ആത്മാവിൽ വിരിയുന്ന മഴവിൽ വർണങ്ങൾ
ഒരിക്കൽ വെള്ളി തീയിലിട്ട് ശുദ്ധീകരിക്കുന്ന ആളിൻ്റെ അടുക്കൽ ഒരു സന്ദർശകൻ വന്നു. തട്ടാൻ തീക്കനലിൽ വെള്ളിക്കട്ടി വച്ച് കൂടുതൽ ചൂട് ഏൽപ്പിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് അയാൾ അതിലേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ട്. സന്ദർശകൻ ചോദിച്ചു: “താങ്കൾ എന്താണ് ഈ
വെള്ളിക്കട്ടിയിലേക്ക് ഇടയ്ക്കിടെ സൂക്ഷിച്ചു നോക്കുന്നത്?”
അപ്പോൾ അയാൾ പറഞ്ഞു: “എൻ്റെ മുഖം ഞാൻ അതിൽ നോക്കുകയാണ്. എൻ്റെ പ്രതിഛായ വെള്ളിക്കട്ടിയിൽ വ്യക്തമായി കാണുമ്പോൾ ചൂടാക്കൽ നിർത്തും. അപ്പോൾ അത് എനിക്ക് പണിയുവാൻ കഴിയുന്നവിധം പാകമായിട്ടുണ്ടാവും.”
സ്വർണ്ണം ആയാലും വെള്ളി ആയാലും തട്ടാൻ തീയിൽ ഇടുന്നത് ശുദ്ധീകരിച്ച് വിലപിടിപ്പുള്ള ആഭരണമാക്കുവാനാണ്. തീയിൽ അത് ശുദ്ധീകരിക്കപ്പെടും. ഒരു ക്രിസ്തു വിശ്വാസിയുടെ കഷ്ടത ഇതു പോലെയാണ്. അത് അവനെ നശിപ്പിക്കുന്നതിനല്ല. അവൻ കൂടുതൽ ശുദ്ധിയുള്ളവനായി ഉപയോഗിക്കപ്പെടേണ്ടതിനാണ്. വിശുദ്ധ പൗലൊസ് എഴുതുന്നു: “കർത്താവ് ആത്മാവാകുന്നു. കർത്താവിൻ്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ മൂടുപടം നീങ്ങിയ മുഖത്ത് കർത്താവിൻ്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്ന നാമെല്ലാവരും ആത്മാവാകുന്ന കർത്താവിൻ്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു” (2കൊരിന്ത്യർ 3 :17,18). ദൈവത്തിൻ്റെ സാദൃശ്യവും സ്വരൂപവും നമ്മിൽ തെളിഞ്ഞ് ആത്മീയ പക്വതയും പരിജ്ഞാനവും നേടണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
“ഏറ്റവും വലിയ വിശുദ്ധന്മാരെ പരിശീലിപ്പിച്ചിട്ടുള്ളത് ഏറ്റവും വലിയ കഷ്ടതയാണ്. ” പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ച ഇംഗ്ലണ്ടിലെ പ്രസിദ്ധ ക്രിസ്തീയ ചിന്തകനായിരുന്ന ജോർജ് സ്വിന്നോക്കിൻ്റെ വാക്കുകളാണിത്. ക്രിസ്തു വിശ്വാസിക്ക് കഷ്ടത ഒരു വരമാണ്. കഷ്ടതയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന ജീവിതം ദൈവത്തിന് ഉപയോഗമുള്ളതായിത്തീരുന്നു. കഷ്ടതകൾ ഇല്ലാതാക്കുവാനല്ലാ, കഷ്ടതയിൽ സഹിഷ്ണുത ഉണ്ടാകുവാനാണ് ആദിമ ക്രൈസ്തവ സമൂഹം പ്രാർത്ഥിച്ചത്. കഷ്ടത ഒരു യോഗ്യതയായി അവർ കണക്കാക്കിയിരുന്നു എന്നു പറയുന്നു.
“കണ്ണിനു കണ്ണീരില്ലെങ്കിൽ ആത്മാവിന് മഴവില്ലും ഇല്ല ” എന്നാണ് പ്രസിദ്ധനായ ഷേനേ പറഞ്ഞിട്ടുള്ളത്.ദുരിതങ്ങളുടെ ഉദ്ദേശ്യം മനസ്സിലാക്കിയാൽ സഹനത്തിനുള്ള ശക്തി ലഭിക്കും. ഓരോ കണ്ണീർതുള്ളിയും മഴവില്ലു വിരിയിക്കുന്നതാണ്.
ജർമ്മനിയിലെ ഒരു കൊട്ടാരത്തിൽ ഇരട്ട ഗോപുരങ്ങൾ ഉണ്ടായിരുന്നു. രണ്ടു ഗോപുരങ്ങളും അൽപം അകലത്തിൽ ആകാശത്തിലേക്ക് ഉയർന്നു നിന്നു. ഒരു പ്രഭു തൻ്റെ ഭരണകാലത്ത് ഈ രണ്ടു ഗോപുരങ്ങളെയും തമ്മിൽ നീളമുള്ള കമ്പികൾകൊണ്ടു ബന്ധിപ്പിച്ചു. ചില കമ്പികൾ അദ്ദേഹം തൂക്കിയിടുകയും ചെയ്തു. വേനൽക്കാലത്ത് കാറ്റടിക്കുമ്പോൾ കമ്പികൾ ഇളക്കമില്ലാതെ നിന്നു. സാധാരണ കാറ്റുകൾക്ക് അവയെ ചലിപ്പിക്കുവാൻ കഴിയുമായിരുന്നില്ല. എന്നാൽ മഴമേഘങ്ങൾ ആകാശത്ത് ഉരുണ്ടുകൂടി, കാറ്റ് ശക്തമായി അടിച്ചപ്പോൾ കമ്പികൾ വീണയിൽ നിന്നുയരുന്നതുപോലെ മനോഹരമായ സംഗീത സ്വരങ്ങൾ കേൾപ്പിച്ചു. കാറ്റ് ശക്തമാകുംതോറും മധുരസംഗീതവും ഉയർന്നുവന്നു.ഇത് ജനങ്ങളിൽ ആശ്ചര്യം ഉളവാക്കി.
ഈശ്വരൻ നമ്മുടെ ആത്മാവിൽ വലിച്ചുകെട്ടിയ ചില കമ്പികൾ ഉണ്ട്. സാധാരണ കാറ്റത്ത് അവ ഇളകി എന്നു വരികയില്ല. എന്നാൽ ശക്തമായ കൊടുങ്കാറ്റ് അതിലൂടെ കടന്നു പോകുമ്പോൾ അതിൽ സ്വർഗീയ സംഗീതം ഉണരും. ജീവിതത്തിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകൾ നമ്മെ നശിപ്പിക്കുവാനല്ല, നമ്മിലെ നന്മ പുറത്ത് കൊണ്ടുവരുവാനാണ്; ജീവിതം തന്നെ മനോഹരമായ സംഗീതം ആക്കുവാനാണ്. ക്രിസ്തു പറഞ്ഞത് ; ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ, അവർക്ക് ആശ്വാസം ലഭിക്കും എന്നാകുന്നു.
ഈ ആത്മിക അറിവ് നമ്മുടെ ജീവിത ദുരിതങ്ങളെ പ്രഭയുള്ളതാക്കും. കഷ്ടങ്ങളിൽ പ്രശംസിക്കുവാൻ ഉള്ള പ്രത്യാശ പകരും. നദികളിൽ കൂടെ കിടക്കുമ്പോൾ മുങ്ങിപ്പോകാതെ, അഗ്നിയിൽ കൂടെ കടക്കുമ്പോൾ വെന്തു പോകാതെ, കൂരിരുൾ താഴ്വരകളിൽ
കൂടെ നടക്കുന്ന ക്രിസ്തു സാന്നിധ്യം അനുഭവിക്കുക. നമ്മുടെ ഹൃദയ തന്ത്രികളിൽ സംഗീതവും ആത്മാവിൽ ആത്മാവിൽ മഴവിൽ വർണങ്ങളും വിരിയുവാൻ ദൈവം നൽകുന്ന ജീവിതാനുഭവങ്ങൾക്കു നന്ദിയുള്ളവരാകാം.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447111289
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289
