കെന്നി ജോർജും മേഴ്സിയും സഞ്ചരിച്ചത് അത്ഭുത സൗഖ്യത്തിൻ്റെ വഴികളിൽ. യാത്രകൾ ഇഷ്ടപ്പെട്ട കെന്നിയും മേഴ്സിയും ഒഴിവ് നേരങ്ങൾ കണ്ടെത്തി അപൂർവ്വ സ്ഥലങ്ങൾ സന്ദർശിക്കുക ശീലമായിരുന്നു. കോവിഡ് കാലത്ത് അവർക്ക് രണ്ടുപേർക്കും യാത്ര ചെയ്യേണ്ടിവന്നത് അതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിൽ. മാരകരോഗങ്ങളുടെ കനൽവഴികളിലൂടെ അവർക്ക് നടക്കേണ്ടിവന്നു. പക്ഷേ, അവർ വിശ്വാസമർപ്പിച്ച കർത്താവായ യേശു കൈവിട്ടില്ല. രോഗ സൗഖ്യത്തിൻ്റെ അത്ഭുത സാക്ഷ്യവുമായി ദൈവത്തിനു നന്ദി അർപ്പിക്കുകയാണ് യു എസ്സിലെ ഒക്കലഹോമയിൽ പാർക്കുന്ന ഈ കുടുംബം.
കെന്നി ജോർജിൻ്റെ മാതാപിതാക്കൾ മലേഷ്യയിൽ ആയിരുന്നു. കെന്നി ആറു വയസ്സുവരെ വളർന്നത് അവിടെയായിരുന്നു. പിന്നീട് കേരളത്തിലും ഉത്തരേന്ത്യയിലുമായി കുറച്ചു വർഷങ്ങൾ. 1983ൽ 19 വയസുള്ളപ്പോൾ അമേരിക്കയിലേക്കു പോയി. അവിടെ ക്രൈസ്റ്റ് ഫോർ നേഷൻ ബൈബിൾ കോളേജിൽ പഠനം. പഠനശേഷം തിരുവല്ല സ്വദേശി മേഴ്സിയുമായി വിവാഹം.
യാത്രകൾ ഇഷ്ടപ്പെട്ട കെന്നി തൻ്റെ ബിസിനസ് രംഗമായി തിരഞ്ഞെടുത്തത് ട്രാവൽ ഏജൻസി ആണ്. സീഗേറ്റ് എന്ന ട്രാവൽ കമ്പനിയിൽ ജോലി ചെയ്ത ശേഷം ഭാര്യാപിതാവ് റവ. കെ.സി. ജോർജിനോടൊപ്പം ട്രാവൽ ബിസിനെസ്സിൽ കുറച്ചുകാലം പരിചയം നേടി. അതിനു ശേഷം സ്വന്തമായി ഒരു ട്രാവൽ കമ്പനി തുടങ്ങി. അത് ഇപ്പോഴുമുണ്ട്. ആളുകളെ സഞ്ചാരികളാക്കുന്നതിന് ഒപ്പം താനും കുടുംബമായി മൂന്നു നാലു മാസം കൂടുമ്പോൾ പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുക പതിവായിരുന്നു. അങ്ങനെയിരിക്കെ ജീവിത സന്തോഷം തല്ലിക്കെടുത്തികൊണ്ട് 2017ൽ ആ വാർത്തയെത്തി. മേഴ്സി രോഗിയായിരിക്കുന്നു. ചികിത്സകൾ ആരംഭിച്ചു. ചികിത്സ പുരോഗമിച്ചുവരവെയാണ് 2020 മെയ് മാസത്തിൽ കാൻസർ ബാധിച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരം അറയുന്നത്. കോവിഡ് കാലത്തെ ദുരിതത്തിനൊപ്പം രോഗവിവരം കുടുംബത്തെ വല്ലാതെ തളർത്തി. കഠിനമായ ചികിത്സാ വിധികളിലൂടെ മേഴ്സിക്കു കടന്നു പോകേണ്ടി വന്നു. സഭ പ്രാർത്ഥനയും കൈത്താങ്ങുമായി ഒപ്പമുണ്ടായിരുന്നു. വേദനാജനകമായ ഈ സന്ദർഭത്തിൽ കർത്താവ് മേഴ്സിക്കു നൽകിയ ദൈവവചനം ഇതാണ്: ” നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോട് കൂടെയുണ്ട്, ദ്രമിച്ചു നോക്കേണ്ടാ, ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാൻ നിന്നെ ശക്തീകരിക്കും, ഞാൻ നിന്നെ സഹായിക്കും, എൻ്റെ നീതിയുള്ള വലംകൈ കൊണ്ട് ഞാൻ നിന്നെ താങ്ങും ” ( യെശ.41:10 ). കൂരിരുൾ താഴ്വരയിലൂടെ കടന്നുപോയാലും കൂടെയിരിക്കുന്ന കർത്താവിൽ ആശ്രയിക്കുവാൻ മേഴ്സിക്കു സാധിച്ചു. സൗഖ്യമാക്കുന്ന കർത്താവിൻ്റെ കര സ്പർശനം നിരന്തരം അനുഭവിച്ചു.
അങ്ങനെയിരിക്കെ 2020 ൽ കെന്നിക്ക് വയറിന് ചെറിയ പ്രയാസം തോന്നി. ദഹനശക്തി ഇല്ല. പരിശോധനയിൽ ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറയുന്നു എന്ന് അറിയുന്നു. രണ്ടുപ്രാവശ്യം ഫ്ലൂയിഡ് എടുത്തുകളഞ്ഞു. പിന്നീട് വിദഗ്ധ പരിശോധനയ്ക്ക് വിധേയനായി. ബോൺമാരോ ടെസ്റ്റും ബയോപ്സിയും ചെയ്തു. രോഗനിർണയം നടത്തിയപ്പോൾ കെന്നിക്ക് മൾട്ടിപ്പിൾ മൈലോമ എന്ന ബ്ലഡ് കാൻസർ ആണെന്ന് വൈദ്യശാസ്ത്രം കണ്ടെത്തി. കെന്നി വല്ലാതെ തളർന്നു പോയി. കോവിഡ് കാലമായതിനാൽ ട്രാവൽ ബിസിനസ് നടക്കുന്നില്ലായിരുന്നു. ഭാര്യ രോഗിയാണ്. ഇപ്പോൾ ഇതാ! താനും രോഗിയായിരിക്കുന്നു. ജീവിതം നിലയില്ലാ കയത്തിലേക്ക് താണുപോകുന്നതുപോലെ .
56 വയസ്സുവരെ മരുന്ന് കഴിക്കുകയോ ആശുപത്രിയിൽ കിടക്കുകയോ ചെയ്തിട്ടില്ലാത്ത കെന്നി 28 ദിവസം ആശുപത്രിയിൽ കഠിനമായ ചികിത്സയ്ക്ക് വിധേയമായി. കീമോയും മരുന്നുകളും മൂലം കിഡ്നിക്കും തകരാറ് സംഭവിച്ചു. പക്ഷേ, അവിടെയും പ്രാർത്ഥനയുടെ അത്ഭുതശക്തി കെന്നി അനുഭവിച്ചറിഞ്ഞു. അസാധാരണവും അത്ഭുതകരവുമായനിലയിൽ സൗഖ്യം തനിക്ക് ലഭിച്ചു.
ആകാശ യാത്രയിലൂടെ ജീവിതം ആസ്വദിച്ച തന്നെ ദൈവത്തോട് കൂടുതൽ അടുപ്പിക്കാൻ ആണ് ഈ ശോധന എന്ന് തിരിച്ചറിഞ്ഞതായി കെന്നി പറയുന്നു. ഇപ്പോൾ പ്രാർത്ഥനയിലൂടെ മാരക രോഗങ്ങളിൽനിന്ന് ദൈവിക സൗഖ്യം ലഭിച്ച കെന്നിയും മേഴ്‌സിയും ഇത്തവണ ഒക്കലഹോമയിൽ നടന്ന എ.ജി. കോൺഫ്രൻസിലും ഐപിസി ഫാമിലി കോൺഫ്രൻസിലും നേരിട്ട് പങ്കെടുത്തതുതന്നെ പ്രാർത്ഥനയുടെയും ദൈവീക വിടുതലിന്റെയും നേർ സാക്ഷ്യമായിരുന്നു. ഇപ്പോഴും പ്രാർത്ഥനയ്ക്ക് അത്ഭുതം പ്രവർത്തിക്കാൻ കഴിയും എന്നതിൻ്റെ ഉറപ്പുള്ള സാക്ഷ്യമാണ് ഈ ദമ്പതികളുടെ ജീവിതം
ഒക്കലഹോമയിൽ താമസിക്കുന്ന കെന്നിക്കും മേഴ്സിക്കും രണ്ട് മക്കൾ. ഷോണും പ്രിയയും രണ്ടുപേരും വിവാഹിതനാണ്. മക്കൾ ഇരുവരും കുടുംബമായി ഒക്കലഹോമയിൽത്തന്നെ പാർക്കുന്നു. മൂന്നു കൊച്ചുമക്കളുമുണ്ട് കെന്നി – മെഴ്‌സി ദമ്പതികൾക്ക്.
ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.