കേരളം ഇന്ന് നിർണ്ണായമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ചു സമൂഹത്തിൽ വലിയ ധ്രുവീകരണത്തിന് കാരണമാകാവുന്ന തെരഞ്ഞെടുപ്പു ഫലമായിരിക്കും വരാനിരിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. തുടർച്ചയായി മൂന്നാം പ്രാവശ്യവും ഇടതുമുന്നണി തന്നെ അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ വികസന മുരടിപ്പ് തുടരും തൊഴിലില്ലായ്മ പെരുകും ധനകമ്മി വർദ്ധിക്കും പിൻവാതിൽ നിയമനം, മാസപ്പടി, സ്വർണ്ണം കക്കുന്ന അവസ്ഥ മുതലായവ ആവർത്തിക്കും എന്നു കരുതുന്നവർ നിരവധിയാണ്. നേതാക്കളുടെ ധാർഷ്ട്യം, രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യൽ, വിമതശബ്ദങ്ങളെ അടിച്ചമർത്തൽ, മാധ്യമ സ്വാതന്ത്ര്യം ഹനിക്കൽ മുതലായവയും തുടർന്നുകൊണ്ടേയിരിക്കും എന്ന ആശങ്കയും പൊതുവെ ഉണ്ട്. 
 
കേരളത്തിൽ ഇടതുമുന്നണിയുടെയും ബിജെപി നേതൃത്വത്തിലുള്ള എൻ.ഡി.എ യുടെയും പൊതുശത്രുവാണു കോൺഗ്രസ്. ഈ പ്രാവശ്യം കൂടി കോൺഗ്രസ് അധികാരത്തിൽ നിന്നും അകറ്റിനിർത്തപ്പെട്ടാൽ കേരളത്തിൽ പാർട്ടി ശിഥിലമാവുകയും അപ്രസക്തമാവുകയും ചെയ്യും. ഇടതും ബിജെപിയും പ്രത്യക്ഷത്തിൽ അകൽച്ചയിലാണെങ്കിലും അവർ തമ്മിൽ ഒരു അന്തർധാര സജീവമായി നിലനിൽക്കുന്നു എന്ന സംശയം പലരും ഉന്നയിക്കുന്നു. മൂന്നോ നാലോ സീറ്റുകൾ ബിജെപിക്ക് ജയിക്കാൻ വിട്ടു നൽകി മറ്റു മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ പരാജയം ഉറപ്പാക്കുക എന്നതാണതെ ആ രഹസ്യ “ഡീൽ”. ബിജെപി ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ പോലും അവർ സ്ഥാനാർഥികളെ നിർത്താതെ സീറ്റുകൾ ട്വന്റി- ട്വന്റിക്കു വിട്ടുകൊടുത്തു. ട്വന്റി- ട്വന്റിയാകട്ടെ കേവലം ദുർബലരായ സ്ഥാനാർഥികളെ മത്സരിപ്പിച്ചു ആ സീറ്റുകളിൽ ഇടതുമുന്നണിയെ സഹായിക്കുന്നു. ലാവ്‌ലിൻ കേസ്, നയതന്ത്ര സ്വർണ കള്ളക്കടത്ത്, ശബരിമല സ്വർണ്ണ കവർച്ച, മാസപ്പടി മുതലായ പ്രമാദമായ എല്ലാ കേസുകളും കേന്ദ്ര അന്വേഷണ ഏജൻസികൾ മുക്കി. അങ്ങനെ ആരോപണവിധേയരായ ഇടതുമുന്നണി നേതാക്കളെ ബിജെപി സംരക്ഷിക്കുന്നു. പകരം തെരെഞ്ഞെടുപ്പുകാലത്തു സംസ്ഥാനത്തേക്കു ബിജെപി അനധികൃതമായി ഒഴുക്കുന്ന പണം പിടികൂടി കേസാക്കാതെ കേരളാ പോലീസ് അവരെ സഹായിക്കുന്നു. കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പുകാലത്തു പോലീസ് ഇടപെടലിലൂടെ തൃശൂർ പൂരം കലക്കി ഹൈന്ദവ മതവികാരം വൃണപ്പെടുത്തി ബിജെപി സ്ഥാനാർഥിയുടെ വിജയത്തിന് ഒത്താശചെയ്തത് ഇടതു സർക്കാരാണെന്ന ആരോപണവും ഇതിനോടു ചേർത്തു വായിക്കേണ്ടതുണ്ട്.
 
തെരെഞ്ഞെടുപ്പുകാലത്തു പെന്തെക്കോസ്തുസഭകൾ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുന്നു എന്ന അവകാശവാദവുമായി ചിലർ രംഗത്ത് വരികയുണ്ടായി. പെന്തെക്കോസ്ത് സഭാ നേതാക്കൾ അതു നിഷേധിച്ചും അങ്ങനെയൊരു നീക്കത്തെ അപലപിച്ചും പ്രസ്താവനകൾ ഇറക്കി. എങ്കിലും സഭയിൽ ഒരു വിഭാഗം ഇടതുമുന്നണിയെ പിന്തുണക്കുന്നു. കമ്മ്യൂണിസ്റ് ആശയങ്ങളോടും നയങ്ങളോടും ഒരുകാലത്തു ക്രിസ്ത്യാനികൾക്ക് ഉണ്ടായിരുന്ന അയിത്തം ഇന്നില്ല. “വൈരുദ്ധ്യാത്മക ഭൗമികവാദത്തെ” ക്രിസ്തീയ വിശ്വാസവുമായി സമന്വയിപ്പിച്ച് അവതരിപ്പിച്ചതിലൂടെയാണ് അതു സാധ്യമായത്. ദൈവം എന്ന യാഥാർത്ഥ്യത്തെയും ദൈവിക ഇടപെടലിനെയും അത്ഭുതങ്ങളെയും മരണാനന്തര ജീവിതത്തെയും നിഷേധിക്കുന്ന മാർക്സിയൻ ഭൗതികവാദവുമായി പൊരുത്തപ്പെടാതെ തന്നെ വർഗ്ഗസമരത്തെ കുറിച്ചുള്ള മാർക്സിസ്റ്റ് വിശകലനത്തെ കാരുണ്യത്തിനും നീതിക്കും വേണ്ടിയുള്ള ക്രിസ്തീയ പ്രതിബദ്ധതയുമായി ലയിപ്പിച്ചു. “വിമോചന ദൈവശാസ്ത്രം” (liberation theology) എന്ന വീക്ഷണത്തോടു ചേർന്നുനിൽക്കുന്ന ദരിദ്രർക്ക് മുൻഗണന നൽകുക, അടിച്ചമർത്തലിനെതിരെ പോരാടുക, സാമൂഹിക നീതി നടപ്പാക്കുക എന്നിങ്ങനെയുള്ള ഭൗതിക ജീവിത സാഹചര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു പ്രവർത്തന ശൈലിയാണത്. ദൈവരാജ്യത്തെ വരാനിരിക്കുന്ന ഒരു ഭാവി സ്വർഗ്ഗീയ ആശയമായി മാത്രമല്ല, മൂർത്തവും ഭൂമിയിൽ സാക്ഷാത്കരിക്കപ്പെടുന്നതുമായ ഒരു സാമ്പത്തിക ക്രമമായി കണക്കാക്കുന്നു. “.. സകലവും പൊതുവക എന്നു എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവർക്കും പങ്കിടുകയും ചെയ്തു” (പ്രവൃത്തികൾ 2:44,45) എന്ന വചനത്തിൽ കാണുന്ന ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയുടെ മാതൃക കമ്മൂണിസം മുന്നോട്ടുവെക്കുന്ന പൊതു ഉടമസ്ഥാവകാശം, സാമൂഹിക സമത്വം, ആവശ്യാധിഷ്ഠിത വിതരണം, ദാരിദ്ര്യനിർമ്മാർജ്ജനം തുടങ്ങിയ ആശയവുമായി പൊരുത്തപ്പെടുന്നു എന്നവർ അവകാശപ്പെടുന്നു. എന്നാൽ യെരുശലേം സഭക്കു സംഭവിച്ച പരാജയം കമ്മ്യൂണിസ്റ്റ് ആശയങ്ങളൂടെ അടിസ്ഥാനപരമായ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സദുദ്ദേശ്യത്തോടെയുള്ളതാണെങ്കിലും, സ്വത്തുക്കൾ വിൽക്കുകയും വിഭവങ്ങൾ പങ്കിടുകയും ചെയ്യുന്ന മാതൃക ഒരു ദരിദ്ര സമൂഹത്തെ സൃഷ്ടിച്ചു. സുസ്ഥിരമായ വരുമാന സ്രോതസ്സിന്റെ അഭാവം, ബാഹ്യ സംഭാവനകളെ ആശ്രയിക്കുന്നതിന് കാരണമായി.
 
തെരെഞ്ഞെടുപ്പിൽ ആര് ജയിച്ചാലും അവരെ ആ സ്ഥാനത്താക്കിവെക്കുന്നതു ദൈവമാണെന്നാണു വേദപുസ്തകം പഠിപ്പിക്കുന്നത്. അവരിലൂടെ ദൈവം തന്റെ ഹിതം നിറവേറ്റുന്നു. അപ്പോൾ തന്നെ നാട്ടിൽ സമാധാനവും സ്വസ്ഥതയും നീതിയും ന്യായവും പുലരേണ്ടതിനായി വിശ്വാസ സമൂഹം പ്രാർത്ഥിക്കുവാൻ കടംപെട്ടവരാണെന്നും ബൈബിൾ പറയുന്നു.