വില്യം കേറി ഇന്ത്യയിലേക്ക് മിഷണറിയായി യാത്രതിരിച്ച ദിവസം 
     ആധുനിക മിഷനറി യുഗത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന വില്യം കേറി സുവിശേഷ ദൗത്യവുമായി ഇന്ത്യയിലേക്ക് യാത്രതിരിച്ചത് 1793 ജൂൺ 13ന്.  അതൊരു ചരിത്ര മുഹൂർത്തമായിരുന്നു, ഇന്ത്യയിലെ സുവിശേഷ മുന്നേറ്റത്തിനും സാമൂഹിക പരിഷ്കരണത്തിനും ചരിത്രംകുറിച്ച നിമിഷങ്ങൾ.
     ഇംഗ്ലണ്ടിലെ നോർത്താംപ്റ്റൺ ഷെയറിൽ 1761 ഓഗസ്റ്റ് 17 ന് ജനിച്ച വില്ല്യം കേറി ഒരു ചെരുപ്പുകുത്തിയായിരുന്നു.  മാനസാന്തര അനുഭവത്തിനുശേഷം ബാപ്റ്റിസ്റ്റ് സഭയുടെ ശുശ്രൂഷകനായി. ലത്തീൻ, എബ്രായ, ഫ്രഞ്ച്, ഗ്രീക്ക് ,ഡച്ച് ഭാഷകൾ സ്വയം അഭ്യസിച്ചു.  1773 ഇന്ത്യയിലേക്ക് മിഷണറിയായി ഡാനിഷ് കപ്പലിൽ യാത്ര തിരിച്ച കേറി ബംഗാളിലെത്തി. അഞ്ചുവർഷംകൊണ്ട് പുതിയനിയമം ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തി.  24 ഭാഷകളിലേക്ക് പൂർണ്ണമായും ഭാഗികമായും ബൈബിൾ വിവർത്തനം ചെയ്തു. കൽക്കട്ടയിലെ സെറാംപൂറിൽ വില്യം കോളജും സെമിനാരിയും സ്ഥാപിച്ചു. 1829 ൽ സതി നിർത്തലാക്കുന്നതിന് നിർണായക പങ്കുവഹിച്ചു. വിവിധ ഭാഷകളിൽ വ്യാകരണവും നിഘണ്ടുവും രചിച്ചു.
     ‘ ദൈവത്തിൽ നിന്ന് വൻ കാര്യങ്ങൾ പ്രതീക്ഷിക്കുക, ദൈവത്തിനുവേണ്ടി വൻ കാര്യങ്ങൾ ചെയ്യുക ‘ എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആപ്തവാക്യം. എളിയ ജീവിതത്തിൽ നിന്ന് വലിയ മിഷനറി ദൗത്യത്തിനു വേണ്ടി ദൈവം ഉപയോഗിച്ച വ്യക്തിയാണ് വില്യം കേറി. ഇന്ത്യൻ മിഷണറി പ്രവർത്തന രംഗത്ത് കനത്ത സംഭാവനകൾ നൽകിയ കേറി 1834 ൽ സന്നിധിയിൽ ചേർക്കപ്പെട്ടു.