നിനക്ക് എൻ്റെനേരെ കൈ ഒന്നു വീശാമോ?
മനുഷ്യന് ഏകാന്തത ചിലപ്പോഴെങ്കിലും ആവശ്യമാണെങ്കിലും ഒറ്റപ്പെടുന്ന അനുഭവം വേദന ഉളവാക്കുന്നതാണ്. “ഏകാന്തതയുടെ സമുദ്രത്തിലെ ദ്വീപാണ് ജീവിതം. പ്രതീക്ഷകൾ ജീവിതത്തിലെ പറവകളാണ്. മരങ്ങൾ പ്രതീക്ഷകളും പൂക്കൾ ഏകാന്തതയും അരുവികൾ ദാഹവുമാണ് ” എന്ന് ഖലിൽ ജിബ്രാൻ പറഞ്ഞിട്ടുണ്ട്. മനുഷ്യൻ ആശയിൽ ജീവിക്കുന്നു. ആശ നശിച്ചാൽ ജീവിതം ഇല്ല. നമുക്ക് പ്രതീക്ഷനൽകുന്ന രണ്ടു കാര്യങ്ങളെപ്പറ്റി ഷേക്സ്പിയർ എഴുതിയത് ഇങ്ങനെ, ” ഒരു ആശയവും ചങ്ങാതിയും ഒരുപോലെയാണ്. രണ്ടും നമുക്ക് പ്രതീക്ഷനൽകുന്നു.”
സ്നേഹിക്കുവാനും പ്രതീക്ഷകൾ നൽകുവാനും ആരും ഇല്ലാത്ത ജീവിതം നിശ്ചലമാകും. ചണ്ഡാലഭിക്ഷുകിയിൽ കുമാരനാശാൻ എഴുതി:
” സ്നേഹത്തിൽ നിന്നുദിക്കുന്നു – ലോകം, സ്നേഹത്താൽ വൃദ്ധി നേടുന്നു.
സ്നേഹംതാൻ ശക്തി ജഗത്തിൽ – സ്വയം സ്നേഹംതാനാനന്ദ മാർക്കും.
സ്നേഹംതാൻ ജീവിതം ശ്രീമൻ – സ്നേഹ വ്യാഹിതന്നെ മരണം.” ‘സ്നേഹമാണഖിലസാരമൂഴിയിൽ ‘ എന്നു ‘നളിനി ‘യിൽ ആശാൻ കുറിച്ചിട്ടുണ്ട്. ഭക്തിദീപികയിൽ ഉള്ളൂർ എഴുതിയതു നോക്കുക:
“പ്രേമം താൻ പ്രപഞ്ചത്തിൽ
ശ്രേഷ്ഠമാം ജീവാധാരം,
പ്രേമത്തിന്നഭാവത്തിൽ
ബ്രഹ്മാണ്ഡം നിശ് ചേതനം.”
മതപണ്ഡിതനായ റബിഅബ്രഹാമിനെ സമീപിച്ച് പ്രസിദ്ധനും മാന്യമായ ഒരു വ്യക്തി ഇപ്രകാരം പറഞ്ഞു, ” അല്ലയോ റബീ,അങ്ങയുടെ അടുക്കൽ വന്നാൽ ഏതുരോഗത്തിനും പറ്റിയ ഔഷധം ലഭ്യമാണെന്നറിഞ്ഞു. ദൈവഭയം ഇല്ലാതാക്കുന്ന മരുന്ന് എനിക്കു കൽപ്പിച്ചു നൽകുമോ?” അപ്പോൾ റബി പറഞ്ഞു, ”അത്തരം ഔഷധം എൻ്റെ പക്കലില്ല. ഈശ്വരഭയം അകറ്റുന്ന മരുന്നിനുപകരം ഈശ്വരസ്നേഹത്തിനുപകരിക്കുന്ന ഒരു ഔഷധം കൽപിക്കാം. അത് താങ്കൾക്കു സ്വീകാര്യമാകുമോ?” ആയിക്കോട്ടെ എന്ന് ആഗതൻ പറഞ്ഞു.
” ഞാൻ നിർദ്ദേശിക്കുന്ന ഔഷധം മനുഷ്യസ്നേഹമാണ്. ദൈവസ്നേഹത്തിനുള്ള ഔഷധത്തിൻ്റെ അതേ ഫലം ചെയ്യും.” ഇതായിരുന്നു റബിയുടെ മറുപടി. ഈശ്വര സ്നേഹവും മനുഷ്യസ്നേഹവും ഒരു നാണയത്തിൻ്റെ രണ്ടുവശങ്ങളാണ്. ദൈവം സ്നേഹം തന്നെ എന്നാണ് വിശുദ്ധ ബൈബിൾ പറയുന്നത്. ദൈവത്തെ സ്നേഹിക്കുന്നവൻ മനുഷ്യനെയും സ്നേഹിക്കും. സഹോദരനെ സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. സ്നേഹമെന്ന ഗുണത്തിൻ്റെ ആഴവും പരപ്പും വെളിപ്പെടുത്തുന്ന തിരുവെഴുത്തുകൾ മനുഷ്യരാശിയുടെ നിലനിൽപ്പിൻ്റെ ആധാരം സ്നേഹമെന്നു വ്യക്തമാക്കുന്നു. അതുകൊണ്ടാണ് വിശുദ്ധ വേദപുസ്തകം വായിക്കുമ്പോൾ നമുക്ക് സമാധാനവും ആനന്ദവും ഉണ്ടാകുന്നത്.
ഒരിക്കൽ ഇംഗ്ലണ്ടിലെ ഒരു പത്രസ്ഥാപനം 100 പേരോട് ഒരു ചോദ്യം ചോദിച്ചു. രാഷ്ട്രീയ പ്രവർത്തകർ, പത്രപ്രവർത്തകർ, അധ്യാപകർ, കൃഷിക്കാർ, വ്യവസായികൾ എന്നിങ്ങനെ സമൂഹത്തിൻ്റെ വിവിധരംഗങ്ങളിൽ ഉള്ളവരായിരുന്നു അവർ. ചോദ്യം ഇങ്ങനെ: ‘ഏതെങ്കിലും കാരണത്താൽ നിങ്ങൾക്കു ജയിലിൽ പോകേണ്ടിവന്നു എന്ന് സങ്കൽപ്പിക്കുക. ജയിലിൽ വായിക്കുവാൻ മൂന്നു പുസ്തകങ്ങൾ മാത്രം കൊണ്ടുപോകാൻ അനുവാദമുണ്ട്. അങ്ങനെയെങ്കിൽ നിങ്ങൾ കൊണ്ടു പോകാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ മുൻഗണനാക്രമത്തിൽ എഴുതുക.’
അവരിൽ 90 ശതമാനം പേരും വിശുദ്ധ വേദപുസ്തകം എന്ന് ഒന്നാമത് എഴുതിയിരുന്നു. കാരണം, ഏകാന്തതയിൽ സമാധാനം നൽകുവാനും ദൈവശബ്ദം കേട്ട് ആത്മബലം നേടുവാനും ശക്തി നിർഭരമായ വചനങ്ങളാണ് അതിലുള്ളത്. ഒരു സ്നേഹസംഗീതം പോലെ അത് പരിശുദ്ധമാണ്.
മനുഷ്യസ്നേഹവും അംഗീകാരവും അനുമോദനവും ആവശ്യമാണെന്ന് വ്യക്തമാക്കുന്ന ഒരു അനുഭവ കഥ എങ്ങനെയുണ്ട്: ഇംഗ്ലണ്ടിലെ ലിവർപൂൾ തുറമുഖത്തുനിന്ന് ഒരു കപ്പൽ യാത്ര പുറപ്പെടുകയാണ്. കപ്പൽ തുറമുഖത്തു നിന്നുപോകുവാൻ നിമിഷങ്ങൾ ബാക്കി. നൂറുകണക്കിന് യാത്രക്കാർ കപ്പലിൽ കയറി. കപ്പലിൽ കയറിയവരെ തുറമുഖത്തു നിൽക്കുന്നവർ കൈവീശി ആശംസകൾ പറഞ്ഞു യാത്രയാക്കുന്നു. പക്ഷേ,ഒരു വ്യക്തി മാത്രം ഏകാന്തതയനുഭവിച്ച് കപ്പലിന്റെ മേൽത്തട്ടിൽ നിൽക്കുകയാണ്. അയാൾ ഒരു കവി ആയിരുന്നു. പ്രസിദ്ധനായിരുന്നെങ്കിലും ആരും അവനെ തിരിച്ചറിഞ്ഞില്ല. എല്ലാവരും ആഹ്ലാദം പങ്കുവച്ച ആ സന്ദർഭത്തിൽ അയാൾ ആരും ഇല്ലാത്തവനെപ്പോലെ നിന്നു. പെട്ടെന്ന് അയാൾ കപ്പലിൽനിന്ന് തുറമുഖത്തേക്ക് ഓടിയിറങ്ങി. അവിടെ നിന്ന ഒരു കൊച്ചു കുട്ടിയോട് ചോദിച്ചു, “മോനേ, നിനക്ക് പണത്തിന് ആവശ്യമുണ്ടോ?” ആ ബാലൻ പറഞ്ഞു, “ഉണ്ട് സാർ, ഉണ്ട്. ” അയാൾ അവനോട് പറഞ്ഞു. “ഞാൻ നിനക്ക് കുറച്ചു രൂപ തരാം. പക്ഷേ, നീയൊരു കാര്യം എനിക്ക് ചെയ്തു തരണം. ഞാൻ കപ്പലിന്റെ മുകളിൽ കയറി കൈ വീശുമ്പോൾ നീയും എന്നെ നോക്കി കൈ വീശണം.”
“ശരി സാർ. ഞാൻ അങ്ങനെ ചെയ്യാം.” അവൻ സമ്മതിച്ചു. അയാൾ കുറച്ചു പണം അവന്റെ കൈവശം കൊടുത്തു. കപ്പല് യാത്രയാകാനുള്ള വിസില് മുഴങ്ങി. അയാൾ ഓടി കപ്പലിൽ കയറി. മുകളിൽ നിന്ന് ഈ ബാലകന്റെ നേരെ കൈവീശി. അവൻ അയാൾക്കു നേരെ കൈവീശുകയും തുള്ളിച്ചാടുകയും ചെയ്തു. അവൻ തൂവാല എടുത്തു വീശി എന്തൊക്കെയോ ആശംസകൾ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. കപ്പലിൽ അകന്നു പോകുമ്പോൾ അയാളും ബാലകനെ നോക്കി കൈ വീശിക്കൊണ്ടിരുന്നു.
ഈ സംഭവത്തിന്റെ പിന്നിലെ രഹസ്യം എന്താണ്? ഏകാന്തത മനുഷ്യനെ നിശ്ചലനും
നിരാശിതനും ആക്കുന്നു. താൽപ്പര്യത്തോടെ പ്രതികരിക്കുന്ന, സ്നേഹം പ്രകടിപ്പിക്കുന്ന ചിലരെ അവന് ആവശ്യമുണ്ട്. ഏതു മനുഷ്യനും തന്നെ സ്നേഹിക്കുന്ന മറ്റൊരു മനുഷ്യനെ ആവശ്യമുണ്ട്. “അയൽക്കാരനില്ലാതെ ജീവിക്കാൻ തക്കവിധം ആരും അത്രയ്ക്ക് സമ്പന്നരല്ല” എന്നാണ് ഒരു ഡാനിഷ് പഴമൊഴി. നിന്റെ സഹോദരൻ എവിടെ നിന്നാണ് ദൈവം മനുഷ്യനോട് ചോദിക്കുന്നത്. പരസ്പരം സ്നേഹിക്കുവാനും കരുതുവാനും ക്രിസ്തു പഠിപ്പിച്ചു. നമുക്ക് മനുഷ്യ സ്നേഹത്തിന്റെ തെളിവ്ക്കൂട്ടാണാവശ്യം. ലോകം,ജീവിതം, ബന്ധങ്ങൾ ഇവയൊക്കെ നിശ്ചലം ആകാതെ സൂക്ഷിക്കുവാൻ നിറ സ്നേഹവാണാവശ്യം. ഈശ്വരൻ സ്നേഹമാകുന്നുവല്ലോ!
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447084188
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289
