, കോടികൾ വാരിയെറിഞ്ഞ് ഒറ്റരാത്രി കൊണ്ട് ഭരണകൂടങ്ങളെ മാറ്റി മറിക്കാൻ കഴിവുള്ള ആഭ്യന്തരമന്ത്രിയോ, ഒറ്റയ്ക്ക് നിന്നാൽ ലോകത്തിലെ വലിയ രാജ്യങ്ങളിൽ ഒന്നാകുമായിരുന്ന ഉത്തർപ്രദേശിന്റെ യോഗി-ഇദ്ദേഹം 2500 കോടി മുടക്കി ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നിർമ്മിക്കുവാൻ തുനിയുകയാണ്-ഇവരാരും ഈ പാവങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നതാണ് ഏറ്റവും സങ്കടകരം. ഡൽഹി ഭരിക്കുന്ന ‘സാധാരണക്കാരന്റെ’ നേതാവും കൈമലർത്തി. ഒരു പക്ഷേ ഈ പാവങ്ങൾ സാധാരണക്കാരിലും താഴെ ആയിരിക്കണം (കേരളത്തിലെ സർക്കാർ ഇങ്ങനെയുള്ള തൊഴിലാളികളോട് പെരുമാറിയത് എങ്ങനെയെന്ന് ഒരു കൗതുകത്തിന് ഓർത്തു പോകുന്നു). ഡൽഹിയിൽ നിന്നുള്ള സാധാരണക്കാരുടെ പലായനം കാണിക്കുന്നത് ദുരിതക്കടലിന്റെ നടുവിൽ സർക്കാരും നേതൃത്വവും പാവപ്പെട്ടവനെ ഒറ്റക്കുവിടും എന്നതാണ്. ഇതുപോലെ ഒറ്റയ്ക്കായിപ്പോയ മറ്റൊരു കൂട്ടവും ഇവിടെയുണ്ട്, അത് പാവപ്പെട്ട പാസ്റ്റർമാരാണ്. ആഴ്ചകളായി ആരാധന മുടങ്ങുന്നത് ഞായറാഴ്ചത്തെ സ്‌തോത്രക്കാഴ്ച കൊണ്ട് ഉപജീവിക്കുന്ന അനവധി പാസ്റ്റർ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പക്ഷേ വീണത് വിദ്യയാക്കിയവരാണ് പലരും. ഇവിടെയാണ് ‘ട്രാൻസ്’ പോലെയുള്ള സിനിമകൾ വിമർശിക്കുന്ന സമ്പന്നമായ ആത്മീയനേതൃത്വം മാത്രമല്ല, ബഹുഭൂരിപക്ഷവും സാമ്പത്തികമായ അരക്ഷിതത്വത്തിലാണ് എന്ന് നാം മനസ്സിലാക്കേണ്ടത്.
ഈ സാമ്പത്തിക അരക്ഷിതാവസ്ഥ ലോകരാജ്യങ്ങളെയും ശക്തരായ വാണിജ്യകമ്പനികളെയും എങ്ങനെ ബാധിക്കും എന്ന് കണ്ടറിയാം. നോബൽ സമ്മാനജേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ പോൾ ക്രൂഗ്മാൻ യു.എസിൽ നിരാശ കലർന്ന മാന്ദ്യം ഉടൻ ഉണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. നമ്മുടെ പ്രവാചകന്മാരെപ്പോലെയല്ല; ഇദ്ദേഹം പറഞ്ഞാൽ അങ്ങനെ തന്നെ സംഭവിക്കും; 2008-ലെ ലോകസാമ്പത്തികമാന്ദ്യം പ്രവചിച്ച വ്യക്തിയാണിദ്ദേഹം. ഈ പ്രതിസന്ധികളൊക്കെയും കേരളത്തിലെ സഭകൾ എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം. പാസ്റ്റർമാർ മാത്രമല്ല, ബൈബിൾ കോളേജുകൾ, മിഷൻ സംഘടനകൾ, കൺവൻഷൻ പ്രസംഗകർ, സംഗീതട്രൂപ്പുകൾ ഒക്കെ പ്രതിസന്ധിയിലാണ്. ഇവ കേവലം സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, അസ്ഥിത്വ പ്രതിസന്ധിയും കൂടിയാണ്. പുതിയ വിശ്വാസികളുടെയും, ഓരോ ഞായറാഴ്ചയും ഒരു തരത്തിൽ ഉന്തിതള്ളി ആരാധനയ്ക്ക് എത്തുന്ന ചില വിശ്വാസികളുടെയും ഭാവി എന്താകുമെന്ന് പാസ്റ്റർമാർ ഇപ്പോൾത്തന്നെ വ്യാകുലപ്പെട്ടു തുടങ്ങി. ചുരുക്കത്തിൽ നിയന്ത്രണങ്ങൾ ഉടനെ മാറിയാലും കോവിഡ് ഉയർത്തിയ അസ്തിത്വദൈവശാസ്ത്ര പ്രശ്‌നങ്ങൾ നിലനിൽക്കുമെന്ന് സാരം. ആത്മീയനേതൃത്വം ചെയ്യേണ്ടത് ഈ ചോദ്യങ്ങളെ ധൈര്യപൂർവം അഭിമുഖീകരിക്കുക എന്നുള്ളതാണ്. മുൻപിലിരിക്കുന്ന ശ്രോതാക്കളുടെ മനസ്സിലുള്ള ചോദ്യങ്ങൾ മുന്നിൽക്കണ്ട് പ്രസംഗിക്കാനും ആശയരൂപീകരണം നടത്തുവാനും സാധിക്കണം. പഴയ തീയും, അനുഗ്രഹവും, വിടതലും പറഞ്ഞ് ഈ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നത് അഭികാമ്യമല്ല എന്നു മാത്രമല്ല, അപകടകരവുമാണ്. കോവിഡ് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്; നാം നവീകരിക്കപ്പെട്ടേ മതിയാകയുള്ളൂ.

രണ്ടാം ഭാഗം
ഏറെക്കാലം ആഗോള സുവിശേഷീകരണത്തിനു ചുക്കാൻ പിടിച്ച പടിഞ്ഞാറൻ യൂറോപ്പ്, പ്രത്യേകിച്ച് യു.കെ, ഇന്ന് ക്രിസ്ത്യാനിറ്റിയുടെ ആളൊഴിഞ്ഞ ശവപ്പറമ്പാണ്. ഉപേക്ഷിക്കപ്പെട്ട കത്തീഡ്രലുകളും, മോസ്‌ക്കും, ഹൈന്ദവ ക്ഷേത്രമോ മദ്യശാലകളോ ആയി മാറ്റപ്പെട്ട ക്രൈസ്തവ സഭാ മന്ദിരങ്ങളും ക്രിസ്ത്യാനിറ്റിയെ കൊഞ്ഞനം കുത്തുന്നത് ഒരു ഭക്തന്റെ ദൃഷ്ടിയിൽ അസഹനീയമാണ്.
src=”https://hvartha.com/demo-1/wp-content/uploads/2019/06/polichu-copy-225×300.jpg” alt=”” width=”225″ height=”300″ class=”alignleft size-medium wp-image-360″ />
എന്താണ് ഇതിനു കാരണം എന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതാണ്. വെള്ളക്കാരുടെ ഹൃദയങ്ങളിലൂടെ ഒരന്വേഷണ യാത്ര നടത്തിയാൽ രണ്ട് ലോകമഹായുദ്ധങ്ങളും മൂന്ന് എഴുത്തുകാരും ഇതിനു കാരണമായി എന്ന് അവര് പറയുന്നത് കേൾക്കാം.
ഇന്റർപ്രറ്റേഷൻസ് ഓഫ് ഡ്രീംസ് എന്ന പുസ്തകം എഴുതിയ സിഗ്മണ്ഡ് ഫ്രോയിഡും ദാസ് ക്യാപിറ്റൽ എഴുതിയ കാൾ മാക്‌സും ഒറിജിൻ ഓഫ് സ്പീഷീസ് എന്ന പുസ്തകം എഴുതിയ ചാൾസ് ഡാർവ്വിനും ആണ് ഈ മൂന്ന് എഴുത്തുകാർ. യൂറോപ്പിനെ മാത്രമല്ല ലോകത്തെ ആകമാനം ഇത്രയേറെ സ്വാധീനിച്ച വേറെ എഴുത്തുകാരില്ല.
വിശുദ്ധവേദപുസ്തകം വിഭാവന, ചെയ്യുന്ന കുടുംബബന്ധങ്ങളുടെ സുസ്ഥിരതയെ വഴിതെറ്റിക്കുന്ന മനഃശാസ്ത്ര പഠനങ്ങൾ കൊണ്ട് തകർത്തു കളയാൻ കഴിഞ്ഞതാണ് ഫ്രോയിഡിന്റെ നേട്ടം.

തിരുവചനം വരച്ചു കാണിക്കുന്ന സ്വർഗ്ഗരാജ്യം വെറും സങ്കൽപ്പമാണെന്നും അതു നടപ്പാക്കാൻ ദൈവത്തെ കൂടാതെ നമുക്ക് ഈ ഭൂമിയിൽ തന്നെ കഴിയും എന്ന സിദ്ധാന്തമാണ് മാർക്‌സ് ക്രിസ്ത്യാനിത്വത്തിനെതിരായി സൈദ്ധാന്തിക വെല്ലുവിളിയായി ഉയർത്തിയത്.
വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന സൃഷ്ടിയെപ്പറ്റിയുള്ള വിവരണം തെറ്റാണെന്ന് പറഞ്ഞു കൊണ്ട് തിരുവചന സത്യങ്ങളെ തിരുത്തി എഴുതാൻ ശാസ്ത്രത്തെ ദുരുപയോഗപ്പെടുത്താൻ കഴിഞ്ഞതാണ് ഡാർവ്വിന്റെയും തന്റെ പരിണാമ സിദ്ധാന്തത്തിന്റെയും വിജയം.
ഈ മൂന്നു വെല്ലുവിളികളുടെ മുൻപിൽ പാശ്ചാത്യ വേദശാസ്ത്രം അടിപതറി. അതിന് ആക്കം കൂട്ടിയതാണ് രണ്ട് ലോക മഹായുദ്ധങ്ങൾ. ഒരാളെങ്കിലും കുറഞ്ഞത് യുദ്ധത്തിൽ മരിച്ചിട്ടില്ലാത്ത ഒരു കുടുംബം പോലും യൂറോപ്പ്യൻ ഭൂഖണ്ഡത്തിലില്ല എന്ന സ്ഥിതിയുണ്ടായി.
ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയെയും അതിനെക്കാൾ കാടൻ ജീവിത രീതികളെ സംസ്‌കാരം ആണെന്ന് പറഞ്ഞു നടക്കുന്ന ഏഷ്യൻ രാജ്യങ്ങളെയും സുവിശേഷത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ജീവത്യാഗം ചെയ്ത എണ്ണമറ്റ മിഷനറി വീരന്മാർക്ക് ജീവനും ഉത്തേജനവും നൽകിയ പാശ്ചാത്യ നാടുകൾക്ക് എന്തുകൊണ്ട് ഈ ദുഃസ്ഥിതി വന്നു എന്നതിന് പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. ദൈവം ജീവിക്കുന്നു എങ്കിൽ ഞങ്ങൾക്ക് എന്തു കൊണ്ടിതു സംഭവിച്ചു? ഇതാണ് ഓരോ വെള്ളക്കാരന്റെയും ഹൃദയത്തിലെ ചോദ്യം.
മറുപടി ലഭിക്കാത്തതു കൊണ്ട് വെള്ളക്കാർ വ്യാപകമായി ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചു. അവർ വ്യാപകമായി ഇതര മതവിശ്വാസങ്ങളിലേക്കും പിന്നെ നിരീശ്വരവാദത്തിലേക്കും തിരിയുവാൻ തുടങ്ങി. ഒരു കാലത്ത് യൂറോപ്പിലെ മിഷനറി വീരന്മാർ ഏഷ്യൻ രാജ്യങ്ങളിൽ ചെന്ന് അവിടുത്തെ ആളുകളോട് സുവിശേഷം പറഞ്ഞ് അവരെ ക്രിസ്തുവിങ്കലേക്ക് തിരിച്ചു. എന്നാൽ ഇന്ന് ഏഷ്യക്കാർ യൂറോപ്പിലെത്തി വെള്ളക്കാരെ തങ്ങളുടെ മതങ്ങളിലേക്ക് വ്യാപകമായി പരിവർത്തനം ചെയ്തു കൊണ്ടിരിക്കുകയാണ്.

കാര്യങ്ങളിത്രയേറെ കൈവിട്ടു പോകാൻ മറ്റൊരു കാരണം കൂടിയുണ്ട്. അത് വേർപെട്ട വിശ്വാസികളിൽ ഉടലെടുത്ത ചില പുത്തൻ വേദശാസ്ത്ര ചിന്തകളാണ്. രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ അനുകൂലമല്ലാതെ വരുമ്പോഴും വേർപെട്ട ദൈവമക്കളെ ക്രിസ്തീയ വിശ്വാസത്തിൽ നിലനിർത്തിയത് അവർ വേദപുസ്തക പ്രവചനങ്ങളിൽ പ്രത്യാശ വച്ചതുകൊണ്ടാണ്.

കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയർത്തെഴുന്നേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേൽക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും. ഇങ്ങനെ നാം എപ്പോഴും കർത്താവിനോടു കൂടെ ഇരിക്കും (1തെസ്സ. 4:16, 17). ”നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹള നാദത്തിങ്കൽ പെട്ടെന്നു കണ്ണിമയ്ക്കുന്നതിനിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും. മരിച്ചവർ അക്ഷയരായി ഉയർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കണം”. (1കൊരി. 15:51, 52) തുടങ്ങിയ വേദഭാഗങ്ങളും തന്റെ മടങ്ങി വരവിനെപ്പറ്റി നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവ് തന്നെ  പറഞ്ഞിരിക്കുന്ന കാര്യങ്ങളും വായിച്ചപ്പോൾ ഭക്തൻമാർക്ക് ഇത്രയേ മനസ്സിലായുള്ളു:

1) യേശുക്രിസ്തുവിന്റെ മടങ്ങി വരവിനു രണ്ട് ആമുഖങ്ങളുണ്ട്- സഭയെ ചേർക്കുവാൻ കാഹളധ്വനിയുമായി വരുന്ന തന്റെ രഹസ്യവരവും ലോകത്തെ ഭരിക്കുവാൻ സഭയുമായി മേഘാരൂഢനായി വരുന്ന തന്റെ പരസ്യവരവും.
2) ഇതിനു രണ്ടിനുമിടയിൽ ഏഴുവർഷത്തെ ഇടവേളയുണ്ട് – അത് അധർമ്മമൂർത്തിയുടെ വാഴ്ചാകാലമാണ്.
3) അന്നു സഭ ഭൂമിയിലുണ്ടാകില്ല – സഭ കർത്താവിനോടു കൂടെ സ്വർഗ്ഗീയ മണിയറയിലായിരിക്കും.
ചുരുക്കി പറഞ്ഞാൽ മൃഗവും കള്ളപ്രവാചകനും എതിർ ക്രിസ്തുവും ഭൂമിയിൽ സംഹാരതാണ്ഡവം ആടുമ്പോൾ തങ്ങൾ ഈ ഭൂമിയിലുണ്ടായിരിക്കയില്ല എന്നുള്ള തിരിച്ചറിവ് വേർപെട്ട ദൈവമക്കളുടെ ഭാഗ്യകരമായ പ്രത്യാശയായി മാറി. ഈ പ്രത്യാശയുടെ തീരത്ത് അവർ സകലതും മറന്ന് പ്രിയന്റെ രഹസ്യവരവും പ്രതീക്ഷിച്ച് ശാന്തമായി കാത്തിരുന്നപ്പോഴാണ് പോസ്റ്റ് ട്രിബ്ബ് എന്ന ആശയവുമായി ഒരു പുതിയ കൂട്ടർ പ്രത്യക്ഷമായത്. അവര് വാദിച്ചു തെളിയിച്ചത് മഹോപദ്രവ കാലത്തിനു മുൻപ് യേശുക്രിസ്തുവിന്റെ രഹസ്യവരവ് എന്നൊന്നില്ല എന്നതാണ്. അപ്രതീക്ഷിതമായി ഏറ്റ ഇടിവെട്ടായിരുന്നു ഇത്.
ഏതു ദുരുപദേശത്തിനും ചില പ്രത്യേകതകളുണ്ട്. അതിന്റെ ഉപജ്ഞാതാക്കൾ അത് വ്യക്തമായി വാദിച്ചു തെളിയിക്കുന്നു എന്നുള്ളതാണ് അതിലെ ഒന്നാമത്തെ കാര്യം. കാരണം അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഒരിക്കൽ ജ്ഞാനാത്മ പൂർണ്ണനായിരുന്ന സാക്ഷാൽ സാത്താൻ തന്നെ എന്നുള്ളതാണ്. ദൈവവചനത്തെ പറ്റി വിശ്വാസികളുടെ മനസ്സിൽ ആശയകുഴപ്പം ഉണ്ടാക്കുക എന്നുള്ളതാണ് സാത്താന്റെ എന്നത്തെയും പണി.
ഉദാഹരണത്തിന് നന്മതിന്മകളെ പറ്റിയുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നുന്ന നാളിൽ നീ മരിക്കും എന്ന് ദൈവം ആദാമിനോട് പറഞ്ഞു. എന്നാൽ സാത്താൻ ഹവ്വായോട് ചോദിച്ചു ദൈവം വാസ്തവമായി അങ്ങനെ കല്പിച്ചിട്ടുണ്ടോ എന്ന്. ദൈവം വളരെ ലളിതമായി പറഞ്ഞ കാര്യം ആശയകുഴപ്പത്തിനു കാരണമാകുന്ന രീതിയിലുള്ള ഒരു ചോദ്യമാക്കി മാറ്റിയപ്പോൾ സാത്താന് ഹൗവ്വയെ ആശയ സംഘർഷത്തിലാക്കാൻ കഴിഞ്ഞു. ഇതേ രീതി തന്നെയാണ് യഹോവ സാക്ഷികൾ ഉൾപ്പെടെയുള്ള സകലരും പിൻഗമിക്കുന്നത്. പോസ്റ്റ് ട്രിബ്ബിന്റെ വഴിയും ഇതു തന്നെയാണ്.

കർത്താവിന്റെ രഹസ്യവരവും സഭയുടെ ഉത്പ്രാപണവും ഇല്ലെങ്കിൽ പിന്നെ ക്രിസ്തുവിൽ ആശ വയ്ക്കാൻ എന്താണ് ബാക്കി.  പോസ്റ്റ് ട്രിബ്ബ് പ്രചരിച്ചു. വിശ്വാസത്തിൽ ദുർബലരായ, വാദിക്കാനും തർക്കിക്കാനും അറിയില്ലാത്ത, ഗ്രീക്ക് വ്യാഖ്യാനങ്ങൾ വശമില്ലാത്ത സാധാരണ വിശ്വാസികൾ നിരാശയിലായി. അവർ കൂട്ടത്തോടെ ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചു. സഭകൾ ശൂന്യമായി. സാത്താൻ ജയിച്ചു

കഴിഞ്ഞ 21 വർഷങ്ങളായി യു.കെ.യിൽ താമസിച്ച്, ഈ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും സഞ്ചരിച്ച് ഒട്ടനവധി ആളുകളോട് സംസാരിച്ച് അവരിൽ നിന്ന് നേരിട്ട് മനസ്സിലാക്കിയ അറിവിന്റെ അടിസ്ഥാനത്തിലാണ് ഈ കാര്യം എഴുതുന്നത്. ഇന്ന് ഇതേ ആയുധവുമായി സാത്താൻ നമ്മുടെ നാട്ടിലും എത്തിയിരിക്കുകയാണ്. ഇത് പ്രചരിപ്പിക്കാൻ അവൻ ആയുധമാക്കിയിരിക്കുന്നത് ഒരിക്കൽ സത്യ സുവിശേഷം പ്രസംഗിച്ചു നടന്ന ആളുകളെയാണ് എന്നുള്ളതാണ് ഏറെ പരിതാപകരം. ദൈവസഭയേയും സുവിശേഷത്തേയും സ്‌നേഹിക്കുന്ന ആളുകൾക്ക് ഇത് കണ്ട് മിണ്ടാതിരിക്കാൻ കഴിയുകയില്ല.

പോസ്റ്റ് ട്രിബ്ബ് എന്ന വാദം അടിസ്ഥാനപരമായും തെറ്റാണ്. അത് എന്തുകൊണ്ട് തെറ്റാണ് എന്ന കാര്യം ഈ ലേഖന പരമ്പരയിൽ വിശദീകരിക്കുന്നുണ്ട്. എന്നാൽ വിശ്വാസഗോളത്തെ നശിപ്പിക്കുന്ന ഈ ദുഷ്പ്രവണതയെ നേരിടുമ്പോൾ സ്വീകരിക്കുന്ന രീതിയും മനോഭാവവും എന്തായിരിക്കണം എന്നുള്ളത് ഇന്ന് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. അനാദരവിന്റെയും പരിഹാസത്തിന്റെയും ഭാഷയിൽ പോസ്റ്റ് ട്രിബ്ബിനെ നേരിടുന്നത് ശരിയാണോ? തീർച്ചയായിട്ടും ശരിയാണ്. കാരണം ഇവിടെ ക്രിസ്തുവും അപ്പോസ്തലന്മാരും കാണിച്ചു തന്ന രീതിയേ നമുക്ക് പിൻതുടരുവാൻ കഴിയുകയുള്ളു.

ദൈവീക നിർണ്ണയങ്ങളെയും ഉപദേശ സത്യങ്ങളെയും ചോദ്യം ചെയ്യുന്നതിനെ സൗമ്യതയോടും താഴ്മയോടും നേരിടുന്ന രീതി കർത്താവിനും അപ്പോസ്തലന്മാർക്കും ഇല്ലായിരുന്നു. ഇവിടെ നാം കടന്നാക്രമിക്കുന്നത് വ്യക്തികളെയല്ല മറിച്ച് ദൈവസഭയ്ക്ക് ദോഷകരമായി അവർ ഉയർത്തി കൊണ്ടു വരുന്ന തെറ്റായ പഠിപ്പീരുകളെയാണ്.
ഗലീലയിലെ തന്റെ ശുശ്രൂഷാകാലം തീരുന്നതിന് മുൻപ് തന്നെ പിടിക്കുവാൻ ഹെരോദാവ് ആളുകളെ അയച്ചിരിക്കുന്നു എന്ന് യഹൂദന്മാർ കർത്താവിനോടു പറഞ്ഞപ്പോൾ കർത്താവ് ഹെരോദാവിനെ വിളിച്ചത് ”കുറുക്കൻ” എന്നാണ് (ലൂക്കോ. 13:32).
ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെയും ക്രൂശീകരണത്തെയും പറ്റിയുള്ള കാര്യങ്ങൾ കേട്ടപ്പോൾ അതിന് എതിര് പറഞ്ഞ അരുമശിഷ്യനായ പത്രോസിനെ കർത്താവ് വിളിച്ചത് ”സാത്താൻ” എന്നാണ് (മത്താ. 16:23).
ക്രിസ്തുവിനെ പറ്റി പഴയനിയമ പ്രവാചകന്മാർ പറഞ്ഞത് എല്ലാം മനസ്സിലാക്കാനും വിശ്വസിക്കാനും കഴിയാതെ എമ്മോവൂസിലേക്ക് പോയ ശിഷ്യന്മാരെ കർത്താവ് വിളിച്ചത് ”ബുദ്ധിഹീനരും” ”മന്ദബുദ്ധികളും” എന്നാണ് (ലൂക്കോ. 24:25).
ദൈവത്തിന്റെ നേർവഴികളെ മറിച്ചുകളയാൻ ശ്രമിച്ച എലിമാസ് എന്ന വിദ്വാനെ വിളിച്ചത് ”സകല കപടവും ധൂർത്തും നിറഞ്ഞവനേ”, ”പിശാചിന്റെ മകനേ” എന്നാണ് (അപ്പോസ്തല പ്രവർത്തികൾ 13:10).

ഒരാൾ എന്തു പറയുന്നു എന്നുള്ളതും എത്ര സമർത്ഥമായി താൻ അത് തെളിയിക്കുന്നു എന്നുള്ളതിനും ഉപരിയായി താൻ പറയുന്ന കാര്യങ്ങൾ ബലഹീന വിശ്വാസികൾക്ക് ഇടർച്ച വരുത്തുന്നതും ദൈവസഭയെ നശിപ്പിക്കുന്നതും ആണോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇവിടെ പോസ്റ്റ് ട്രിബ്ബ് പ്രസംഗിക്കുന്ന ആളുകളുടെ വ്യക്തിത്വത്തോട് പൂർണ്ണ ബഹുമാനം നിലനിർത്തുമ്പോൾ തന്നെ അവര് പറയുന്ന കാര്യങ്ങളെ സഭ്യതയുടെ പരിമിതിയിൽ നിന്നുകൊണ്ട് നിശബ്ദമായി വിമർശിക്കുക എന്നുള്ളത് ഒരു ദൈവപൈതലിന്റെ കർത്തവ്യമാണ്. ക്രിസ്തു വിശ്വാസത്തെ അടിസ്ഥാനപരമായും തകർത്തു കളയുന്ന വാദഗതികളെ സൗമ്യതയുടെയും വിനയത്തിന്റെയും ഭാഷയിലല്ല നേരിടേണ്ടത്. ഇത് വിശ്വാസത്തിന്റെ പോരാട്ടമാണ്. ഇവിടെ പടയാളിയുടെ പോരാട്ട വീര്യമാണ് അഭികാമ്യം.
വേദപുസ്തക ഉപദേശ സത്യങ്ങൾ ഏകപക്ഷീയമാണ്. അതിൽ അങ്ങനെയും ഇങ്ങനെയും എന്നു പറയാൻ പറ്റില്ല. ഭൂമിയിൽ വരാനിരിക്കുന്ന എതിർക്രിസ്തുവിന്റെ മഹോപദ്രവ കാലത്തിനു മുൻപ് കർത്താവിന്റെ രഹസ്യവരവിൽ, കാഹളധ്വനിയിൽ തനിക്കായി കാത്തുനിൽക്കുന്ന വിശുദ്ധന്മാരും ആ പ്രത്യാശയിൽ മൺമറഞ്ഞ വിശുദ്ധന്മാരും രൂപാന്തരശരീരം പ്രാപിച്ച് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടും. അതാണ് ശരി. അത് മാത്രമാണ് ശരി. എങ്കിൽ പിന്നെ അതിനെതിരായി പോസ്റ്റ് ട്രിബ്ബ് എന്നൊരു വാദം എന്തു കൊണ്ടുണ്ടായി എന്ന് പരിശോധിക്കേണ്ടതുണ്ട്.(തുടരും)

നീ ഏതു ട്രിബ്ബാ? (more…)

ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും അനുമതി നൽകി. ഒപ്പം പുറത്തിറക്കിയ നിബന്ധനകളും നിർദ്ദേശങ്ങളും പാലിച്ചാൽ തുറക്കുന്നതിൽ അർത്ഥമില്ല. തുറന്നാൽ, ആരാധിച്ചാൽ, എന്തെങ്കിലും സംഭവിച്ചു പോയാൽ എന്തായിരിക്കും അനന്തരഫലം? കേരളത്തിലെ എല്ലാ വിഭാഗം മതവിശ്വാസികളും ആശങ്കയിലാണ്. തുറക്കണമെന്ന് വാദിച്ചവർ തന്നെ തുറക്കരുതെന്ന് മുറ വിളിക്കുന്നു. ഇതിനിടയിൽ പെന്തെക്കോസ്ത് പ്രസ്ഥാനങ്ങൾ ഒന്നിച്ചു കൂടി ആലോചിച്ച് പല തീരുമാനങ്ങളുമായി മുന്നോട്ട്.

രാജ്യമെങ്ങും കോവിഡ് – 19 രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്നു. ഏറ്റവുമധികം രോഗബാധിതരുള്ള ലോകത്തിലെ നാലാമത്തെ രാജ്യമാണിപ്പോൾ ഇന്ത്യ. പല ഘട്ടങ്ങളിലായി നടപ്പിലാക്കിയ ലോക്ക്ഡൗൺ സമ്പൂർണ്ണ പരാജയമായതോടെ കേന്ദ്ര ഗവൺമെന്റ് എല്ലാ മേഖലയും ഘട്ടംഘട്ടമായി തുറന്നുകൊടുക്കുവാൻ തീരുമാനിച്ചു. ആരാധനാലയങ്ങൾ തുറക്കുവാനുള്ള തീരുമാനവും ഈ സാഹചര്യത്തിലാണുണ്ടായത്. രോഗവ്യാപനം തീവ്രനിലയിൽ തുടരുന്ന യു.പി.യിലും ഗുജറാത്തിലും പോലും ഹൈന്ദവക്ഷേത്രങ്ങൾ തുറക്കപ്പെട്ടു.
ഒന്നും രണ്ടും ഘട്ടത്തിൽ കൊറോണയെ ഫലപ്രദമായി പ്രതിരോധിച്ച കേരളത്തിൽ മൂന്നാം ഘട്ടം പക്ഷേ നിയന്ത്രണങ്ങളിൽ നിൽക്കാത്തവിധം രോഗികൾ വർദ്ധിക്കുന്നു. വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ധാരാളം പ്രവാസികൾ കേരത്തിൽ എത്തുന്ന സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണത്തിലുള്ള വർധനവ് കുറേക്കാലത്തേക്ക് തുടർന്നേക്കും. ഒപ്പം കേരളത്തിൽ ചില പ്രദേശങ്ങളിൽ സാമൂഹ്യവ്യാപന സാധ്യതകളും നിലനിൽക്കുന്നു. ഹോംക്വാറന്റൈൻ കർശനമായി പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ രോഗം പടർന്നു പിടിക്കാൻ സാധ്യതയുണ്ട്.
ആദ്യഘട്ടത്തിൽ മിക്ക സംഘടനകളും, പ്രതിപക്ഷവും ആരാധനാലയങ്ങൾ തുറക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പെന്തെക്കോസ്ത് സഭാ നേതൃത്വങ്ങളും ആരാധനാനുമതിക്കു വേണ്ടി പത്ര പ്രസ്താവന ഇറക്കിയിരുന്നു. കേന്ദ്രഗവൺമെന്റ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതോടെ കേരളാസർക്കാരും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകി. പക്ഷേ കടുകട്ടിയായ കുറേ നിയന്ത്രണങ്ങളും അനുബന്ധമായുണ്ടായിരുന്നു. ഇടതുപക്ഷ സർക്കാർ ആരാധനാലയങ്ങൾ തൽക്കാലം തുറക്കണ്ടെന്ന് തീരുമാനിക്കുമെന്നായിരുന്നു പൊതുധാരണ. എന്നാൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ മതസംഘടനകൾ ആദ്യം നിശബ്ദരായെങ്കിലും പിന്നീട് ഓരോരുത്തരായി ആരാധനാലയങ്ങൾ തൽക്കാലം തുറക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. എങ്കിലും ചില സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
പെന്തെക്കോസ്ത് സഭകൾ കടുത്ത ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ്. പ്രമുഖ ക്രൈസ്തവസഭകളിൽ പലതും തൽക്കാലം പള്ളികൾ തുറക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ചർച്ച് ഓഫ് ഗോഡും ശാരോനും തൽക്കാലം ഹോളുകൾ തുറക്കില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഐ.പി.സി. ഓരോ ലോക്കൽ സഭയ്ക്കും പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് തീരുമാനം എടുക്കാൻ അനുവാദം നൽകിയിരിക്കുന്നു. അപ്പോൾത്തന്നെ ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് പത്രക്കുറിപ്പിലൂടെ സഭകളെ അറിയിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജൂൺ 30 വരെ ആരാധനകൾ ഒഴിവാക്കുന്നതാണ് ഉചിതം എന്ന് അറിയിച്ചിരിക്കുന്നു. ടി.പി.എം. സഭയും സഭാഹാളുകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഹോളുകൾ തുറന്നാലും അകലം പാലിച്ച് ഇരിപ്പിട ക്രമീകരണം, അവരവർ ഉപയോഗിക്കുന്ന പായോ, വിരിപ്പോ കൊണ്ടു വരണം, മാസ്‌ക് ധരിച്ച് ആരാധിക്കണം, മ്യൂസിക് ടീം പാടില്ല തുടങ്ങിയ നിബന്ധനകൾ കൂടാതെ 65 വയസ്സ് കഴിഞ്ഞവർക്കും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനമില്ലെന്നത് സഭകളെ പ്രതിസന്ധിയിലാക്കുന്നു. ഈ സാഹചര്യത്തിൽ ഹോളുകൾ തുറക്കുന്നതിനും ആരാധിക്കുന്നതിനും അല്പം കൂടെ കാത്തിരിക്കേണ്ടി വരുമെന്നതാണ് യാഥാർത്ഥ്യം.

ബാംഗ്ലൂർ: പതിനായിരത്തിലധികം അംഗങ്ങളുള്ള ബാംഗ്ലൂരിലെ
ബഥേൽ എ.ജി. ചർച്ച് കോവിഡ് കാലത്ത് വ്യത്യസ്തമായ ആരാധനയുമായി ശ്രദ്ധയാകർഷിക്കുന്നു. കോവിഡ് 19 മൂലം രാജ്യം ലോക്ക്ഡൗണിലായതോടെ മുടങ്ങിപ്പോയ ആരാധന വർഷിപ്പ് ഓൺ വീൽസ് (WOW) എന്ന നവീന ആശയത്തോടെ പുനരാരംഭിക്കുകയാണ്. പാസ്റ്റർ എം. എ. വർഗീസിന്റെ മകൻ റവ. ജോൺസൻ വർഗീസ് നേതൃത്വം നൽകുന്ന സഭയാണ് കാറുകളിലും ബൈക്കുകളിലും ഇരുന്ന് സാമൂഹ്യ അകലം പാലിച്ചു കൊണ്ട് ആരാധിക്കുവാൻ അവസരമൊരുക്കിയിരിക്കുന്നത്. മാർച്ച് 14ന് ആദ്യ ആരാധന നടന്നു. വർഷിപ്പ് ഓൺ വീൽസ് എന്ന ആശയം പ്രഖ്യാപിച്ചതോടെ ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചത്.
സഭയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ സ്ഥലമാണ് വിശാലമായ പാർക്കിംഗ് ഏരിയായാക്കി കാറിൽ ഇരുന്നും ബൈക്കിൽ ഇരുന്നും ആരാധിക്കാനായി ക്രമീകരിച്ചിരിക്കുന്നത്. വിശാലമായ സ്റ്റേജും എൽ.ഇ.ഡി സ്‌ക്രീനും ശബ്ദസംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ഓരോ ഞായറാഴ്ചയും ആറ് ആരാധനകൾ നടക്കുന്നു. ആരാധനകൾ എല്ലാം ലൈവ് സ്ട്രീമിങ്ങും ഫെയ്‌സ്ബുക്ക് ലൈവും ഉണ്ടായിരിക്കും.
വിദേശരാജ്യങ്ങളിൽ ഈ രീതിയിലുള്ള ആരാധനകൾ പതിവാണ്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സഭ ഈ രീതിയിൽ ആരാധന നടത്തുന്നത്.

തിരുവനന്തപുരം:ലോക്ഡൗൺ സമയം 150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിൽ പരുത്തിപ്പാറ ഗ്രേസ് ടാബർനാക്കിൾ ചർച്ച് അംഗവും പേരൂർക്കട കുന്നംപള്ളിയിൽ കെ.ജെ. റോയി മോന്റെ ഭാര്യ സിസ്റ്റർ ജെസ്സി. ലോക്ഡൗണിന് മുമ്പ് പുതിയ നിയമത്തിലെ ചില ലേഖനങ്ങൾ മന:പ്പാഠമാക്കി അവതരിപ്പിച്ചപ്പോൾ ലഭിച്ച പ്രോത്സാഹമാണ് സങ്കീർത്തനങ്ങൾ മന:പ്പാഠമാക്കുവാൻ പ്രേരണ. ഭർത്താവിന്റെയും മക്കൾ എഞ്ചിനിയറിംഗ് വിദ്യാർത്ഥി റോഷൻ, +2 വിദ്യാർത്ഥി ജോഷൻ എന്നിവർ പിന്തുണച്ചു. എല്ലാം ദൈവകൃപ കൊണ്ടു മാത്രമാണന്നും ജെസി കൂട്ടി ചേർത്തു.
പരുത്തിപാറ സഭാശുശ്രൂഷകൻ പാസ്റ്റർ ബാബു ജോസഫ് കൊട്ടാരക്കര മേഖല മുൻ പി വൈ പി എ പ്രസിഡന്റും മാധ്യമ പ്രവർത്തകനുമായ പാസ്റ്റർ സാജൻ ഈശോ എന്നിവരുടെ സാന്നിധ്യത്തിൽ മന:പ്പാഠം പറയുന്നത് ആമേൻ റ്റിവിയിൽ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്.
കുളത്തുപ്പുഴ നെല്ലിമൂട് ഐ പി സി ചർച്ച് അംഗങ്ങളായിരുന്ന ഈ കുടുംബം ചില വർഷങ്ങൾക്ക് മുമ്പാണ് പേരൂർക്കടയിൽ താമസമാക്കിയത്. ഇനി മറ്റ് പുസ്തകങ്ങളും മന:പ്പാഠമാക്കണമെന്നാണ് ആഗ്രഹമെന്നും ജെസ്സി പറഞ്ഞു.

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി


മാത്യൂ ചെമ്പുകണ്ടത്തിൽ
ഏഴര പതിറ്റാണ്ടു കാലത്തെ മഹനീയ ജീവിതത്തിനൊടുവില്‍ യേശുക്രിസ്തുവിന്‍റെ വിശ്വസ്തസാക്ഷി രവി സഖറിയാസ് (ഫ്രെഡറിക് ആന്‍റണി രവികുമാര്‍ സഖറിയാസ്) നിത്യതയില്‍ മറഞ്ഞു. ബഹുമാന്യ ദൈവദാസന്‍റെ ജീവിതകാലഘട്ടത്തില്‍ അദ്ദേഹത്തെ അറിയാന്‍ കഴിയാതെപോയ ജനകോടികള്‍, ഇപ്പോള്‍ അദ്ദേഹത്തിന്‍റെ വേര്‍പാടിനുശേഷം അദ്ദേഹത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. തങ്ങളുടെ ജീവിതകാലഘട്ടത്തില്‍ സുവിശേഷം നിമിത്തം ഇത്രമേല്‍ പ്രശസ്തനായ ഒരുവന്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ് അദ്ദേഹത്തെ അറിഞ്ഞവരുടെ ലോകവും അദ്ദേഹത്തെ വൈകി അറിഞ്ഞുകൊണ്ടിരിക്കുന്നവരുടെ ലോകവും. തന്നില്‍നിന്ന് സുവിശേഷം കേള്‍ക്കുന്ന ആരുടെയും ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നവിധത്തില്‍ ലോകം മുഴുവന്‍ നിറഞ്ഞുനിന്ന് ക്രിസ്തുവിനെ പ്രസംഗിക്കുവാനായി രണ്ടായിരം വര്‍ഷത്തെ ക്രൈസ്തവ പാരമ്പര്യമുള്ള ഭാരതം ലോകത്തിന് നല്‍കിയ സമ്മാനമായിരുന്നു രവി സഖറിയ.

ബ്രിട്ടീഷ് ഇന്ത്യയില്‍ ജനിച്ച്, സ്വതന്ത്ര ഇന്ത്യയില്‍ വളര്‍ന്ന്, ക്രിസ്തുശിഷ്യനെന്ന സ്വതന്ത്രവിഹായുസില്‍ വിരാചിച്ച ആ മഹത്ജീവിതം, അമേരിക്കയില്‍ അറ്റ്ലാന്‍റയിലുള്ള സ്വവസതിയില്‍ കാന്‍സര്‍ ബാധിതനായി ശയിക്കുമ്പോഴായിരുന്നു പരമവിളിയുടെ വിരുതിനായി കടന്നുപോയത്. അന്ത്യനിമിഷത്തില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ചുറ്റിലും ഉണ്ടായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരാശമുറ്റിയ യൗവ്വനത്തില്‍നിന്നും പ്രത്യാശനിറഞ്ഞ നല്ല വാര്‍ദ്ധക്യത്തിലാണ് അദ്ദേഹം താന്‍ പ്രിയംവച്ച ക്രിസ്തുവില്‍ മറഞ്ഞത്. ജീവിതാന്ത്യംവരെയും താന്‍ ഉയര്‍ത്തിപ്പിടിച്ച വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും ഉദാത്തമാതൃക ഏതൊരു മനുഷ്യനും പിന്‍പറ്റാവുന്ന മാതൃകയാണ് എന്ന് നിശ്ശബ്ദമായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സമയത്തില്‍നിന്നും നിത്യതയിലേക്ക് അദ്ദേഹം മാറ്റപ്പെട്ടത്.

1946 മാര്‍ച്ച് 26ന് ചെന്നൈയില്‍ ആംഗ്ലിക്കന്‍ സഭാംഗമായ മാതാപിതാക്കളില്‍ ജനനം. ഭാര്യ: കനേഡിയന്‍ വംശജയായ മാര്‍ഗരറ്റ്. മൂന്നു മക്കള്‍. പ്രധാന ഗ്രന്ഥങ്ങള്‍: Can Man Live Without God?, Light in the Shadow of Jihad, the Grand Weaver. RZIM എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന Ravi Zacharias International Ministries
എന്ന സംഘടനയുടെ സ്ഥാപകനാണ് അദ്ദേഹം. മരണം: മേയ് 19, 2020.

1983ല്‍ ബില്ലിഗ്രഹാം ഇവാഞ്ചലിക്കല്‍ അസോസിയന്‍റെ ആഭിമുഖ്യത്തില്‍ ആംസ്റ്റര്‍ഡാമില്‍ സംഘടിപ്പിച്ച 4000 പേര്‍ പങ്കെടുത്ത കോണ്‍ഫറന്‍സില്‍
37-ാമത്തെ വയസില്‍ പ്രസംഗകനായതു മുതല്‍ അദ്ദേഹം ലോകം അറിയപ്പെടുന്ന ഒരു സുവിശേഷകനായി മാറുകയായിരുന്നു. സ്വന്തം ജീവിതത്തിലെ ക്രിസ്ത്വാനുഭവങ്ങളും അമേരിക്കയിലും കാനഡയിലുമുള്ള പ്രശസ്ത ബൈബിള്‍ കോളജുകളില്‍നിന്ന് ലഭിച്ച അറിവും സ്വയം ആര്‍ജ്ജിച്ചെടുത്ത അനുബന്ധ അറിവുകളുമായി അദ്ദേഹം ആരംഭിച്ച സുവിശേഷ പ്രസംഗപ്രയാണമാണ് 2020 മേയ് 19ന് പര്യവസാനിച്ചിരിക്കുന്നത്. ഇതിനോടകം 70ഓളം രാജ്യങ്ങളിലായി നൂറുകണക്കിന് വേദികളില്‍ അദ്ദേഹം നിത്യജീവന്‍റെ സുവിശേഷം പ്രസംഗിച്ചു. സോഷ്യല്‍മീഡിയയിലൂടെ കോടിക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന്‍റെ പ്രസംഗം കേട്ടു, അല്‍പ്പവിശ്വാസികള്‍ വിശ്വാസത്തില്‍ ബലപ്പെടുവാനും ക്രിസ്തുവിരോധികള്‍ ക്രിസ്തുവില്‍ കൂട്ടവകാശികളാകുവാനും ഇടയായി. തിരക്കുപിടിച്ച യാത്രയ്ക്കിടയിലും ലോകോത്തരങ്ങളായ മുപ്പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍റേതായി പുറത്തുവന്നിട്ടുണ്ട്. അതില്‍ Jesus Among Other Gods, The Absolute Claims Of The Christian Message എന്ന ഗ്രന്ഥം ക്രിസ്ത്വാനുകരണത്തിന്‍റെ പശ്ചാത്തലത്തിലുള്ള അദ്ദേഹത്തിന്‍റെ ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ്.

സാധു സുന്ദര്‍സിംഗിനു ശേഷം ഭാരതമണ്ണില്‍നിന്നും ലോകം അറിഞ്ഞ ക്രിസ്തുശിഷ്യനായിരുന്നു രവി സഖറിയ. ഭാരതത്തിന്‍റെ അപ്പൊസ്തൊലനായ സെന്‍റ് തോമസ് അന്ത്യവിശ്രമം കൊള്ളുന്ന മദ്രാസ് പട്ടണത്തില്‍ ജനിച്ച്, സെന്‍റ് തോമസ് കൊളുത്തിയ വിശ്വാസദീപശിഖയേന്തി രവി സഖറിയാസ് പ്രയാണം തുടരുകയായിരുന്നു. ഈ യാത്രയില്‍ രാജാക്കന്മാരും സ്ഥാനാപതികളും പട്ടാളമേധാവികളും സര്‍വ്വകലാശാലാ അധ്യാപകരും വിദ്യാര്‍ത്ഥികളും അദ്ദേഹത്തില്‍നിന്ന് സുവിശേഷം കേട്ടു. തന്‍റെ വിശ്വാസബോധ്യങ്ങള്‍ക്ക് പുറംതിരിഞ്ഞുനില്‍ക്കുന്ന മതരാഷ്ട്രങ്ങളിലെ ഭരണാധികാരികളോടും തീവ്രവാദസംഘടനകളുടെ നേതാക്കന്മാരോടും അദ്ദേഹം മുഖാമുഖം നിന്ന് ക്രിസ്തുവിനെക്കുറിച്ച് സംസാരിച്ചു. ഓക്സ്ഫോര്‍ഡും കാംബ്രിഡ്ജും ഹാര്‍വാഡും അടക്കമുള്ള ലോകോത്തര സര്‍വ്വകലാശാലകള്‍ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ക്കായി കാത്തിരുന്നു. പ്രബലന്മാരായ പല ലോകനേതാക്കളോടും ചിന്തകന്മാരോടും അദ്ദേഹത്തിനുള്ള അടുപ്പവും സ്വാധീനവും വളരെ വലുതായിരുന്നു.

എന്തായിരുന്നു രവി സഖറിയാസിന്‍റെ പ്രസംഗങ്ങളുടെ പ്രത്യേകത? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ ജീവന്‍റെ സൗരഭ്യവാസനകളായിരുന്നു. മരണത്തിന്‍റെ ദുര്‍ഗന്ധത്തിനുമേല്‍ അധീശത്വം സ്ഥാപിക്കാന്‍ കഴിയുന്ന ജീവന്‍റെ വാസനകള്‍ ആയിരുന്നു അദ്ദേത്തിന്‍റെ പ്രസംഗങ്ങള്‍ നിറയെ. ആത്മഹത്യാ ശ്രമത്തില്‍ പരാജയപ്പെട്ട് മരണക്കിടക്കയില്‍ ആയിരിക്കുമ്പോള്‍ “ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും” എന്ന ക്രിസ്തുമൊഴികളില്‍നിന്ന് ജീവന്‍ ഉള്‍ക്കൊണ്ട്, മരണത്തിന്‍റെ കരാളഹസ്തങ്ങളില്‍നിന്ന് ജീവനിലേക്ക് വന്നവന്‍ പിന്നെ ജീവന്‍റെ മഹത്വം അല്ലാതെ എന്തു പ്രസംഗിക്കും! ക്രിസ്തുവിലുള്ള നിത്യജീവന്‍റെ മഹത്വമായിരുന്നു അരനൂറ്റാണ്ടോളം സഞ്ചരിച്ച എല്ലാ ഭൂഖണ്ഡങ്ങളിലും എല്ലാ രാജ്യങ്ങളിലും എല്ലാ വേദികളിലും അദ്ദേഹം പ്രസംഗിച്ചത്. മരണത്തിന്‍റെ ദുര്‍ഗന്ധം ഭയാനകമായി വ്യാപിക്കുന്ന വര്‍ത്തമാനകാല ലോകത്തില്‍ നിത്യജീവനെക്കുറിച്ചും ജീവദാതാവിനെക്കുറിച്ചും ജീവന്‍റെ സമൃദ്ധിയെക്കുറിച്ചും അദ്ദേഹം പ്രസംഗിച്ചു. അനീതിയും അക്രമവും തീവ്രവാദവും നിഴല്‍പരത്തി നില്‍ക്കുന്ന ആധുനികലോകത്തില്‍, സത്യത്തിന്‍റെ സദ്ഗുണങ്ങളാല്‍ സമ്പന്നവും സാഗരസമാനമായി നീതിയും സമാധാനവും പരന്നൊഴുകുന്നതുമായ ദൈവരാജ്യത്തെക്കുറിച്ചും അദ്ദേഹം പ്രസംഗിച്ചു. ലോകത്തെ മുന്നോട്ടു നയിക്കുന്ന പുത്തന്‍ പ്രവണതകളുടെയും ചിന്തകളുടെയും വിളനിലങ്ങളായ സര്‍വ്വകലാശാലകളില്‍, ധാര്‍മികതയിലും മാനവികതയിലും അടിസ്ഥാനപ്പെട്ട് ലക്ഷ്യബോധത്തോട നീങ്ങുവാന്‍ യുവജനങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു. യൗവ്വനത്തിന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ട് എന്നും ആ വലിയ ഉത്തരം യേശുക്രിസ്തുവിലാണെന്നും അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ക്രിസ്തുവില്‍ ശാശ്വതമായ ഉത്തരം കണ്ടെത്തിയ അനേകലക്ഷം യുവതി/യുവാക്കള്‍ 21-ാം നൂറ്റാണ്ടിലെ ജീവിതത്തെ അഭിമുഖൂകരിക്കുവാന്‍ സജ്ജരാക്കപ്പെട്ടു. മരണസംസ്കാരത്തിന്‍റെ ഭയാനകമായ ദുര്‍ഗന്ധത്തില്‍ അകപ്പെട്ട ജനകോടികള്‍ക്കു മുന്നില്‍ പ്രത്യാശയുടെ വാതായനങ്ങളാണ് രവി സഖറിയ തുറന്നിട്ടത്. അവയിലൂടെ നിത്യജീവന്‍റെ സുഗന്ധം അവര്‍ അനുഭവിച്ചറിഞ്ഞു.

ലോകപ്രസിദ്ധരായ പ്രസംഗകരില്‍ “നിത്യത” (eternity) ഇത്രമേല്‍ പ്രധാനപ്പെട്ട വിഷയമായി പ്രസംഗിച്ച സുവിശേഷകനുണ്ടോ എന്നത് സംശയമാണ്. സുവിശേഷത്തെ തത്വചിന്താപരമായി കേള്‍ക്കാന്‍ അനേകര്‍ തയാറാകുന്ന ലോകത്തില്‍, കേള്‍വിക്കാരന്‍റെ ഇംഗിതത്തിന് വിധേയനാകാതെ, തന്‍റെ ലക്ഷ്യവും വിഷയവുമായ നിത്യതയെക്കുറിച്ചായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. 21-ാം നൂറ്റാണ്ടിലെ ബുദ്ധിജീവികള്‍ക്ക് നിത്യതയുടെ സൗന്ദര്യത്തെ വിശദീകരിച്ചു കൊടുക്കണമെങ്കില്‍ പ്രസംഗകന് തന്‍റെ ബോധ്യങ്ങളില്‍ അത്രമേല്‍ ഉള്‍ക്കാഴ്ചയുണ്ടാകണം (revelation). ഉള്‍ക്കാഴ്ചയെ കൃത്യതയാര്‍ന്ന വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിവുണ്ടായിരിക്കണം. ശക്തമായ ക്രിസ്തീയബോധ്യങ്ങളും അതു നല്‍കുന്ന അത്ഭുതകരമായ ഉള്‍ക്കാഴ്ചകളും ഇംഗ്ലീഷ് ഭാഷയുടെ വിശാലസമ്പുഷ്ടമായ പദസമ്പത്തും അനുവാചകരെ പിടിച്ചിരുത്തുന്ന വാചകഘടനയും എല്ലാം നിത്യതയുടെ ആഴവും അതിന്‍റെ സൗന്ദര്യവും പറഞ്ഞുകൊടുക്കാന്‍ അദ്ദേഹത്തിന് ലഭ്യമായ കൃപാദാനങ്ങളായിരുന്നു. ഈ കൃപാവരങ്ങളുടെ സമൃദ്ധിയോടൊപ്പം മുഖത്ത് നിറഞ്ഞുനില്‍ക്കുന്ന ശാന്തതയും ശബ്ദഗാംഭീര്യവും സന്ദര്‍ഭോചിതമായ കഥകളും എല്ലാം പ്രസംഗവേദികളില്‍ രവി സഖറിയ എന്ന അപ്പൊസ്തൊലനെ ക്രിസ്തുസന്ദേശങ്ങളുടെ സമാനതയില്ലാത്ത പ്രചാരകനാക്കി.

ക്രൈസ്തവ വിശ്വാസസംരക്ഷകന്‍ (Christian Apologist) എന്ന പേരിലായിരുന്നു ലോകത്ത് അദ്ദേഹം അറിയപ്പെട്ടത്. ഒരു അപ്പോളജിസ്റ്റ് വിശ്വാസത്തിന് സുരക്ഷയൊരുക്കുന്ന കാവല്‍ഭടനാണ് എന്ന പരമ്പരാഗത നിര്‍വ്വചനത്തെ പൊളിച്ചെഴുതിയ വ്യക്തിയായിരുന്നു രവി സഖറിയ. വിശ്വാസവിഷയങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിനേക്കാള്‍ ആധുനികലോകത്തില്‍ ക്രിസ്തുവിശ്വാസം പ്രചരിപ്പിക്കുന്നതില്‍ ആയിരുന്നു അദ്ദേഹം മാതൃകയായത്. “വിശ്വാസത്തെ എവിടെയും മടികൂടാതെ പ്രഖ്യാപിക്കുന്നവനാണ് യഥാര്‍ത്ഥ അപ്പോളജിസ്റ്റ്” എന്ന മറ്റൊരു നിര്‍വ്വചനമാണ് ഇതിലൂടെ നമുക്ക് ലഭിച്ചത്. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ച് ചോദിക്കുന്നവരോട് സൗമ്യതയോടെയും ഭയഭക്തിയോടെയും പ്രതിവാദം ചെയ്യുവിന്‍ എന്ന വചനത്തെ ആക്ഷരികമായി സമീപിച്ച് പ്രതിവാദം ചെയ്യുന്നതില്‍ അദ്ദേഹം ഒരു മാതൃകയായിരുന്നു. സത്യത്തെ കൃപയില്‍ പൊതിഞ്ഞ് സംസാരിച്ചുകൊണ്ട്, വിശ്വാസികളെ ഏറെ ചിന്തിക്കുന്നവരാക്കുവാനും അതോടൊപ്പം ചിന്തകന്മാര്‍ പലരും ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവരുവാനും അദ്ദേഹത്തിന്‍റെ അപ്പോളജിയകള്‍ക്ക് സാധിച്ചു. ക്രൈസ്തവസംവാദങ്ങള്‍ ബഹളത്തിലും വ്യക്തിവിദ്വേഷത്തിലും ദുഷ്പ്രചാരണങ്ങളിലും കലാശിക്കുന്ന ഇക്കാലത്ത് ക്രിസ്റ്റ്യന്‍ അപ്പോളജിസ്റ്റ് എന്ത് അല്ല എന്നത് അദ്ദേഹം വ്യക്തമാക്കി. സംവാദത്തിനൊടുവില്‍ എതിരാളിയെപ്പോലും സ്നേഹംകൊണ്ട് കീഴടക്കാന്‍ തനിക്കുള്ള കഴിവ് പ്രസിദ്ധമാക്കുന്നവയായിരുന്നു അദ്ദേഹം ഇടപെട്ട ഓരോ സംവാദവും.

രവി സഖറിയയുടെ വിയോഗത്തിലൂടെ നമുക്ക് ലോകപ്രസിദ്ധനായ ഒരു സുവിശേഷപ്രസംഗകനെയോ അപ്പോളജസ്റ്റിനെയോ മാത്രല്ല നഷ്ടമായിരിക്കുന്നത്. പ്രസംഗിക്കുന്നത് ജീവിച്ചു കാണിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളെയാണ് ക്രൈസ്തവലോകത്തിന് നഷ്ടമായിരിക്കുന്നത്. സ്വന്തജീവിതത്തോടും കുടുംബത്തോടും വിശ്വാസത്തോടും ഒരുപോലെ പ്രതിബദ്ധത നിലനിര്‍ത്തുക്കൊണ്ട്, സുവിശേഷം പ്രസംഗിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതാണ് അദ്ദേഹത്തിന്‍റെ വിയോഗം വലിയ നഷ്ടമായി ഏവര്‍ക്കും അനുഭവപ്പെടുന്നത്. ഇനിയും അദ്ദേഹത്തേക്കാള്‍ ശക്തമായി പ്രസംഗിക്കുന്നവര്‍ ഉയര്‍ന്നുവന്നേക്കാം. എന്നാല്‍, പ്രസംഗകനും അയാളുടെ ജീവിതവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന സന്ദേശമായിരുന്നു ക്രിസ്റ്റ്യന്‍ പ്രസംഗകരെ ഇതര പ്രസംഗകരില്‍നിന്ന് വിഭിന്നരാക്കിയത്. “ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുകരിക്കുവിന്‍” എന്ന് പറഞ്ഞ പൗലോസിന്‍റെ മാതൃകയും അതായിരുന്നു. ഭാഷയും ശൈലിയും ഉണ്ടെങ്കില്‍ പ്രസംഗകന് അനുവാചകരുടെ ചിന്താമണ്ഡലത്തെ ചൂടുപിടിപ്പിക്കാം. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെയും സുഭാഷ് ചന്ദ്രബോസിന്‍റെയും പ്രസംഗങ്ങള്‍ ഈ അര്‍ത്ഥത്തില്‍ തീപ്പന്തങ്ങളായിരുന്നു. എന്നാല്‍ സുവിശേഷകന്‍റെ പ്രസംഗത്തില്‍ സ്വര്‍ഗ്ഗീയ അഗ്നി നിറയണമെങ്കില്‍ അത് പ്രസംഗകന്‍റെ ജീവിതവുമായി പൊരുത്തപ്പെട്ടു പോകുന്നതായിരിക്കണം. പ്രസംഗം ജീവിതത്തോടു ബന്ധപ്പെടുമ്പോഴാണ് പലരും വിജയമാകുന്നതും പലരും പരാജയപ്പെടുന്നതും. രവിസഖറിയയുടെ വിജയം വാക്കുകളുടെയും ആശയങ്ങളുടെയും കൃത്യത മാത്രമായിരുന്നില്ല. സംശുദ്ധമായ തന്‍റെ വ്യക്തിജീവിതത്തില്‍ നിഴലിച്ച സുതാര്യതയും അതില്‍ പ്രതിഫലിച്ച നിത്യതയുമാണ് അദ്ദേഹത്തെയും തന്‍റെ പ്രസംഗങ്ങളെയും വേറിട്ടതാക്കിയത്.

ഇന്ത്യക്കാരനും പാതി മലയാളിയും ആയിട്ടും ഇന്ത്യന്‍ വംശജരുടെ സുവിശേഷപ്രസംഗവേദികളില്‍ അദ്ദേഹത്തെ വിളിച്ചത് വളരെ കുറഞ്ഞ വ്യക്തികള്‍ മാത്രമായിരുന്നു. കേരളത്തിലെ സുപ്രസിദ്ധ സുവിശേഷ കണ്‍വന്‍ഷനുകളിലോ ഇന്ത്യയ്ക്കു വെളിയിലുള്ള മലയാളികളുടെ കണ്‍വന്‍ഷനുകളിലോ അദ്ദേഹം പ്രസംഗിച്ചതുപോലും ഒന്നോരണ്ടോ തവണ മാത്രമായിരുന്നു. ഇന്ന് അദ്ദേഹത്തിന്‍റെ വിയോഗത്തിന്‍റെ പേരില്‍ വാചാലരാകുന്ന പല പ്രമുഖരും അദ്ദേഹത്തെ അവഗണിച്ചവരായിരുന്നു എന്ന് പറയാതെ വയ്യ. ഇതരമത വിഭാഗങ്ങള്‍ക്കുവേണ്ടി ആരാധനാലയം തുറന്നുകൊടുത്തു മതസഹിഷ്ണുത കാണിക്കുന്നവരും ലോകമതവേദികളില്‍ വിവിധ മതനേതാക്കളുമായി തോളുരുമ്മിനിന്ന് സൗഹൃദം പങ്കിടുന്നവരും സത്യസുവിശേഷത്തിന്‍റെ പ്രചാരകനും ലോകപ്രസിദ്ധനുമായ ഈ സുവിശേഷകനോട് അകാരണമായ അകലംസൂക്ഷിച്ചു. അദ്ദേഹത്തെ മനഃപൂര്‍വ്വം തഴഞ്ഞവര്‍ പലരും ഇന്ന് തങ്ങളുടെ ജാള്യത മറയ്ക്കാനാണ് അനുശോചനക്കുറിപ്പുകള്‍ ഇറക്കുന്നത് എന്ന് തോന്നിപ്പോകുന്നു.

“ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും” എന്ന വചനം മാംസമായി പരിണമിക്കപ്പെട്ടതിന്‍റെ 21-ാം നൂറ്റാണ്ടിലെ ഉജ്വലസാക്ഷ്യമായിരുന്നു രവി സഖറിയ. അരനൂറ്റാണ്ടു കാലത്തോളം ലോകരാജ്യങ്ങളിലെ ജനകോടികളുടെ മുന്നില്‍, താന്‍ കണ്ണാടിയില്‍ കടമൊഴിയായി കണ്ട ക്രിസ്തുവിനെക്കുറിച്ച് വിശ്വാസത്തോടെ പ്രസംഗിച്ചു. താന്‍ അറിഞ്ഞതും വിശ്വസിച്ചതുമായ ആത്മീയയാഥാര്‍ത്ഥ്യങ്ങളെ മുഖാമുഖം കാണുവാനും നേരിട്ട് അനുഭവിച്ചറിയുവാനുമായി അദ്ദേഹം വിളിക്കപ്പെട്ടിരിക്കുന്നു. ജീവന്‍റെ വചനത്തെ സമാനതകളില്ലാതെ സാക്ഷീകരിച്ച് നിത്യതയില്‍ മറയപ്പെട്ട ആ ധന്യാത്മാവിനു മുന്നില്‍ ആദരവോടെ നില്‍ക്കുമ്പോള്‍, അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെട്ട ഏതൊരു വ്യക്തിയില്‍നിന്നും ഉയരുന്ന ചോദ്യം എന്നില്‍നിന്നും ഉയരുന്നു! കഴിഞ്ഞ അരനൂറ്റാണ്ടുകാലം വിശ്വാസസംരക്ഷകരുടെ മുന്നണിപ്പോരാളിയായിരുന്ന രവി സഖറിയില്‍നിന്നും ഈ ദീപശിഖയേന്താന്‍ ഇനി ആര്‍ എന്നു കടന്നുവരും? ദൈവം തന്‍റെ വിശ്വസ്തസാക്ഷിയെ അടുത്ത കാലഘട്ടത്തിനുവേണ്ടി എത്രയും വേഗം ഉയര്‍ത്തട്ടെ എന്നു പ്രത്യാശിക്കുന്നു.

മുളക്കുഴ: വർദ്ധിച്ചുവരുന്ന കോവിഡ്19 ന്റെ വ്യാപനം നിമിത്തം പൊതുനന്മയ്ക്കായി സാമൂഹിക അകലം പാലിച്ച് വൈറസ് വ്യാപനം തടയേണ്ട സാഹചര്യമുള്ളതിനാൽ, സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിന് എല്ലാവരും ബാധ്യസ്ഥരായതിനാലും ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ആരാധനാലയങ്ങൾ ഇനിയും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ലെന്ന് സ്റ്റേറ്റ് ഓവർസിയർ റവ. സി.സി തോമസ് അറിയിച്ചു.

സ്റ്റേറ്റ് ഓവർസിയറുടെ അധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ സംസ്ഥാനത്ത് തുടരുന്ന സ്ഥിതിഗതികൾ വിലയിരുത്തി.ലോക്ക് ഡൗൺ കാലത്തെ പോലെ സഭാഹാളുകൾ തുറക്കുന്നതുവരെ ഓൺലൈൻ സംവിധാനങ്ങളിലൂടെ കൂട്ടായ്മകൾ നടത്തുകയും വ്യക്തിപരമായും കുടുംബപരമായും പ്രാർത്ഥനയിലും ഉപവാസത്തിലുംതുടരുവാനും, വ്യക്തി ശുചിത്വം പാലിക്കുവാനും, സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കുവാനും ഓവർസിയർ നിർദേശിച്ചു. സാമൂഹിക പ്രതിബദ്ധത ഉള്ള സമൂഹം എന്ന നിലയിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് covid 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നുണ്ട്. ഹെഡ്ക്വാട്ടേഴ്സിന്റെ ഒരു ഭാഗം ക്വാറന്റൈൻ കേന്ദ്രമായി സർക്കാരിന് വിട്ടു കൊടുത്തിരിക്കുകയാണ്. പൊതുജന ആരോഗ്യ സംരക്ഷണത്തിനായി സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുവാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. ഒരു വിട്ടുവീഴ്ചയും കൂടാതെ തുടർന്നും എല്ലാ നിർദ്ദേശങ്ങളും കൃത്യമായി ഏവരും പാലിക്കേണ്ടതാണ് എന്നും റവ.സി. സി. തോമസ് അറിയിച്ചു.

പാസ്റ്റർ ടി ജി ഉമ്മൻ്റെ സമ്പൂർണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.

തിരുവല്ല: പ്രശസ്ത വേദ പണ്ഡിതനും സഭാ നേതാവുമായിരുന്ന പാസ്റ്റർ ടി.ജി. ഉമ്മൻ്റെ സമ്പൂർണ്ണ ഗ്രന്ഥങ്ങൾ പുന പ്രസിദ്ധീകരിച്ചു. ഹാലേലൂയ്യാ ബുക്സാണ് പ്രസാധകർ. മലയാളി പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളുടെ തുടക്കകാലത്ത് ഉപദേശ വ്യക്തതയോടെയും ദൈവവചന അടിത്തറയിലും സഭയെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച മഹാനായ ദൈവദാസനായിരുന്നു പാസ്റ്റർ ടി.ജി.ഉമ്മൻ. അദ്ദേഹത്തിൻ്റെ “അടിസ്ഥാന വേദോപദേശം ” പോലെയുള്ള പുസ്തകങ്ങൾ നിരവധി ബൈബിൾ കോളജുകളിൽ സിലബസ് ആയി പഠിപ്പിച്ചിരുന്നു.

ഉപദേശ വിഷയങ്ങളിലും മറ്റും തർക്കങ്ങളും വാദങ്ങളും നടക്കുന്ന ഈ കാലത്ത് ടി ജി ഉമ്മൻ്റെ ഈടുറ്റ ഗ്രന്ഥങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.

പുതിയ നിയമ പുസ്തകങ്ങളുടെ വ്യാഖ്യാനം, തിരുവചന പഠനങ്ങൾ, അടിസ്ഥാന ഉപദേശങ്ങൾ, പ്രവചന വിഷയങ്ങൾ, ദുരുപദേശഖണ്ഡനം, ചരിത്രം തുടങ്ങി നിരവധി വിഷയങ്ങൾ അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ പഠന വിധേയമാക്കുന്നു.

16 പുസ്തകങ്ങളുടെ ഈ സമാഹാരത്തിന് 1850 രൂപയാണ് വില. ഈ പുസ്തകങ്ങൾ സൗജന്യ വിലയായ 1350 രൂപക്ക് (പോസ് റ്റേജ് ഉൾപ്പെടെ) ഇപ്പോൾ ലഭിക്കുമെന്ന് പുസ്തക പ്രസാധകരായ ഹാലേലൂയ്യാ ബുക്സ് അറിയിച്ചു. പുസ്തകങ്ങൾ ലഭിക്കുവാൻ 93495 00155 എന്ന നമ്പരിലേക്ക് Sms/ whatsApp ചെയ്യുക