“ഇങ്ങനെ മിസ്രയീംരാജാവായ ശീശൿ യെരൂശലേമിന്റെ നേരെ വന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ചു ആസകലം എടുത്തുകൊണ്ടുപോയി; ശലോമോൻ ഉണ്ടാക്കിയ പൊൻ പരിചകളും അവൻ എടുത്തുകൊണ്ടുപോയി. അവെക്കു പകരം രെഹബെയാംരാജാവു താമ്രംകൊണ്ടു പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു”. (2 ദിനവൃത്താന്തം 12:9,10) 
 
ശബരിമലയിലെ ദ്വാരപാലകരുടെ സ്വർണ്ണപ്പാളികൾ മാറ്റി പകരം ചെമ്പു പാളികൾ സ്ഥാപിച്ചു എന്ന വിഷയമാണല്ലോ കേരള സമൂഹം സജീവമായി ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുയർന്നുകേട്ട പാരഡിഗാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലത്തെ സാരമായി ബാധിച്ചു എന്നും വിലയിരുത്തപ്പെടുന്നു. പാരഡിഗാനത്തിനെതിരെ ചിലർ പരാതിയുമായി പോലീസിനെ സമീപിക്കയുണ്ടായി. അയ്യപ്പഭക്തരുടെ മതവികാരം വൃണപ്പെടുത്തി എന്നതായിരുന്നു പരാതി. അപ്പോഴാണ് ദക്ഷിണേന്ത്യയിലെ പ്രശസ്ത മുസ്ലിം തീര്‍ത്ഥാടനകേന്ദ്രമായ നാഗൂര്‍ ദര്‍ഗ്ഗയിലെ സൂഫി ഗായകര്‍ പരമ്പരാഗതമായി പാടിവരുന്ന ‘ഏകനേ യാ അല്ലാഹ്…..’ എന്നു തുടങ്ങുന്ന ഭക്തിഗാനത്തിന്റെ ഈണത്തെ അധികരിച്ചാണ് ഡോ. ഉളുന്തൂര്‍പേട്ട ഷണ്‍മുഖം ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്..’ എന്ന ഗാനം ചിട്ടപ്പെടുത്തിയതെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. ഏതാണ് ഒറിജിനൽ? ഏതാണ് പാരഡി? എന്ന തർക്കം ഇപ്പോഴും തുടരുന്നു. ഏതായാലും കേരളസമൂഹത്തിൽ ഈ പാരഡിഗാനം അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പു തീരുന്നതുവരെയെങ്കിലും നിലനിൽക്കാനുള്ള സാധ്യതയാണ് കാണുന്നത്.
 
ഒരു കാലത്തു തനി തങ്കത്തിൽ തീർത്ത പലതും ചിലർ അപഹരിച്ചുകൊണ്ടുപോവുകയും പകരം ചെമ്പോ ചെമ്പു കലർന്ന താമ്രമോ പിച്ചളയോ കൊണ്ടുവെക്കുകയും ചെയ്യുന്ന സമ്പ്രദായം ഇന്നു തുടങ്ങിയതല്ല. സമാനമായ സംഭവമാണ് പഴയനീയമത്തിൽ നിന്നും മേലുദ്ധരിച്ച വാക്യങ്ങളിൽ കാണുന്നത്. ശലോമോൻ രാജാവിന്റെ ഭരണകാലം അക്ഷരാർഥത്തിൽ ഇസ്രയേലിന്റെ സുവർണ്ണകാലമായിരുന്നു. “(ശലോമോൻ) രാജാവു യെരൂശലേമിൽ പൊന്നും വെള്ളിയും പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരു താഴ്‌വീഥിയിലെ കാട്ടത്തിമരം പോലെയും ആക്കി” (2 ദിനവൃത്താന്തം 1:15). “ശലോമോൻ രാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ ഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്കു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു” (2 ദിനവൃത്താന്തം 9:20). സ്വർണ്ണം കല്ലുപോലെ സുലഭമായിരുന്ന കാലം. അന്നു വെള്ളിക്കു യാതൊരു വിലയുമുണ്ടായിരുന്നില്ല. യെരുശലേം കൊട്ടാരത്തിലെയും ലെബാനോൻ വേനക്കാലവസതിയിലെയും ഉപകരണങ്ങൾ മാത്രമല്ല, അകമ്പടിസേവകരുടെ പരിചകൾ പൊലും പൊന്നുകൊണ്ട് ഉണ്ടാക്കിയവയായിരുന്നു. “ശലോമോൻ രാജാവു, അടിച്ചുപരത്തിയ പൊന്നുകൊണ്ടു ഇരുനൂറു വൻ പരിച ഉണ്ടാക്കി; ഓരോ പരിചെക്കു അറുനൂറുശേക്കൽ പൊന്നു ചെലവായി”. (1 രാജ. 10:16). എന്നാൽ ശലോമോൻറെ മരണാന്തരം അടുത്ത തലമുറയുടെ ഭരണകാലം വന്നപ്പോൾ മിസ്രയീംരാജാവായ ശീശൿ യെരൂശലേമിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തി, ദൈവാലയത്തിലെയും രാജധാനിയിലെയും സ്വർണ്ണം മുഴുവനും കൈവശമാക്കി. ശലോമോൻ ഉണ്ടാക്കിയ പൊൻ പരിചകളും നഷ്ടപ്പെട്ടു. അവെക്കു പകരം രെഹബെയാംരാജാവു താമ്രംകൊണ്ടു പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന ദ്വാരപാലകരുടെ കയ്യിൽ ഏല്പിച്ചു.
 
വ്യക്തിയായാലും പ്രസ്ഥാനമായാലും രാഷ്ട്രമായാലും ഒരുകാലത്തു തനി തങ്കമായിരുന്ന പലതും നഷ്ടപ്പെടുത്താൻ ഇടയാക്കുന്നതും മൂല്യം കുറഞ്ഞവസ്തുക്കൾ പകരംവെക്കുന്നതും ധാർമ്മിക അധഃപതനത്തിന്റെയും നിലവാര ശോഷണത്തിന്റെയും തെളിവാണ്. ഉയർന്ന മുല്യമുള്ളതും മഹത്വത്തിന്റെയും സമ്പത്തിനെയും പ്രതീകവുമാണു സ്വർണ്ണം. അതിനുപകരം താമ്രം കൊണ്ടുതീർത്ത പരിചയും പിടിച്ചുനിൽക്കേണ്ടിവരുന്ന അകമ്പടിനായകൻമാരുടെ അവസ്ഥ പരിതാപകരമാണ്. പൊന്നിനുപകരം അതെ നിറമുള്ള വെങ്കലം ഉപയോഗിച്ചു നിർമ്മിച്ച പരിചകൾ കാഴ്ച്ചയിൽ ഒരുപോലെയിരിക്കുമെങ്കിലും വ്യാജമാണെന്ന് സൂക്ഷിച്ചുനോക്കിയാൽ മനസ്സിലാകും. 
 
സഭകളുടെയും പ്രസ്ഥാനങ്ങളുടെയും ആരംഭകാലത്തുണ്ടായിരുന്ന ആത്മീക നിലവാരം തലമുറകൾ കഴിഞ്ഞപ്പോൾ നഷ്ടമായി എന്നത് ഏവരും സമ്മതിക്കുന്ന കാര്യമാണ്. പിതാക്കന്മാരുടെ സ്വഭാവവൈശിഷ്ട്യവും സത്യസന്ധതയും ഉപദേശവിശുദ്ധിയും കൈമോശംവന്നു. അതിനുപകരമായി കപടവേഷധാരികൾ സഭകളിൽ കടന്നുകൂടി. നാട്യവും വ്യാജഅനുകരണവുമാണ് അവരുടെ മുഖമുദ്ര. “ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തിയെ ത്യജിക്കുന്ന” കൂട്ടർ. പുറമെ വെള്ള വസ്ത്രം ധരിക്കുമെങ്കിലും ഉള്ളിൽ പകയും, വിദ്വേഷവും, മത്സരവും, വിരോധവും, വെറുപ്പും വെച്ചുപുലർത്തുന്ന ഒരു നേതൃനിരയാണ് നമുക്ക് ഇന്നുള്ളത്. നമുക്കു നൽകപ്പെട്ട വിലയേറിയതും അതിമഹത്തുമായ വിശ്വാസവും പിതാക്കന്മാർ കൈമാറിയ ശ്രേഷ്ഠമായ ആത്മീകപൈതൃകവും നഷ്ടപ്പെടുത്തിയ തലമുറ. അവർക്കു കവചം ഒരുക്കുവാനും അകമ്പടിസേവിക്കുവാനുമായി പരിചയെടുത്ത കുറെ അനാത്മീകർ. ഇവരെ സഭയുടെ അധികാരത്തിന്റെ അകത്തളങ്ങളിൽ കയറ്റിയതുമൂലം “സ്വർണ്ണം ചെമ്പായി മാറിയെ” എന്ന് പരിതപിക്കേണ്ട അവസ്ഥയിലാണ് ഇന്നത്തെ വിശ്വാസസമൂഹം.