ജോർജ്ജ് ഫ്‌ളോയ്ഡ് സംഭവം അമേരിക്കയിൽ പല പൊളിച്ചെഴുത്തിനും വേദിയാകുകയാണ്. പോലീസ് നിയമങ്ങളിലുള്ള പരിഷ്‌കാരങ്ങൾ,  കോളനിക്കാലത്തെ പട്ടാള മേധാവികളുടെ പ്രതിമകൾ നീക്കം ചെയ്യുക, തൊഴിൽ മേഖലകളിൽ ഇന്ന് നിലനിൽക്കുന്ന  വർണ്ണ വിവേചനപരമായ തീരുമാനങ്ങളിൽ മാറ്റം വരുത്തുക തുടങ്ങി പല മേഖലകളിലും മാറ്റം പ്രകടമാണ്.  ചില ക്രിസ്തീയ സഭകൾ കറുത്ത വർഗ്ഗക്കാരായ ബിഷപ്പുമാരെയും പാസ്റ്റർമാരെയും ഉന്നതസ്ഥാനങ്ങളിൽ അടിയന്തിരമായി അവരോധിക്കുക പോലുമുണ്ടായി.

തോമസ് മുല്ലയ്ക്കൽ


മിനിയാ പോലീസ്, മിനസോട്ട: 2020 മെയ് 25 ന് അമേരിക്കയുടെ മെമ്മോറിയൽ ദിനത്തിൽ ജോർജ്ജ് ഫ്‌ളോയ്ഡ് എന്ന നിരായുധനായ ആഫ്രിക്കൻ അമേരിക്കക്കാരന് മിനസോട്ടയിലെ മിനിയാപോലീസിൽ വെച്ച് ദാരുണമായ അന്ത്യം. സംശയാസ്പദമായി അറസ്റ്റ് ചെയ്ത് കൈവിലങ്ങുമായി തറയിൽ കമിഴ്ന്നു കിടക്കുന്ന ജോർജ്ജിന്റെ കഴുത്തിൽ വെള്ളക്കാരനായ ഒരു പോലീസ് ഉദേ്യാഗസ്ഥൻ ഒൻപത് മിനിറ്റോളമാണ് മുട്ടുകുത്തിനിന്നത്. തുടർന്ന്! ശ്വാസം കിട്ടാനാകാതെ ജീവനുവേണ്ടി നാല് പോലീസ് ഉദ്യോഗസ്ഥരോടും അദ്ദേഹം കേണപേക്ഷിച്ചു ‘തനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല.’ എന്ന്. ചുറ്റും നിന്ന പൊതുജനങ്ങളും പോലീസ് ഉദ്യോഗസ്ഥരോട് ആവർത്തിച്ചു പറഞ്ഞു, ‘അയാൾക്ക് ശ്വാസം കിട്ടുന്നില്ലെന്ന്’. എന്നാൽ അത്തരം അപേക്ഷകളൊക്കെ വനരോദനമായി മാറിയപ്പോൾ യാതൊരു കരുണയും ലഭിക്കാതെ ഡെറക് ഷോവിൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാൽമുട്ടിന്റെ അടിയിൽ കിടന്ന് ജോർജ്ജ് ഫ്‌ലോയ്ഡിന്റെ ജീവിതം അസ്തമിച്ചു. തുടർന്ന് നടന്ന രണ്ട് പോസ്റ്റ്‌മോർട്ടങ്ങളും അദ്ദേഹത്തിന്റെ മരണം ഒരു നരഹത്യയാണെന്ന് തെളിയിച്ചു. ദുരന്തത്തിന്റെ അടുത്ത ദിവസം കുറ്റക്കാരായ നാല് പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കുകയും ഡെറക് ഷോവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

തുടർന്ന്! ജോർജ്ജ് ഫ്‌ളോയ്ഡിന്റെ മരണത്തിനും വംശീയ അനീതിക്കുമെതിരെ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ അമേരിക്കയിലും ലോകമെമ്പാടുമുള്ള നാനൂറിലധികം നഗരങ്ങളിലും അരങ്ങേറി. ‘കറുത്ത വർഗ്ഗക്കാരന്റെ ജീവനും പ്രാധാന്യമുണ്ട്’ എന്ന് അർത്ഥം വരുന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റർ, ‘എനിക്ക് ശ്വാസം മുട്ടുന്നു’ തുടങ്ങിയ ശബ്ദങ്ങളാൽ അന്തരീക്ഷം മുഖരിതമായി. അടിമത്തത്തിന്റെ കണ്ണുനീർ തുള്ളിയിൽ പണിതുയർത്തിയ സ്ഥാപനങ്ങളും പ്രതിമകളും വെണ്ണീറായി മാറുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. എന്നാൽ പ്രതിഷേധക്കാരോടൊപ്പം കടന്നുകൂടിയ സാമൂഹിക വിരുദ്ധർ വ്യാപകമായി കൊള്ളയും കൊള്ളിവയ്പുകളും നടത്തിയപ്പോൾ സഹന സമരങ്ങളിലൂടെ ഒരു കാലത്ത് സ്വായത്തമാക്കിയ സ്വാതന്ത്ര്യത്തെ അപഹാസ്യമാക്കുന്ന ഘട്ടം വരെ കാര്യങ്ങൾ എത്തിച്ചേർന്നു. അമേരിക്കൻ പട്ടാളം തെരുവിലേക്കിറങ്ങുന്ന സാഹചര്യം സംജാതമായി. പോലീസ് മേധാവികൾ പ്രതിഷേധക്കാരോട് പരസ്യമായി മാപ്പ് ചോദിക്കുകയും അവരെ ആശ്ലേഷിക്കുകയും ചെയ്തു.

ഏതായാലും ജോർജ്ജ് ഫ്‌ളോയ്ഡ് സംഭവം അമേരിക്കയിൽ പല പൊളിച്ചെഴുത്തിനും വേദിയാകുകയാണ്. പോലീസ് നിയമങ്ങളിലുള്ള പരിഷ്‌കാരങ്ങൾ, അടിമ സമ്പ്രദായത്തിന് പ്രാധാന്യം നൽകിയ കോളനി വാഴ്ചക്കാലത്തെ പട്ടാള മേധാവികളുടെ പ്രതിമകൾ നീക്കം ചെയ്യുക, തൊഴിൽ മേഖലകളിൽ ഇന്ന് നിലനിൽക്കുന്ന പരോക്ഷമായ വർണ്ണ വിവേചനപരമായ തീരുമാനങ്ങളിൽ മാറ്റം വരുത്തുക തുടങ്ങി പല മേഖലകളിലും മാറ്റം പ്രകടമാണ്. പ്രത്യേകാൽ ചില ക്രിസ്തീയ സഭകൾ കറുത്ത വർഗ്ഗക്കാരായ ബിഷപ്പുമാരെയും പാസ്റ്റർമാരെയും ഉന്നതസ്ഥാനങ്ങളിൽ അടിയന്തിരമായി അവരോധിക്കുക പോലുമുണ്ടായി.

2020 ഫെബ്രുവരി 23 ന് തന്റെ വീടിനടുത്ത് ജോഗിംഗ് നടത്തുന്ന ഇരുപത്തിയഞ്ച് വയസുള്ള ആഫ്രിക്കൻ അമേരിക്കൻ വംശജനായ അഹമദ് അർബെറി കൊല്ലപ്പെട്ടതാണ് സമീപകാലത്ത് വാർത്താ പ്രാധാന്യം നേടിയ മറ്റൊരു കറുത്ത വർഗ്ഗക്കാരന്റെ മരണം. ജോർജിയയിലെ ബ്രൺസ്‌വിക്കിനടുത്തുള്ള സാറ്റില്ല ഷോർസ് എന്ന കമ്മ്യൂണിറ്റിയിൽ വച്ച് പിക്കപ്പ് ട്രക്കിൽ എത്തിയ ആയുധധാരികളായ രണ്ടു വെള്ളക്കാരുടെ കയ്യാലാണ് അർബെറി വെടിയേറ്റ് മരിച്ചത്. വംശീയ വിദ്വേഷ ആരോപണങ്ങൾ ഈ ദുരന്തത്തിന്റെ തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. വെടിവയ്പ് കഴിഞ്ഞ് രണ്ട് മാസത്തിലേറെയായിട്ടും ആക്രമണത്തിന്റെ വീഡിയോ പരസ്യമാക്കുന്നതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ കുറ്റാരോപണം നടത്തുകയോ ചെയ്തിരുന്നില്ല. എന്നാൽ ഈ സ്ഥാനത്ത് ഒരു വെള്ളക്കാരൻ ഇരയായിരുന്നെങ്കിൽ ഇതേ കാലതാമസം ഉണ്ടാകുമായിരുന്നോ എന്ന് പലരും അന്ന് ചോദിച്ചു. വർണ്ണ വിവേചനം മൂലം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ട്രിവോൺ മാർട്ടിൻ, ആൾട്ടൺ സ്‌റ്റെർലിംഗ്, മൈക്കൽ ബ്രൗൺ, ഫിലാൻഡോ കാസ്‌റ്റൈൽ, വാൾട്ടർ സ്‌കോട്ട് എന്നിവരുടെ മരണങ്ങളും ചാൾസ്റ്റൺ ചർച്ച് ഷൂട്ടിംഗും അമേരിക്കയിൽ കാലങ്ങളായി നടമാടുന്ന വർണ്ണവെറിയുടെ ആഴം വെളിവാക്കുന്നു.

ആഫ്രിക്കക്കാരുടെ വംശീയതയുമായി ബന്ധപ്പെട്ട ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആഫ്രിക്കൻ അടിമകളുടെ ആദ്യ സംഘം നാല് പുരുഷന്മാരും സ്ത്രീകളും 1619ൽ വിർജീനിയയിലെ ജെയിംസ്‌ടൌൺ എന്ന ആദ്യത്തെ അമേരിക്കൻ തുറമുഖത്തിലെത്തി. ‘അമേരിക്ക’ എന്ന പുതിയ ഭൂമിയിൽ അടിമ വ്യവസ്ഥിതിയുടെ തുടക്കം അവിടം മുതലാണ് ആരംഭിക്കുന്നത്. ഒരിക്കൽ ബാർബഡോസിലുള്ള ആംഗ്ലിക്കൻ സഭയിലെ ശുശ്രൂഷകൻ പരസ്യമായി പ്രസ്താവിച്ചത് ഇങ്ങനെയാണ്, ‘ആഫ്രിക്കക്കാരായ അടിമകൾ മൃഗങ്ങളെപ്പോലെയാണെന്നും മൃഗങ്ങളേക്കാൾ കൂടുതലായി അവർക്ക് ആത്മാവില്ലാത്തവരാണെന്നും.’ എന്ന്!. ഇത് തന്നെയായിരുന്നു ആഫ്രിക്കക്കാരായ അടിമകളെക്കുറിച്ച് ബഹു ഭൂരിപക്ഷം വെള്ളക്കാരുടെയും ചിന്താഗതി. അങ്ങനെയാണ് ഒരു മൃഗത്തെ സ്വന്തമാക്കുന്നതുപോലെ അടിമയുടെ സ്വകാര്യ ഉടമസ്ഥാവകാശം അവരെ വാങ്ങുന്നവർക്ക് സ്വന്തമായിത്തീർന്നത്. അടിമകൾ മനുഷ്യവംശത്തിൽപെടാത്തവർ ആയതുകൊണ്ട് ഒരിക്കലും സ്വാതന്ത്ര്യം ആഗ്രഹിക്കാൻ പോലും പാടില്ലെന്നും അടിമകളുടെ ഉടമകൾ അവരെ വിശ്വസിപ്പിച്ചു.

കൃഷി സ്ഥലങ്ങളിൽ കൂടുതൽ കാലം കഠിനാധ്വാനം ചെയ്യാൻ ആഫ്രിക്കക്കാരെ ഉപയോഗിക്കാനാകും. അമേരിക്കൻ ഭൂഖണ്ഡം ആഫ്രിക്കയിൽ നിന്ന് വളരെ ദൂരെയായതിനാൽ അവർക്ക് എളുപ്പത്തിൽ രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങാനും സാദ്ധ്യമല്ല. കൂടാതെ, ആഫ്രിക്കൻ അടിമകൾ വിവിധ രാജ്യങ്ങളിൽ നിന്നും സംസ്‌കാരങ്ങളിൽ നിന്നും വന്നവരാണ്, അതിനാൽ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാനോ പരസ്പരം ആശയവിനിമയം നടത്താനോ അവർക്ക് കഴിഞ്ഞിരുന്നില്ല.1860ലെ സെൻസസിലെ കണക്കനുസരിച്ച് അമേരിക്കയിൽ കൃത്യമായി 39,50,540 അടിമകൾ ഉണ്ടായിരുന്നു. 1862 വരെ അമേരിക്കയിൽ അടിമത്തം നിയമപരമായിരുന്നു. അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന എബ്രഹാം ലിങ്കന്റെ കാലത്താണ് അടിമ നിരോധന നിയമം പ്രാബല്യത്തിൽ വന്നത്. എന്നാൽ 1965ൽ മാത്രമാണ് കറുത്ത വർഗ്ഗക്കാരുടെ വോട്ടവകാശത്തിനുള്ള വിലക്കുകൾ നീങ്ങുന്നത്. ബാപ്ടിസ്റ്റ് സഭയിലെ പാസ്റ്ററും നോബൽ സമ്മാന ജേതാവുമായ മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിനെപ്പോലെയുള്ളവരുടെ നേതൃത്വത്തിലുള്ള സഹന സമരങ്ങളാണ് ആഫ്രിക്കൻ അമേരിക്കൻ വംശജരുടെ അവകാശങ്ങൾ ഏറെക്കുറെ ഉറപ്പുവരുത്തിയത്. ഏഷ്യൻ വംശജരോടുള്ള വെള്ളക്കാരുടെ വർണ്ണ വിവേചനങ്ങൾക്ക് ഉദാഹരണമായി അനവധി സംഭവങ്ങൾക്ക് ചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്. 1882ലെ ചൈനീസ് ഒഴിവാക്കൽ നിയമവും (The 1882 Chinese Exclusion Act) 1924ലെ ഏഷ്യൻ ഒഴിവാക്കൽ നിയമവും (The 1924 Asian Ex-clusion Act) ഏഷ്യൻ കുടിയേറ്റത്തെ വിലക്കുകയും ഏഷ്യക്കാരെ പൗരത്വത്തിന് യോഗ്യരല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ ഇന്നും അമേരിക്കയിൽ വംശീയത നിലനിൽക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക. ഒരു കറുത്ത വർഗ്ഗക്കാരന്റെ ജോലി അപേക്ഷയെക്കാൾ അമ്പത് ശതമാനം പരിഗണന വെളുത്ത വർഗ്ഗക്കാരന് ലഭിക്കുന്നുണ്ട്. ഒരു കറുത്ത വർഗ്ഗക്കാരനെ ട്രാഫിക് സ്‌റ്റോപ്പിൽ ഏതെങ്കിലും സംശയത്തിന്റെ പേരിൽ തിരയാനുള്ള സാദ്ധ്യത വെള്ളക്കാരനെക്കാൻ മൂന്നിരട്ടിയാണെങ്കിൽ, ജയിലിൽ പോകാനുള്ള സാധ്യത വെള്ളക്കാരനേക്കാൾ ആറ് മടങ്ങ് കൂടുതലാണ്. ഒരു കറുത്ത വർഗ്ഗക്കാരൻ ഒരു വെള്ളക്കാരനെ കൊന്നാൽ, ഒരു കറുത്ത വർഗ്ഗക്കാരനെ കൊല്ലുന്ന ഒരു വെളുത്ത വർഗ്ഗക്കാരനെക്കാൾ അയാൾക്ക് അല്ലെങ്കിൽ അവൾക്ക് വധശിക്ഷ ലഭിക്കാൻ ഇരട്ടി സാധ്യതയുണ്ട്. ഒരേ തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് വെളുത്തവരെ അപേക്ഷിച്ച് കറുത്തവർഗ്ഗക്കാർ 20 ശതമാനം വരെ കൂടുതൽ തടവ് അനുഭവിക്കുന്നു. സമാനമായ കുറ്റങ്ങൾക്ക് വെളുത്തവരെ അപേക്ഷിച്ച് കറുത്തവർക്ക് വധശിക്ഷ ലഭിക്കാനുള്ള സാധ്യത 38 ശതമാനം കൂടുതലാണ്.

അമേരിക്കയിലെ സഭകളിലും വംശീയത നിലനിൽക്കുന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്. ചില സർവ്വേകൾ തെളിയിക്കുന്നതും ആ സത്യം തന്നെയാണ്. 32 ശതമാനം വൈറ്റ് പാസ്റ്റർമാർ മാത്രമാണ് തങ്ങളുടെ സഭ പ്രാദേശികതലത്തിൽ വംശീയ വ്യത്യാസമില്ലാതെ എല്ലാവരുമായി സഹകരിക്കുന്നു എന്ന് സമ്മതിക്കുന്നത്. ആഫ്രിക്കൻ അമേരിക്കൻ പാസ്റ്റർമാരിൽ അമ്പത്തിമൂന്ന് ശതമാനം പേർ ഈ പ്രസ്താവനയോട് ശക്തമായി യോജിക്കുന്നുണ്ട്. 56 ശതമാനം ഇവാഞ്ചലിക്കൽ സഭകളിലെ വിശ്വാസികളും വിശ്വസിക്കുന്നത് നിറമുള്ള ആളുകൾ അവരുടെ വംശം കാരണം പലപ്പോഴും ഒരു സാമൂഹിക പോരായ്മയുള്ളവരാണെന്നാണ്. എൺപത്തിനാല് ശതമാനം കറുത്ത വർഗ്ഗക്കാരും ഈ പ്രസ്താവനയോട് യോജിക്കുന്നു. ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ജീവിച്ചിരുന്നപ്പോൾ പറഞ്ഞ മനോഹരമായ പ്രസ്താവനയിങ്ങനെയാണ് ‘ഞായറാഴ്ച രാവിലത്തെ ആരാധനയുടെ സമയത്താണ് ഇപ്പോഴും അമേരിക്കയിലെ ഏറ്റവും വലിയ വംശീയ വേർതിരിവ് കാണാൻ കഴിയുന്ന മണിക്കൂറുകൾ ‘എന്ന്.

വെള്ളക്കാരെ എന്തിനു കുറ്റം പറയുന്നു? നമ്മൾ മലയാളികളെപ്പോലെ ഇത്രയധികം വംശീയമായ വേർതിരിവ് കാണിക്കുന്ന ഒരു വിഭാഗം മറ്റാരുമില്ല എന്ന് അനുഭവത്തിലൂടെ പറയേണ്ടിവരും. ഒരു വെള്ളക്കാരനോ വെള്ളക്കാരിയോ നമ്മുടെ അമേരിക്കയിലെ സഭയിൽ വന്നാൽ നമ്മൾ അവർക്ക് നൽകുന്ന പരിഗണനയും ഒരു ആഫ്രിക്കൻ വംശജനോ വംശജയോ വന്നാൽ അവരോടു കാണിക്കുന്ന അവഗണനയും എന്താണെന്ന്! എടുത്തു പറയേണ്ടതില്ലല്ലോ? നിയമം മാറ്റി എഴുതിയതുകൊണ്ടോ പുറമേ നന്നായി അഭിനയിച്ചു കാണിച്ചാലോ ഒന്നും മാറ്റാവുന്ന ഒന്നല്ല വംശീയമായ നമ്മുടെ കാഴ്ചപ്പാട്. അതിന് സൌത്ത് ആഫ്രിക്കയുടെ മുൻ പ്രസിഡൻറ് നെൽസൻ മണ്ടേലയുടെ വാക്കുകൾ ഉത്തരം നൽകും. ‘ഒരു വ്യക്തി ജനിക്കുമ്പോൾ മറ്റൊരാളെ അവരുടെ തൊലിയുടെ നിറം കൊണ്ടോ, വംശീയ പശ്ചാത്തലം കൊണ്ടോ, മതത്തിന്റെ പേരിലോ ആരും വെറുക്കുന്നില്ല. എന്നാൽ ആ വ്യക്തിയെ വെറുക്കുവാൻ പഠിപ്പിക്കുകയാണ്. ഒരു വ്യക്തിയെ വെറുക്കുവാൻ പഠിപ്പിക്കുവാൻ കഴിയുമെങ്കിൽ തീർച്ചയായും ആ വ്യക്തിയെ മറ്റുള്ളവരെ സ്‌നേഹിക്കാനും പഠിപ്പിക്കുവാൻ കഴിയും’.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

IPC Hebron Houston Educational...

IPC Hebron Houston Educational Scholarship  Scholarship for IAS/IFS/IPS/LLB/LLM Students Applications are invited for scholarship from students preparing for IAS/IFS/IPS 2024-2025 and those who
feature-top

സുവിശേഷ മഹായോഗവും സംഗീത...

അങ്കമാലി ആഴകം ഇമ്മാനുവേൽ മിഷൻ ടീമിൻറെ നേതൃത്വത്തിൽ ഫെബ്രുവരി 20 മുതൽ 23 വരെ
feature-top

ഐപിസി ചിറയിൻകീഴ് സെൻ്ററിന് പുതിയ...

തിരുവനന്തപുരം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ 2025 -2028 ലേക്ക്
feature-top

പ്രതിദിന ധ്യാനം| ദൈവത്തിന്റെ...

ദൈവത്തിന്റെ കൂട്ടുവേലക്കാർ   “പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു
feature-top

ദേശീയ റോബോട്ടിക്ക് മത്സരത്തിൽ റോണി സാമുവേൽ...

ബറോഡ: ഗുജറാത്ത് ഗവണ്മെന്റ് കൗൺസിൽ ഓൺ സയൻസ് ആൻഡ് ടെക്നോളജി (GUJCOST)
feature-top

ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്നു...

ഉപ്പുതറ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 34- മത് ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്ന്
feature-top

Manager post ലേക്ക് staff നെ...

ഏറ്റവുമധികംവായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

ജേക്കബ് ജോണിന് ബെസ്റ്റ്...

പുനലൂർ : അസെംബ്ലീസ്‌ ഓഫ് ഗോഡ് ദൂതൻ മാസികയുടെ 2024 വർഷത്തെ ബെസ്റ്റ്
feature-top

ഏബ്രഹാം തോമസ് (60)...

ഇരവിപേരൂർ: ഐപിസി എബനേസർ സഭാംഗം പ്ലാക്കീഴ് പുരയ്ക്കൽ വടക്കേതിൽ ഏബ്രഹാം