ഈ കുറിപ്പ് എഴുതുമ്പോഴേക്കും ഏതാണ്ട് നാലു ലക്ഷം ആളുകൾ കോവിഡ് – 19 എന്ന മഹാവ്യാധി നിമിത്തം മരണമടഞ്ഞിരിക്കുന്നു. ഓഷ്യാനയിലെ (ഓസ്‌ട്രേലിയൻ ഭൂഖണ്ഡം) ചില ദ്വീപ് രാജ്യങ്ങളൊഴികെ ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളും കോവിഡ് ഭീതിയിലാണ്. രണ്ടായിരത്തി പത്തൊൻപത് നവംബർ മധ്യത്തോടെയാണ് പുതിയ കൊറോണ വൈറസ് ചൈനയിൽ പൊട്ടി പുറപ്പെട്ടത് എന്നാണ് അനൗദ്യോഗിക നിഗമനം. ഔദ്യോഗികമായി അത് ഡിസംബർ 31 ആണ്. ജൈവായുധ പ്രയോഗത്തെയും, ഇല്യൂമിനിറ്റി പോലെയുള്ള രഹസ്യസംഘങ്ങളെയും, മറ്റും ആളുകൾ സംശയിക്കുന്നുണ്ടെങ്കിലും, നിപ്പ പോലെ തന്നെ വവ്വാലുകളിൽ നിന്നോ, സമാനമായ ജന്തുക്കളിൽ നിന്നോ പടർന്നതായിരിക്കണം ജനിതകമാറ്റം (mutation) സംഭവിച്ച ഈ വൈറസ് എന്നാണ് വിശ്വസനീയമായ പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ടാണ് എല്ലാത്തരം ജന്തുക്കളെയും വിൽക്കുന്ന വുഹാനിലെ ഇറച്ചിച്ചന്ത ഈ വൈറസിന്റെ ഉത്ഭവകേന്ദ്രമായി പലരും കരുതുന്നത്. കോവിഡ് വൈറസ് കേരളത്തിലെ ആരാധനാ സമ്പ്രദായത്തെയും, മതവിശ്വാസങ്ങളെയും പാടെ മാറ്റിയെഴുതും എന്നാണ് പലരും പ്രവചിക്കുന്നത്. മെഗാ ചർച്ചുകളുടെ പ്രസക്തി നഷ്ടപ്പെടും, ആൾദൈവങ്ങൾ അപ്രത്യക്ഷരാകും എന്നൊക്കെ ആളുകൾ പ്രതീക്ഷിക്കുന്നു. കോവിഡ് ഭീതി മുന്നിൽക്കണ്ട് കുറച്ചധികം നാളുകളിലേക്ക് ചെറിയ ചെറിയ കൂട്ടങ്ങളായി ആരാധിക്കുവാൻ മാത്രമേ സർക്കാർ അനുമതി നൽകുകയുള്ളൂ എന്ന് പലരും കരുതുന്നു. അങ്ങനെ വന്നാൽ അത് കേരളത്തിലെ ക്രിസ്തീയ ആരാധനകളെ എന്നെന്നേക്കുമായി പുനർനിർവചിക്കുന്നതായിരിക്കും എന്ന് പലരും പ്രതീക്ഷിക്കുന്നു. പക്ഷേ ഇതൊക്കെയും അല്പം അതിരു കടന്ന അനുമാനങ്ങൾ എന്നാണെന്റെ പക്ഷം. താൽക്കാലികമായ ചില തിരിച്ചടികൾ നേരിടേണ്ടി വന്നെങ്കിലും മതവിശ്വാസം അങ്ങനെയൊന്നും അപ്രസക്തമാകുകയില്ല. സാമൂഹ്യ മനഃശാസ്ത്രത്തെക്കുറിച്ച് അത്രമാത്രം അജ്ഞതയുള്ളവർ മാത്രമേ മറിച്ച് ചിന്തിക്കുകയുള്ളൂ. ആൾദൈവങ്ങളും ആരാധനാലയങ്ങളും വീണ്ടും സജീവമാകും. രോഗശാന്തി കൺവൻഷനുകളും തീർത്ഥാടനകേന്ദ്രങ്ങളും വൈകാതെ പഴയപടി തന്നെയാകും. പെന്തെക്കോസ്ത് ആത്മീയതയിലും ഇതൊക്കെ തന്നെയാവും സംഭവിക്കുക. ആരാധനാലയങ്ങളും, കൺവൻഷനുകളും, ഉപവാസപ്രാർത്ഥനകളും പൂർവസ്ഥിതിയിലാകും; ഒപ്പം സഭാരാഷ്ട്രീയവും, വോട്ടുപിടിത്തവും തമ്മിൽത്തല്ലും.
അങ്ങനെയെങ്കിൽ ലോകത്തെ പിടിച്ചു കുലുക്കിയ ഈ മഹാമാരി പെന്തെക്കോസ്തിൽ ഒരു മാറ്റവും വരുത്തുകയില്ലെന്നാണോ പറഞ്ഞു വരുന്നത്? മാറ്റങ്ങൾ എന്നു പറയുന്നതിനേക്കാൾ ചില വെല്ലുവിളികൾ നേരിടേണ്ടി വരും എന്നു പറയുന്നതാണുചിതം. അവ ഉണ്ടാകുന്നതാകട്ടെ, ദൈവശാസ്ത്രത്തിന്റെയും അസ്ഥിത്വപ്രശ്‌നങ്ങളുടെയും രൂപത്തിലായിരിക്കും.
ഒന്നാമതായി നാം വച്ചു പുലർത്തുന്ന ചില ലോക വീക്ഷണങ്ങളെ കോവിഡ് – 19 കണക്കിന് പരിഹസിക്കുന്നുണ്ട്. എന്തു കേട്ടാലും കൈയടിക്കുന്ന ചിലരുടെ വികലമായ ആത്മീയതയെ ഇക്കിളിപ്പെടുത്താൻ ഒരു പാസ്റ്റർ ”തീ അയച്ചിട്ടുണ്ട്” എന്നു പറഞ്ഞാൽ പോകുന്നതല്ല ഈ വൈറസ് എന്ന് നാം ഇതിനോടകം മനസ്സിലാക്കി. സത്യത്തിൽ അദ്ദേഹം മാത്രമല്ല, പെന്തെക്കോസ്തിലെ ഭൂരിപക്ഷം പ്രസംഗകരും സമാനരീതി പിന്തുടരുന്നവരാണ്. സൃഷ്ടിക്കപരിമേയമായ ദൈവിക പദ്ധതിക്കു മുൻപിൽ വിനയപ്പെടുന്നതിനു പകരുംപലരും ദൈവത്തെ അവരുടെ ആജ്ഞാനുവർത്തിയോ തെരുവിൽ കൺകെട്ട് കാണിക്കുന്ന മാജിക്ക്കാരനോ ആയി ചിത്രീകരിച്ച് സ്വയം പരിഹാസ്യരാവുന്നു. ഒപ്പം അവർ പ്രതിനിധീകരിക്കുന്ന സമൂഹത്തെയും പ്രതിരോധത്തിലാക്കുന്നു. ഈ പ്രസംഗകരൊക്കെ ”കർത്താവിന്റെ മനസ്സറിഞ്ഞവർ ആർ? അവന് മന്ത്രി ആയിരുന്നവർ ആർ?” (റോമ. 11:34) എന്ന വാക്യം ഇടയ്ക്കിടക്ക് ഓർക്കുന്നത് നല്ലതായിരിക്കും. അടുത്തിടെ ഒരാൾ പറയുന്നതു കേട്ടു, ”കൊറോണ വിഷയത്തിൽ തെറ്റിപ്പോയെങ്കിലും ട്രാൻസ് വിഷയത്തിൽ പറഞ്ഞത് ശരിയായില്ലേ? തീയേറ്ററുകൾ അടച്ചു പൂട്ടിയില്ലേ?” എനിക്കു തിരിച്ചു ചോദിക്കാൻ തോന്നിയത് ”പെന്തെക്കോസ്തുകാരെപ്പറ്റി സിനിമയെടുത്തതിന് ഒരു പാസ്റ്റർ ശപിച്ചതു കൊണ്ടാണ് തിയേറ്ററുകൾ അടച്ചു പൂട്ടിയതെങ്കിൽ, ആരാധനാലയങ്ങൾ അടച്ചു പൂട്ടിയത് എന്തുകൊണ്ടാണ്? സിനിമാക്കാർ ശപിച്ചതു കൊണ്ടാണോ ഇതാണ് സ്ഥിതി; കാര്യങ്ങളുടെ ഗൗരവം ഇതുവരെയും പിടികിട്ടിയിട്ടില്ല. ലോകരാജ്യങ്ങളെ ഒന്നാകെ ദുരിതത്തിലാഴ്ത്തിയ കോവിഡ് ബാധയ്ക്ക് ദൈവത്തിന്റെ അതിവിശാലമായ പ്രപഞ്ചപദ്ധതിയിൽ തീർച്ചയായും ഒരു സ്ഥാനം ഉണ്ട്. കാലവും നിത്യതയും അതു തെളിയിക്കും. ആ തിരുപദ്ധതികൾ ദൈവം തങ്ങളെ അറിയിച്ചിട്ടുണ്ട് എന്ന് വീമ്പിളക്കുന്നതിന് പകരം ശാസ്ത്രസാങ്കേതിക കൊണ്ട് മനുഷ്യർ പടുത്തുയർത്തുന്ന അഹങ്കാരത്തിന്റെ ബാബേൽ എത്ര ഉയരത്തിലേക്ക് എത്തിയാലും അത് ഇടിച്ചു കളയാൻ ദൈവത്തിന് ഒരു നിമിഷം വേണ്ട എന്ന് വിശ്വാസികളെ ഓർമ്മിപ്പിക്കുകയല്ലേ വേണ്ടത്? ദൈവത്തിൽ നീതികേടില്ലാത്തതിനാൽ തന്നെ ഈ മഹാവ്യാധിയിലും ദൈവത്തെ നിരുപാധികമായി ആശ്രയിക്കുകയാണ് നമുക്കഭികാമ്യം. കാരണം ”അവൻ മുറിവേല്പിക്കയും മുറികെട്ടുകയും ചെയ്യുന്നു” (ഇയ്യോ. 5:18).
യു.എൻ. ജനറൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടാസ് മാർച്ച് 23-ാം തീയതി പറഞ്ഞത് ‘കോവിഡ് ദുരന്തം യുദ്ധങ്ങളുടെ വിഡ്ഢിത്തത്തെ സൂചിപ്പിക്കുന്നു’ എന്നാണ്. യുദ്ധങ്ങളും രാഷ്ട്രീയപ്രക്ഷോഭങ്ങളും കോവിഡിനു മുമ്പിൽ മുട്ടുമടക്കി. ബാത്‌റൂമിൽ ടോയ്‌ലറ്റ് പേപ്പർ ഇല്ലാതിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാകാതിരുന്ന അമേരിക്കക്കാർ കുറച്ചു നാളത്തേക്കെങ്കിലും കിഴക്കൻ നാടുകളിലേ പരമ്പരാഗതരീതി മടികൂടാതെ പിൻതുടർന്നു. അതിർത്തി സംഘർഷങ്ങൾ മാത്രമല്ല അപ്രത്യക്ഷമായത് സിനിമാകാണലും, മാളിലെ കറക്കവും, പുറത്തുനിന്നുള്ള ഭക്ഷണവുമൊക്കെയാണ്. ഇതൊക്കെയും സൂചിപ്പിക്കുന്നത് മനുഷ്യരുടെ ഏറ്റവും കുറഞ്ഞ (bare minimum) ആവശ്യങ്ങളിൽ മേൽപ്പറഞ്ഞവയൊന്നും ഉൾപ്പെടുന്നില്ലെന്നുള്ളതാണ്. അറിഞ്ഞോ അറിയാതെയോ ദൈവാരാധനയും ഇക്കൂട്ടത്തിലായിപ്പോയി എന്നതാണ് വിചിത്രം. ”നൂറ്റാണ്ടുകളുടെ ആചാരമാണ് മുടക്കാൻ പാടില്ല എന്ന വാശിയും ഒന്നിച്ച് കൂടി നിന്നുള്ള പ്രാർത്ഥനയും അതിന്റെ ദൈവശാസ്ത്രവും ഇപ്പോൾ പ്രശ്‌നമല്ലാതായി മാറി. ഉത്സവങ്ങൾ മാത്രമല്ല നിന്നുപോയത് കൺവൻഷനുകളും ഉപവാസപ്രാർത്ഥനകളും കൂടിയാണ്. ഓർക്കുക, ഇവിടെ അപ്രത്യക്ഷമാവുന്നത് ദൈവവിശ്വാസമല്ല, മറിച്ച് മതാനുഷ്ഠാനങ്ങളിലെ നിബന്ധനകളാണ്. ഇവയൊക്കെ സത്യത്തിൽ വലിയ അസ്തിത്വ പ്രതിസന്ധികളും കൂടിയാണ്. മുൻപ് ഒരു കാലത്തും ചിന്തിക്കാത്ത രീതിയിൽ ആരാധനയും വിശ്വാസവും വ്യക്തിപരമാണ് എന്ന് പെന്തെക്കോസ്തുകാരും ഇപ്പോൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ ചിന്താഗതിക്ക് ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാകും എന്നാണെന്റെ വിശ്വാസം. കൊറോണക്കാലത്തും തുടർന്നും ഇത്തരം ചിന്താഗതി പെന്തെക്കോസ്തുകാരുടെ ഇടയിൽ ശക്തിപ്പെട്ടുവെന്ന് വരാം. തെറ്റിദ്ധരിക്കരുത്, കൊറോണക്കാലം കഴിഞ്ഞാൽ സഭയിൽ ആളു കുറയുമെന്നോ രോഗശാന്തി മീറ്റിംഗുകൾ ഇല്ലാതാവുമെന്നോ അല്ല പറഞ്ഞു വരുന്നത്. മറിച്ച്, ഈ പ്രതിസന്ധികാലത്ത് ഉടലെടുത്ത ‘ആത്മീയത സ്വകാര്യമാണ്’ എന്ന ചിന്താഗതി ഭാവിയിൽ ശക്തിപ്പെടുമെന്നാണ്. ചുരുക്കത്തിൽ പെന്തെക്കോസ്ത് സഭകളും ആശയപരമായും ദൈവശാസ്ത്രപരമായും പിടിച്ചു കുലുക്കപ്പെടും.
ലോകജനതയിലെ 10% പേരെ കോവിഡ് രോഗം ബാധിക്കും എന്നാണ് ചില കണക്കുകൾ പറയുന്നത്. ഇത്രയും ഭീകരമായ രോഗങ്ങളും, ജലപ്രളയവും, മറ്റ് പ്രകൃതി ദുരന്തങ്ങളും എന്തു കൊണ്ട് നമ്മുടെ പ്രവാചകന്മാർക്കോ ഭാവികാല സംഭവപ്രസംഗകർക്കോ വെളിപ്പെടുന്നില്ലേ? അവരുടെ പ്രഭാഷണങ്ങളിലോ ചിന്തകളിലോ കടന്നുവരാത്ത ഇത്തരം സംഭവങ്ങൾ അടിക്കടി ഉണ്ടാകുംമ്പോഴും അവരിപ്പോഴും ചിപ്പും, 666-ഉം ആധാറും പ്രസംഗിച്ച് അഹോവൃത്തി കഴിക്കുന്നത് പരിതാപകരം തന്നെ. അവർ പ്രസംഗിക്കുന്നത് (ചിപ്പ്, 666) സംഭവിക്കുന്നില്ല; പക്ഷേ അവർ പറയാത്തത് (പ്രളയം, പ്രകൃതിദുരന്തങ്ങൾ, മാരകരോഗങ്ങൾ) തുടർമാനമായി സംഭവിക്കുന്നു. ഇതിനർത്ഥം നമ്മുടെ ഭാവികാല വ്യാഖ്യാനത്തിന് അടിസ്ഥാനപരമായ ചില പിശകുകൾ ഉണ്ടെന്നല്ലേ? രോഗങ്ങളും വ്യാധികളും ഉണ്ടാകുമെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടല്ലോ, അതുകൊണ്ടാണ് ഞങ്ങൾ പ്രവചിക്കാത്ത് എന്നു പറഞ്ഞ് ചിലരെങ്കിലും ഈ വാദത്തെ എതിർത്തേക്കാം. പക്ഷേ ചോദ്യം വളരെ ലളിതമാണ്. യൂറോപ്യൻ യൂണിയന്റെ ഉദയവും, സോവിയറ്റ് യൂണിയന്റെ പതനവും മുൻകൂട്ടി കണ്ടവർ (എന്റെ അറിവിൽ അതൊക്കെ മുൻകൂട്ടി പ്രവചിച്ചവർ ആരുമില്ല എന്നാൽ സംഭവിച്ചു കഴിഞ്ഞ് ഞങ്ങൾ ഇതൊക്കെ നേരത്തേ പ്രവചിച്ചതാണ് പറഞ്ഞതാണ് എന്നു പറഞ്ഞവരേ ഉള്ളൂ). എന്തുകൊണ്ട് ചരിത്രത്തിലെ ഈ സംഭവങ്ങൾ, പ്രത്യേകിച്ച് കോവിഡ് പോലെ ദൂരവ്യാപകമായ സാമൂഹിക, സാമ്പത്തിക പ്രഖ്യാതങ്ങൾ സൃഷിക്കുന്ന ഇത്തരം സംഭവങ്ങൾ പ്രവചിക്കുന്നില്ല?
കോവിഡ് കാലത്തെ സങ്കടക്കാഴ്ചകളിൽ ജോർജ് ഫ്‌ളോയിഡിന്റെ മുഖം എന്നുമുണ്ടാവും. വെള്ളക്കാരനായ പോലീസുകാരന്റെ ബൂട്ടിനും മുട്ടിനുമിടയിൽ കിടന്ന് ‘എനിക്ക് ശ്വാസം കിട്ടുന്നില്ല’ എന്നു പറഞ്ഞ ആ മുഖം. അതുപോലെയുള്ള മറ്റൊരു നൊമ്പരക്കാഴ്ചയാണ് രാജ്യ തലസ്ഥാനത്തു നിന്നുള്ള ആയിരങ്ങളുടെ പലായനം. ഡൽഹിക്കാരുടെ വൃത്തികേടുകൾ ശുചിയാക്കിയവർ, അവരുടെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയവർ, അവർക്ക് ഭക്ഷണം ഉണ്ടാക്കുകയും സബ്ജി വിൽക്കുകയും ചെയ്തവർ എത്ര പെട്ടെന്നാണ് തങ്ങൾ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞത്. ലോകത്തിലെ ശക്തരായ നേതാക്കളിൽ ഒരാളാണ് എന്ന് അണികൾ വീമ്പടിക്കുന്ന, ലക്ഷങ്ങളുടെ കോട്ട് ഇടുന്ന പ്രധാനമന്ത്രിയോ, കോടികൾ വാരിയെറിഞ്ഞ് ഒറ്റരാത്രി കൊണ്ട് ഭരണകൂടങ്ങളെ മാറ്റി മറിക്കാൻ കഴിവുള്ള ആഭ്യന്തരമന്ത്രിയോ, ഒറ്റയ്ക്ക് നിന്നാൽ ലോകത്തിലെ വലിയ രാജ്യങ്ങളിൽ ഒന്നാകുമായിരുന്ന ഉത്തർപ്രദേശിന്റെ യോഗി-ഇദ്ദേഹം 2500 കോടി മുടക്കി ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നിർമ്മിക്കുവാൻ തുനിയുകയാണ്-ഇവരാരും ഈ പാവങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നതാണ് ഏറ്റവും സങ്കടകരം. ഡൽഹി ഭരിക്കുന്ന ‘സാധാരണക്കാരന്റെ’ നേതാവും കൈമലർത്തി. ഒരു പക്ഷേ ഈ പാവങ്ങൾ സാധാരണക്കാരിലും താഴെ ആയിരിക്കണം (കേരളത്തിലെ സർക്കാർ ഇങ്ങനെയുള്ള തൊഴിലാളികളോട് പെരുമാറിയത് എങ്ങനെയെന്ന് ഒരു കൗതുകത്തിന് ഓർത്തു പോകുന്നു). ഡൽഹിയിൽ നിന്നുള്ള സാധാരണക്കാരുടെ പലായനം കാണിക്കുന്നത് ദുരിതക്കടലിന്റെ നടുവിൽ സർക്കാരും നേതൃത്വവും പാവപ്പെട്ടവനെ ഒറ്റക്കുവിടും എന്നതാണ്. ഇതുപോലെ ഒറ്റയ്ക്കായിപ്പോയ മറ്റൊരു കൂട്ടവും ഇവിടെയുണ്ട്, അത് പാവപ്പെട്ട പാസ്റ്റർമാരാണ്. ആഴ്ചകളായി ആരാധന മുടങ്ങുന്നത് ഞായറാഴ്ചത്തെ സ്‌തോത്രക്കാഴ്ച കൊണ്ട് ഉപജീവിക്കുന്ന അനവധി പാസ്റ്റർ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പക്ഷേ വീണത് വിദ്യയാക്കിയവരാണ് പലരും. ഇവിടെയാണ് ‘ട്രാൻസ്’ പോലെയുള്ള സിനിമകൾ വിമർശിക്കുന്ന സമ്പന്നമായ ആത്മീയനേതൃത്വം മാത്രമല്ല, ബഹുഭൂരിപക്ഷവും സാമ്പത്തികമായ അരക്ഷിതത്വത്തിലാണ് എന്ന് നാം മനസ്സിലാക്കേണ്ടത്.
ഈ സാമ്പത്തിക അരക്ഷിതാവസ്ഥ ലോകരാജ്യങ്ങളെയും ശക്തരായ വാണിജ്യകമ്പനികളെയും എങ്ങനെ ബാധിക്കും എന്ന് കണ്ടറിയാം. നോബൽ സമ്മാനജേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ പോൾ ക്രൂഗ്മാൻ യു.എസിൽ നിരാശ കലർന്ന മാന്ദ്യം ഉടൻ ഉണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. നമ്മുടെ പ്രവാചകന്മാരെപ്പോലെയല്ല; ഇദ്ദേഹം പറഞ്ഞാൽ അങ്ങനെ തന്നെ സംഭവിക്കും; 2008-ലെ ലോകസാമ്പത്തികമാന്ദ്യം പ്രവചിച്ച വ്യക്തിയാണിദ്ദേഹം. ഈ പ്രതിസന്ധികളൊക്കെയും കേരളത്തിലെ സഭകൾ എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം. പാസ്റ്റർമാർ മാത്രമല്ല, ബൈബിൾ കോളേജുകൾ, മിഷൻ സംഘടനകൾ, കൺവൻഷൻ പ്രസംഗകർ, സംഗീതട്രൂപ്പുകൾ ഒക്കെ പ്രതിസന്ധിയിലാണ്. ഇവ കേവലം സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, അസ്ഥിത്വ പ്രതിസന്ധിയും കൂടിയാണ്. പുതിയ വിശ്വാസികളുടെയും, ഓരോ ഞായറാഴ്ചയും ഒരു തരത്തിൽ ഉന്തിതള്ളി ആരാധനയ്ക്ക് എത്തുന്ന ചില വിശ്വാസികളുടെയും ഭാവി എന്താകുമെന്ന് പാസ്റ്റർമാർ ഇപ്പോൾത്തന്നെ വ്യാകുലപ്പെട്ടു തുടങ്ങി. ചുരുക്കത്തിൽ നിയന്ത്രണങ്ങൾ ഉടനെ മാറിയാലും കോവിഡ് ഉയർത്തിയ അസ്തിത്വദൈവശാസ്ത്ര പ്രശ്‌നങ്ങൾ നിലനിൽക്കുമെന്ന് സാരം. ആത്മീയനേതൃത്വം ചെയ്യേണ്ടത് ഈ ചോദ്യങ്ങളെ ധൈര്യപൂർവം അഭിമുഖീകരിക്കുക എന്നുള്ളതാണ്. മുൻപിലിരിക്കുന്ന ശ്രോതാക്കളുടെ മനസ്സിലുള്ള ചോദ്യങ്ങൾ മുന്നിൽക്കണ്ട് പ്രസംഗിക്കാനും ആശയരൂപീകരണം നടത്തുവാനും സാധിക്കണം. പഴയ തീയും, അനുഗ്രഹവും, വിടതലും പറഞ്ഞ് ഈ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നത് അഭികാമ്യമല്ല എന്നു മാത്രമല്ല, അപകടകരവുമാണ്. കോവിഡ് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്; നാം നവീകരിക്കപ്പെട്ടേ മതിയാകയുള്ളൂ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും