“ക്വാറന്റീൻ “എന്ന വാക്ക്‌ മലയാളികൾക്ക് ആദ്യമായി  പരിചയപ്പെടുത്തിയ പാറേമ്മാക്കൽ തോമാക്കത്തനാരാണ്. ഹാലേലൂയ്യാ എഡിറ്റോറിയൽ ബോർഡ് അംഗമായ റോജിൻ പൈനുംമൂട് “ആദ്യമായി” എന്ന തന്റെ ഫേസ്ബുക് പരമ്പരയിൽ ഇന്നലെ കുറിച്ച രചന
“ക്വാറന്റീൻ  പരിചയപ്പെടുത്തിയ തോമാക്കത്തനാരും മറ്റു ചില ആദ്യങ്ങളും “
ഈ  കൊറോണക്കാലത്ത് ലോകം കൂടുതൽ ഉപയോഗിച്ച ഒരു വാക്കാണ് “ക്വാറന്റീൻ
“ക്വാറന്റീൻ “എന്ന വാക്ക്‌ മലയാളികൾക്ക് ആദ്യമായി  പരിചയപ്പെടുത്തിയ പാറേമ്മാക്കൽ തോമാക്കത്തനാരിന്റെ 284ആം ജന്മദിനം ഇന്നാണ് .കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലെ കടനാട്‌ ഗ്രാമത്തിലെ പാറേമ്മാക്കല്‍ കുടുംബത്തില്‍ കുരുവിള – അന്ന ദമ്പതിമാരുടെ നാലാമത്തെ മകനായി  1736 സെപ്റ്റംബര്‍ 10 നാണ് കുഞ്ഞു തോമായുടെ  ജനനം .
ബ്രിട്ടീഷുകാരോടു ഇന്ത്യ വിട്ടുപോകണം എന്ന് പറഞ്ഞ പ്രക്ഷോഭസമരമായ 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്‌ മുൻപ് പതിനെട്ടാം നൂറ്റാണ്ടിൽ “ഇന്ത്യ ഇന്ത്യക്കാരുടേത്” ” ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യക്കാർ” “നാം ഇന്ത്യ മക്കൾ” ” ഇന്ത്യക്കാരായ നാമെല്ലാം ഒരു ജാതി” എന്ന് ഇന്ത്യൻ ദേശീയതയെപ്പറ്റി  ആദ്യമായി സംസാരിക്കുന്നത് പാറേമ്മാക്കൽ തോമാകത്തനാരാണെന്നും പറയപ്പെടുന്നു.
മീനച്ചില്‍ ശങ്കരന്‍ കര്‍ത്താവിന്റെ പക്കല്‍ മൂന്നു വര്‍ഷം സംസ്കൃതവും കാനാട്‌ ഐപ്പ്  കത്തനാരുടെ പക്കല്‍ മൂന്നു വര്‍ഷം സുറിയാനിയും പഠിച്ച തോമ്മാ ആലങ്ങാട്‌ സെമിനാരിയില്‍ പുരോഹിത പഠനം നടത്തവേ ലത്തീന്‍, പോര്‍ട്ടുഗീസ്‌ ഭാഷകള്‍ വശമാക്കി. 1761-ല്‍ ശുശ്രൂഷാ പൗരോഹിത്യ പട്ടം സ്വീകരിച്ച തോമ്മാ കത്തനാര്‍ മാതൃ ഇടവകയായ കടനാട്ടില്‍ വികാരിയായി സേവനമമനുഷ്ഠിച്ചു  .
മലയാളത്തിലെ ആദ്യ യാത്രാവിവരണരചനയായ   വർത്തമാനപ്പുസ്തകം രചിച്ചത് പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് . പതിനെട്ടാം നൂറ്റാണ്ടിൽ എഴുതപെട്ട ഈ യാത്രാവിവരണം അച്ചടിമഷി പുരണ്ടത്  ഇരുപതാം നൂറ്റാണ്ടിലാണ്  1936ൽ  തോമ്മാക്കത്തനാർ  ജനിച്ചതിന്റെ ഇരുന്നൂറാം വർഷത്തിൽ അതിരമ്പുഴ സെന്റ് മേരീസ് പ്രസിലാണ് ഈ ഗ്രന്ഥം അച്ചടിച്ചത്.
പതിനാറ്  – പതിനേഴ്    നൂറ്റാണ്ടുകളിൽ നമ്മുടെ നാട്ടിൽ അച്ചടിവിദ്യ ഉണ്ടായിരുന്നുവെങ്കിലും മലയാള പുസ്തകങ്ങളുടെ അച്ചടി തുടങ്ങിയിരുന്നില്ല. ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകമായ “പുതിയനിയമം” ബോംബയിലെ കൂറിയർ പ്രസ്സിൽ അച്ചടിച്ചത് 1811 ലാണ് ഈ ഗ്രന്ഥത്തിൽ നാലു സുവിശേഷങ്ങൾ മാത്രമാണ് അടങ്ങിയിരുന്നത്. മുഖ്യവിവർത്തകൻ കായംകുളം ഫിലിപ്പോസ് റമ്പാൻ ആയതിനാൽ ഈ പരിഭാഷയ്ക്ക് റമ്പാൻ ബൈബിൾ എന്നും . ക്ലോഡിയസ് ബുക്കാനന്റെ ഉത്സാഹത്താൽ നിർവഹിക്കപ്പെട്ട വിവർത്തനം ആയതിനാൽ ബുക്കാനൻ ബൈബിൾ എന്നും , കൂറിയർ പ്രസിൽ അച്ചടിച്ചതിനാൽ കൂറിയർ ബൈബിൾ എന്നീ പേരുകളിലും ഈ ബൈബിൾ പരിഭാഷ അറിയപ്പെടുന്നുണ്ട്. എങ്കിലും റമ്പാൻ ബൈബിൾ എന്ന പേരാണ് കൂടുതൽ പ്രശസ്തം.
കോട്ടയത്തെ സി.എം.എസ് പ്രസ്സിൽ അച്ചടിച്ച ബെഞ്ചമിൻ ബെയ്‌ലിയുടെ  ” ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം  ഇംക്ളീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ” എന്ന ഗ്രന്ഥമാണ് . മലയാളത്തിലെ ആദ്യ ബാലസാഹിത്യകൃതി, ആദ്യ കഥാസമാഹാരം ആദ്യപാഠപുസ്തകം എന്ന പ്രത്യേക ബഹുമതിയും  ഈ കൃതിക്കുണ്ട്.
1872 ൽ അച്ചടിച്ച കടയാട്ടു  ഗോവിന്ദമേനോൻറെ  കാശിയാത്രാ റിപ്പോർട്ടാണ്  മലയാളത്തിലെ ആദ്യ യാത്രാവിവരണം. ഇതൊരു ടൂറിസ്റ്റ് ഗൈഡ് മാത്രമാണെന്നാണ് ” സഞ്ചാര സാഹിത്യം മലയാളത്തിൽ ” എന്ന പഠനഗ്രന്ഥത്തിൽ വി. രമേശ് ചന്ദ്രൻ പറയുന്നത്. .  മലയാളത്തിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട യാത്രാവിവരണം  പരിശുദ്ധ പരുമല തിരുമേനി എന്ന പേരിൽ പ്രസിദ്ധനായ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ   1895 ൽ അച്ചടിച്ച “ഊർശ്ലേം യാത്രാവിവരണം” ആണെന്ന് ചില ചരിത്രകാരന്മാരും
 പറയുന്നു.
 മറ്റൊരു സുറിയാനി കത്തോലിക്കാ പുരോഹിതനായിരുന്ന കരിയാറ്റിൽ യൗസേപ്പ്  മല്പാനോടൊപ്പം 1778-നും 1786-നും മധ്യേ നടത്തിയ ലിസ്ബൺ- റോം  പര്യടനത്തെ അധികരിച്ചാണ്  വർത്തമാനപുസ്തകം എഴുതിയിരിക്കുന്നത്. നാട്ടുക്രിസ്ത്യാനികളുടെ യോഗക്ഷേമത്തിന് വിഘാതമായി നിന്ന പ്രശ്നങ്ങളുടേയും മാത്സര്യങ്ങളുടേയും പരിഹാരാർത്ഥം പോർത്തുഗലിലെ അധികാരികളേയും റോമിൽ മാർപ്പാപ്പയേയും കാണുവാൻ പുറപ്പെട്ട ഈ മതഭക്തന്മാർക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളുടെ വിവരണവും, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ ദേശങ്ങളുടെ കൗതുകകരവും സജീവവുമായ വർണ്ണനകളും അടങ്ങിയതാണ് ഈ കൃതി. മലയാളത്തിലെന്നല്ല, ഭാരതീയഭാഷകളിൽ തന്നെ ആദ്യമുണ്ടായ സഞ്ചാരവിവരണം ഇതായിരിക്കാമെന്ന് പറയപ്പെടുന്നു.
ഇറ്റലിയിലെ ജനോവ തുറമുഖത്തു എത്തിയ തോമ്മാക്കത്തനാരും  സംഘവും  അന്ന് ക്വാറന്റീനിൽ ചെലവിട്ടത് പതിമൂന്നു ദിവസം. ഒരു പക്ഷെ ക്വാറന്റീൻ എന്ന  സമ്പർക്കവിലക്കിന് വിധേയരായ ആദ്യ മലയാളികൾ  തോമ്മാക്കത്തനാരും സംഘവും ആയിരിക്കാം. രണ്ടര നൂറ്റാണ്ട്‌ മുന്‍പെഴുതിയ ഈ കൃതി ഇന്നത്തെ ഭാഷയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭാഷ ബുദ്ധിമുട്ടായി  ആരംഭത്തില്‍ തോന്നുമെങ്കിലും പരിചയിച്ചു കഴിയുമ്പോള്‍ എളുപ്പമുള്ളതായി അനുഭവപ്പെടും. വർത്തമാനപ്പുസ്തകത്തിന്റെ ആസ്വാദനത്തിന് ഒരു പ്രധാന തടസ്സമായിരിക്കുന്നത് അതിലെ ഭാഷയുടെ പ്രത്യേകതയാണ്. പതിനെട്ടാം ശതകത്തിന്റെ അന്ത്യപാദത്തിലെ മദ്ധ്യകേരളത്തിൽ, പ്രത്യേകിച്ച് നസ്രാണിസമൂഹത്തിൽ നടപ്പുണ്ടായിരുന്ന വാമൊഴിയുടെ കണ്ണാടിയാണ് ഈ കൃതി എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സാധാരണവായനക്കാർക്ക് അപരിചിതമായിരിക്കാവുന്ന ഒട്ടേറെ പദങ്ങൾ ഇതിൽ കാണാം. ഒപ്രൂശ്മ, ഉറഹായ, കന്തീശങ്ങൾ, ക്യംതാ പ്പെരുന്നാൾ, നസ്രാണി, നിവ്യാ, മാർത്ത, മെസ്രേൻ, സഹദാ, ഹൈക്കലാ തുടങ്ങിയ സുറിയാനിപ്പദങ്ങളും; ആസ്യാ, എവുറൊപ്പ, ഒലന്ത്, ഓസ്തറിയാ, കസ്തല്യൻ, കാപ്പ, ഗൊവർണ്ണദൊർ, പൊർത്തുക്കാൽ, ഫ്രഞ്ചിക്കൊസ്, പ്ലെനിപൊത്തെൻസ്യാരൊ, വിഷ്കൊന്തി, സിമൊണിയാ, തുടങ്ങിയ യുറോപ്യൻ ഭാഷാപദങ്ങളും ഇക്കൂട്ടത്തിൽപ്പെടും. മലയാളം, സംസ്‌കൃതം ഭാഷകളിലെ  ഒട്ടേറെ പദങ്ങൾ ഇതിൽ ആധുനികമലയാളത്തിൽ അവയ്ക്ക് കല്പിക്കപ്പെടുന്നതിൽ നിന്ന് ഭിന്നമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഈ കൃതിയുടെ രചനയിൽ താൻ ലക്ഷ്യം വച്ചതെന്തെന്ന് മുഖവുരയിൽ ഗ്രന്ഥകാരൻ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.
വർത്തമാനപുസ്തകത്തിന്റെ മുപ്പത്തിയൊമ്പതാം അധ്യായമായ “ഞങ്ങൾ ജനോവയിൽ ചെന്നതിന്റെ ശേഷമുണ്ടായ ദൈവാനുഗ്രഹങ്ങൾ”  എന്നതിലാണ് ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ . പ്രസ്തുത പുസ്തകത്തിന് പ്രൊഫസർ മാത്യു ഉലകുംതറ രചിച്ച നവീന ഭാഷാന്തരത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്.  വഴിക്കു വെച്ച് കപ്പലിൽ പരിശോധകർ എത്തി പകർച്ചവ്യാധികളെക്കുറിച്ചു സംശയമുള്ളതിനാൽ  നാട്ടുനടപ്പനുസരിച്ചു ക്വാറന്റീൻ കാലം കഴിയാതെ ആർക്കും കപ്പലിൽ നിന്നും കരയ്ക്കിറങ്ങാൻ നിർവ്വാഹമുണ്ടായിരുന്നില്ല . തുറമുഖത്തു ക്വാറന്റീൻ കഴിപ്പാൻ മനസുള്ളവർക്ക് വേണ്ടി ഒരു മന്ദിരം പണിതിരുന്നു. മൽപ്പാനും  കപ്പിത്താനും കൂടി അവിടെ ചെന്ന് കോൺസലിന് കായെത്താനോസ് പാതിരി തന്നയച്ചിരുന്ന എഴുത്ത്  കൊടുത്തയച്ചു. ആ മന്ദിരത്തിൽ ക്വാറന്റീൻ ദിവസങ്ങൾ ചെലവഴിച്ചാൽ ചെലവ് വളരെകൂടുമെന്നുള്ളതിനാൽ ഞങ്ങൾ കപ്പലിൽ തന്നെ കഴിച്ചുകൂട്ടിയതേയുള്ളൂ . ഞങ്ങളെ അങ്ങോട്ടയക്കാൻ കപ്പിത്താൻ ശ്രമിച്ചെങ്കിലും  ഞങ്ങൾ സമ്മതിച്ചില്ല  എന്നും ആ അധ്യായത്തിൽ പറയുന്നു. .ഇതിൽ പറയുന്ന വഹന്ത എന്ന വാക്കിൻറെ  മറുപേര് പകർച്ചവ്യാധിയായ  വസൂരിയാണ്.
 ക്വാറന്റീൻ എന്നതിന് തോമ്മാക്കത്തനാർ നൽകുന്ന വിവരണം ഇങ്ങനെയാണ്.ജനോവയിലും മറ്റു യൂറോപ്യേൻ നഗരികളിലും  തങ്ങളുടെ ജനത്തിൻറെ  രക്ഷയ്ക്ക് വേണ്ടി നഗരത്തിനു വെളിയിൽ തുറമുഖത്തോടു ചേർന്ന് ലാസറത്തെ  എന്ന് പറയുന്ന ഒരു മന്ദിരം പണിചെയ്യിച്ചിട്ടുണ്ട് . തുർക്കികളുടെ നാട്ടിൽ നിന്നോ പകർച്ചവ്യാധിയുണ്ടെന്നു സംശയിക്കപ്പെടുന്ന മറ്റു നാടുകളിൽ നിന്നോ പകർച്ചവ്യാധിയുണ്ടാകാമെന്ന സാഹചര്യങ്ങളിൽക്കൂടി  കടക്കുന്ന കപ്പലുകളിൽനിന്നോ വരുന്ന ആളുകൾ ഒരു നിശ്ചിത കാലാവധി കഴിയാതെ നഗരത്തിൽ കടന്നു കൂടാ . പ്രത്യുത , തങ്ങളുടെ കപ്പലുകളിലോ ലാസറത്തെ  എന്ന് പറഞ്ഞ മേല്പറഞ്ഞ മന്ദിരങ്ങളിലോ  കഴിച്ചുകൂട്ടിയെ മതിയാവൂ . പകർച്ചവ്യാധിയുമായി വരുന്ന കപ്പലുകളാണെങ്കിൽ കുറഞ്ഞത് നാൽപതു ദിവസമെങ്കിലും ഇങ്ങനെ കഴിച്ചിരിക്കണം. അതിനാൽ ഈ ദിവസങ്ങൾക്ക്  നാൽപതു ദിവസം എന്ന് അർത്ഥമുള്ള ക്വാറന്റീൻ എന്ന് പറഞ്ഞു വരുന്നു.
1778 ൽ മദ്രാസിൽ നിന്നും തുടങ്ങിയ യാത്ര എട്ടു വര്ഷം നീണ്ടു .1786 ൽ ഗോവയിൽ തിരിച്ചെത്തി . വർത്തമാനപുസ്തകത്തിന്റെ രചന സഞ്ചാരമധ്യത്തിൽ അറ്റ്ലാന്റിക് സമുദ്രത്തിലും  ഇന്ത്യൻ മഹാസമുദ്രത്തിലും  വെച്ചുമായിരിക്കും നടന്നതെന്ന് ഡോ . സാമുവൽ ചന്ദനപ്പള്ളി അനുമാനിക്കുന്നു. പക്ഷെ പുസ്തകത്തിന്റെ മുഖവുരയിൽ 1785 സെപ്റ്റംബർ എന്ന് രേഖപെടുത്തിയിരുന്നതാണ് രചനാകാലമായി ഗണിക്കപ്പെടുന്നത്  .
ഗ്രന്ഥകാർത്താവിന്റെ സഹയാത്രികനായിരുന്ന കരിയാറ്റിൽ മല്പാൻ, പോർത്തുഗലിലെ ലിസ്‌ബണിൽ വച്ച് കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും മടക്കയാത്രയിൽ ഗോവയിൽ വച്ച് ദുരൂഹമായ സാഹചര്യത്തിൽ  മരണമടഞ്ഞു.1786-ല്‍ കരിയാറ്റില്‍ മാര്‍ യൗസേപ്പ്‌ മെത്രാപ്പോലിത്തായുടെ ആകസ്മികവും അപ്രതീക്ഷിതവും അവിശ്വസനീയവുമായ വേര്‍പാടിനെ തുടര്‍ന്ന് തോമാക്കത്തനാർ ‌ നസ്രാണികളുടെ ഗോവര്‍ണ്ണദോരായി നിയമിതനായി.
 1778 ഒക്‌ടോബര്‍  14-ന്  ‘എസ്പറാസ’ എന്ന ചരക്ക്  കപ്പലില്‍ മദ്രാസിൽ നിന്നും  പാറേമ്മാക്കല്‍ തോമാ കത്തനാരും യൗസേപ്പ്‌  മല്‍പാനും വിദേശത്ത് വൈദികപഠനത്തിന പോകുന്ന രണ്ട് വിദ്യാര്‍ത്ഥികളും ആഫ്രിക്കയുടെ തെക്കേ അറ്റത്തെ ഗുഡ്‌ഹോപ് മുനമ്പ് ലക്ഷ്യം വെച്ച് യാത്ര ആരംഭിച്ചു. തെക്കേ അമേരിക്ക, ബ്രസീല്‍, പോര്‍ച്ചുഗല്‍, റോം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പ്രയാസകരമായ ഈ യാത്രയില്‍ ഉണ്ടായ അനുഭവങ്ങളാണ് ‘വര്‍ത്തമാനപുസ്തക’ത്തിലെ ഉള്ളടക്കം..അത്യന്തം രസകരവും വിജ്ഞാനപ്രദവുമായ ഒരു യാത്രാ വിവരണം എന്നതിനു പുറമേ അത്‌ കരുത്തുറ്റൊരു വിപ്ലവേതിഹാസമാണ്‌. നസ്രാണി സഭയുടെ വിദേശ മേല്‍ക്കോയ്മയും ചൂഷണങ്ങളും സ്വയം ഭരണത്തിനുവേണ്ടിയുള്ള ആവേശം നിറഞ്ഞ പോരാട്ടങ്ങളും സംഘര്‍ഷങ്ങളുമെല്ലാം ഇതിലെ പ്രതിപാദ്യ വിഷയമാണ്‌.
ഗോവയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ തോമ്മാക്കത്തനാർ, പരേതനായ കരിയാറ്റിൽ മെത്രാപ്പോലീത്തയുടെ അന്തിമാഭിലാഷം അനുസരിച്ച്, ഗോവർണ്ണദോർ എന്ന സ്ഥാനപ്പേരോടെ 1787-ൽ കൊടുങ്ങല്ലൂർ രൂപതയുടെ ഭരണാധികാരിയായി. രാമപുരം പള്ളി ആയിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാനം. തോമ്മാക്കത്തനാരുടെ ഭരണകാലത്ത്, കേരളത്തിലെ സുറിയാനി കത്തോലിക്കരെല്ലാം കൊടുങ്ങല്ലൂർ രൂപതയുടെ ഭരണത്തിൽ വന്നു.തോമ്മാക്കത്തനാർ ഗോവർണ്ണദോരായിരിക്കെയാണ് സുറിയാനി കത്തോലിക്കാ പള്ളികളുടെ പ്രതിപുരുഷന്മാർ അങ്കമാലിയിൽ അവരുടെ സമുദായത്തിന്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ സമ്മേളിച്ചത്. ആ സമ്മേളനം സംഘടിപ്പിക്കുന്നതിൽ, തിരുവിതാംകൂർ, കൊച്ചി ഭരണകൂടങ്ങളിൽ സ്വാധീനമുണ്ടായിരുന്ന ക്രിസ്തീയ നേതാവ് തച്ചിൽ മാത്തൂ തരകൻ മുൻകൈ എടുത്തിരുന്നു. തോമ്മാക്കത്തനാർ സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. സമ്മേളനത്തിൽ എഴുതിയുണ്ടാക്കിയ അവകാശപ്രഖ്യാപന രേഖ, അങ്കമാലി പടിയോല എന്ന പേരിൽ അറിയപ്പെടുന്നു. തോമ്മാക്കത്തനാരെ തന്നെ സുറിയാനി കത്തോലിക്കരുടെ മെത്രാപ്പോലീത്തയായി വാഴിച്ചുകിട്ടാനുള്ള ആഗ്രഹം പടിയോലയിൽ പള്ളിപ്രതിപുരുഷന്മാർ പ്രകടിപ്പിക്കുന്നുണ്ട്.തോമ്മാക്കത്തനാരുടെ ഭരണത്തിന്റെ ആരംഭകാലത്താണ്, കേരളത്തിലെ  ക്രിസ്ത്യാനികൾക്ക് ടിപ്പു സുൽത്താന്റെ കേരളത്തിലെ പടയോട്ടവുമായി ബന്ധപ്പെട്ട വിഷമഘട്ടത്തെ നേരിടേണ്ടി വന്നത്. പടയോട്ടക്കാലത്ത് ഗോവർണ്ണദോർ, രാമപുരത്തു നിന്നു വൈക്കത്തടുത്തുള്ള വടയാർ പള്ളിയിലേയ്ക്ക് താൽക്കാലികമായി ആസ്ഥാനം മാറ്റി.
പിന്നീട്  രോഗബാധിതനായ തോമ്മാക്കത്തനാർ 1798-ൽ കടനാട്ടേയ്ക്ക് വിശ്രമത്തിനായി പോയി. 1799 മാർച്ച് 20-ന് അദ്ദേഹം അന്തരിച്ചു. രാമപുരം പള്ളിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്.സുറിയാനി ക്രിസ്ത്യാനികൾ നാട്ടുകാരായ മെത്രാന്മാരുടെ ഭരണത്തിൽ ആയതിനെ തുടർന്ന് 1936-ൽ തോമ്മാക്കത്തനാരുടെ ഭൗതികാവശിഷ്ടം വീണ്ടെടുത്ത് രാമപുരത്തെ പുരാതനമായ വിശുദ്ധ ആഗസ്തീനോസിന്റെ പള്ളിയിൽ‍(ചെറിയ പള്ളി) ബലിപീഠത്തിനടുത്ത് വലത്തേ ഭിത്തിയിൽ, ബഹുമാനപൂർവം നിക്ഷേപിച്ചു.
പാറേമ്മാക്കല്‍ തോമ്മാകത്തനാരുടെ  കാലശേഷം വർത്തമാനപുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി എഴുപുന്ന പാറയിൽ വലിയ തരകന്റെ  സംരക്ഷണയിൽ ആയിരുന്നുവെന്നു ഡി. സി. കിഴക്കേമുറി എഴുതിയിട്ടുണ്ട്. കത്തനാരുടെ സഹോദരിയുടെ ഭർത്താവായിരുന്നു  തരകൻ . കത്തനാരുടെ റോമൻ യാത്രയുടെ നല്ലൊരു ഭാഗം തരകനാണ് വഹിച്ചിരുന്നത്.
 പാറേമ്മാക്കല്‍ തോമ്മാകത്തനാരുടെപ്രസിദ്ധീകരിക്കാത്ത കൃതികള്‍ താഴെപ്പറയുന്നവയാണ് .
1, മിശിഹാനുകരണം- തര്‍ജ്ജമ
2, ലത്തീന്‍- തമിഴ്‌- മലയാള സംസ്കൃത സമശബ്ദനിഘണ്ടു.(Synonymous Dictionary)
3, പുതിയ നിയമം – തര്‍ജ്ജമ
4, പഴയനിയമം- ഭാഗിക തര്‍ജ്ജമ.
5, മനുഷ്യാത്മാവ്‌
6, സ്വര്‍ഗ്ഗം അഥവാ പാരത്രിക സുഖം.
7, മനുഷ്യ ജീവിതം പുല്‍ക്കൊടിക്കു തുല്യം.
8, കൊടുങ്ങല്ലൂരും മാര്‍ത്തോമ്മ ശ്ലീഹായും.
9, ഭാരതമക്കള്‍
10, ഇന്ത്യ ഇന്ത്യാക്കരുടേത്‌.
11, മലയാറ്റൂര്‍ മലമുകളിലെ പൊന്നും കുരിശ്‌.
12, മലയാറ്റൂര്‍ മലമുകളിലെ കാല്‍പ്പാദം.
13, മലയാറ്റൂര്‍ മലമുകളിലെ അത്ഭുതനീരുറവ.
14, പെരിയ മലയിലെ തോമ്മാശ്ലീഹായുടെ അത്ഭുതങ്ങള്‍.
15, ചിന്നമലയിലെ തോമ്മാ ശ്ലീഹായുടെ അത്ഭുതങ്ങള്‍.
16, തോമ്മാ ശ്ലീഹായുടെ മരണവും കബറടക്കവും.
വിവരങ്ങൾക്ക് കടപ്പാട് :
1.സുഹൃത്തും  ചരിത്രഗവേഷകനുമായ  ഇ. കെ പ്രേംകുമാർ 2020 ജൂലൈ ലക്കം ഭാഷാപോഷിണിയിൽ എഴുതിയ തോമാക്കത്തനാർ ചെന്നുപെട്ട ക്വാറന്റീൻ എന്ന ലേഖനം.
2.പാറേമ്മാക്കല്‍ തോമ്മാകത്തനാർ ഫൗണ്ടേഷന്റെ ചില കുറിപ്പുകൾ.
3.സുഹൃത്തും പത്രപ്രവർത്തകനും തോമാ കത്താനാരിന്റെ  ബന്ധുവുമായ  ജീജോ തച്ചൻ നൽകിയ വിവരങ്ങൾ
4.ഗ്രന്ഥപ്പുര : ഷിജു അലക്സ്
റോജിൻ പൈനുംമൂട്
10 സെപ്റ്റംബർ 2020
പാറേമ്മാക്കല്‍ തോമ്മാകത്തനാർ 284മത് ജന്മദിനം

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

IPC Hebron Houston Educational...

IPC Hebron Houston Educational Scholarship  Scholarship for IAS/IFS/IPS/LLB/LLM Students Applications are invited for scholarship from students preparing for IAS/IFS/IPS 2024-2025 and those who
feature-top

സുവിശേഷ മഹായോഗവും സംഗീത...

അങ്കമാലി ആഴകം ഇമ്മാനുവേൽ മിഷൻ ടീമിൻറെ നേതൃത്വത്തിൽ ഫെബ്രുവരി 20 മുതൽ 23 വരെ
feature-top

ഐപിസി ചിറയിൻകീഴ് സെൻ്ററിന് പുതിയ...

തിരുവനന്തപുരം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ 2025 -2028 ലേക്ക്
feature-top

പ്രതിദിന ധ്യാനം| ദൈവത്തിന്റെ...

ദൈവത്തിന്റെ കൂട്ടുവേലക്കാർ   “പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു
feature-top

ദേശീയ റോബോട്ടിക്ക് മത്സരത്തിൽ റോണി സാമുവേൽ...

ബറോഡ: ഗുജറാത്ത് ഗവണ്മെന്റ് കൗൺസിൽ ഓൺ സയൻസ് ആൻഡ് ടെക്നോളജി (GUJCOST)
feature-top

ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്നു...

ഉപ്പുതറ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 34- മത് ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്ന്
feature-top

Manager post ലേക്ക് staff നെ...

ഏറ്റവുമധികംവായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

ജേക്കബ് ജോണിന് ബെസ്റ്റ്...

പുനലൂർ : അസെംബ്ലീസ്‌ ഓഫ് ഗോഡ് ദൂതൻ മാസികയുടെ 2024 വർഷത്തെ ബെസ്റ്റ്
feature-top

ഏബ്രഹാം തോമസ് (60)...

ഇരവിപേരൂർ: ഐപിസി എബനേസർ സഭാംഗം പ്ലാക്കീഴ് പുരയ്ക്കൽ വടക്കേതിൽ ഏബ്രഹാം