പാസ്റ്റർ കെ.സി. ജോണിൻ്റെ 75-ാം ജന്മദിനമാണിന്ന്. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന പ്രമുഖ മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് പാസ്റ്റർ കെ.സി. ജോണിനെക്കുറിച്ച്…
ഒരുകാലത്ത് മനോരമയിൽ പെന്തെക്കോസ്ത് ഭകളെപ്പറ്റി ഏറ്റവും അറിയാവുന്ന പ്രത പ്രവർത്തകൻ ഞാനായിരുന്നു. പെന്തെക്കോസ്ത് സഭാംഗങ്ങളായ പലർ മനോരമ പത്രാധിപ സമിതിയിലേക്കു വന്നതോടെ എനിക്ക് ആ വിശേഷണം നഷ്ടപ്പെട്ടു.
പെന്തെക്കോസ്ത് സഭയ്ക്ക് കേരളീയ സമൂഹത്തിലുള്ള സ്ഥാനത്തെപ്പറ്റി പെന്തെക്കോസ്ത് വേദികളിലും മറ്റു ചിലയിടങ്ങളിലും ഞാൻ സംസാരിക്കുന്നതു കേട്ടിട്ട് ഞാനൊരു പെന്തക്കോസ്തുകാരനാണെന്നു തെറ്റിദ്ധരിച്ച പലരുണ്ട്. കുമ്പനാടിനടുത്ത് ഇരവിപേരൂരിൽ ജനിച്ചുവളർന്നതുകൊണ്ടുള്ള അറിവും അടുപ്പവുമായിരുന്നു അത്. ഹെബ്രോൻപുരത്ത് ബൈബിൾ സംബന്ധമായ ഒരു പെയിന്റിങ് രൂപകൽപന ചെയ്യാൻ ആർട്ടിസ്റ്റുമാരായ ഒ.ചെറിയാനും എന്റെ പിതാവ് ടി.ഒ. ചാക്കോയ്ക്കും നിർദേശം നൽകിയ കാലം മുതൽ ഉണ്ണുണ്ണിസാറിനെ എനിക്കറിയാം. (പാസ്റ്റർ കെ.ഇ.ഏബ്രഹാമിനെ ഞങ്ങളൊക്കെ ഉണ്ണൂണ്ണി സാർ എന്നാണു വിളിച്ചിരുന്നത്).
പാസ്റ്റർ ഏബ്രഹാം മുതൽ ഇങ്ങോട്ടു നല്ല നായകരെ ലഭിച്ചു എന്നതാണ് ഐപിസിയുടെ അനുഗ്രഹം. അവരെല്ലാവരുമായി വ്യക്തി ബന്ധങ്ങളില്ലെങ്കിലും പാസ്റ്റർ ടി.എസ്.ഏബ്രഹാമിനെയും പാസ്റ്റർ കെ.സി.ജോണിനെയും എനിക്ക് അറിയാം. പെന്തെക്കോസ്ത് സമൂഹങ്ങളിൽ പ്രസംഗത്തിനുള്ള സ്ഥാനം എടുത്തുപറയേണ്ടതില്ല. വചനഘോഷണത്തിലൂടെ വിശ്വാസികളുടെ മനസ്സിനെ സ്വാധീനിക്കുകയെന്നതാണു പെന്തെക്കോസ്ത് രീതി. അതു കൊണ്ടുതന്നെ മികച്ച പ്രസംഗകർ ജനസമ്മിതി നേടും.
പെന്തെക്കോസ്ത് പ്രഭാഷകരിൽ പലരും സ്പീഡിന്റെയും ഉയർന്ന ഡെസിബലിന്റെയും ആൾക്കാരാണ്. അതിനിടയ്ക്ക് ആശ്വാസത്തിന്റെ ഒരു തുരുത്താണ് പാസ്റ്റർ കെ.സി. ജോൺ. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ ഒച്ചപ്പാടും ബഹളവുമില്ല. സാവധാനം, നിർത്തി നിർത്തിയുള്ള വാചകങ്ങളിലൂടെ അദ്ദേഹം സംവദിക്കുന്നു. പ്രഭാഷണ കലയുടെ അനന്യതയിലൂടെ ജനമനസ്സുകളെ കീഴടക്കിയ ഉജ്വല പ്രഭാഷകനാണ് പാസ്റ്റർ കെ.സി.ജോൺ. പ്രഭാഷണ വേദിയിൽ അദ്ദേഹത്തിന്റേതു സമാനതകളില്ലാത്ത പ്രയാണമാണ്.
പെന്തെക്കോസ്ത് യുവാക്കൾക്കിടയിൽ ആരാധകവൃന്ദം തന്നെ സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഏതു സാധാരണക്കാരനും മനസ്സിലാകുന്ന ശുദ്ധമായ ഭാഷയും ബൈബിളിനെക്കുറിച്ചുള്ള അഗാധമായ അറിവും സമ്പുഷ്ടമായ ആശയങ്ങളും അനുസ്യൂതമായ വാഗ്ധോരണിയും മറ്റു പ്രഭാഷകരിൽനിന്ന് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നു. കാലികപ്രസക്തമായ പ്രമേയങ്ങളിലൂടെ ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിഞ്ഞു വെന്നതാണു കെ.സി.ജോണിനെ പ്രസംഗകലയിലെ നിത്യവിസ്മയ മാക്കുന്നത്. കൺവൻഷൻ പ്രസംഗത്തെ അദ്ദേഹം ജനകീയമാക്കി. ഫ്ലക്സുകളും ഹോർഡിങ്ങുകളും ഇല്ലാതിരുന്ന കാലത്ത്, ആ ഒരൊറ്റ പേരുകൊണ്ടു മാത്രം ജനക്കൂട്ടത്തെ കൺവൻഷൻ വേദികളിലേക്ക് ആനയിക്കാൻ കഴിഞ്ഞു. പരന്ന വായനയും വിശാലമായ ജീവിതവീക്ഷണവും അചഞ്ചലമായ ദൈവവിശ്വാസവും പെന്തെക്കോസ്ത് സന്ദേശങ്ങളോടുള്ള അഭിനിവേശവും വിശ്വാസതീക്ഷ്ണതയും കെ.സി.ജോണിനെ ഇപ്പോഴും പ്രഭാഷണ വേദികളുടെ പ്രയങ്കരനാക്കി മാറ്റുന്നു.
പിതാവ് എൻജിനീയറാക്കാനാഗ്രഹിച്ച ഒരാൾ, ആലുവ യുസി കോളജിൽ വോളിബോൾ ടീം ക്യാപ്റ്റനായിരുന്ന ഒരാൾ, സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ആക്ടിവിസ്റ്റായിരുന്ന ഒരാൾ ഇങ്ങനെയൊക്കെയായതു നമ്മെ വിസ്മയിപ്പിക്കും.. ഇതിനു പുറമെ ഞാനദ്ദേഹത്തെ ബഹുമാനിക്കുന്നതിനു മൂന്നു കാരണങ്ങൾ കൂടിയുണ്ട്. ലോകത്തെവിടെയും പ്രഭാഷണത്തിനു പോയിട്ടുള്ള അദ്ദേഹത്തിനു മറ്റു ചിലരെപ്പോലെ അമേരിക്ക താവളമാക്കാമായിരുന്നു. അതുകൊണ്ടുള്ള ഭൗതിക നേട്ടമൊന്നും ഈ തലവടിക്കാരനെ പ്രലോഭിപ്പിച്ചില്ല.
പെന്തെക്കോസ്ത് സഭകൾക്കു കേരളത്തിന്റെ പൊതുസമൂഹത്തിൽ മാന്യമായ ഒരു ഇടം ഉണ്ടാക്കിയതു പാസ്റ്റർ കെ.സി. ജോൺ ആണ്. കേരളത്തിലെ പെന്തെക്കോസ്ത് നേതാക്കളിൽ ഏറ്റവും തലയെടുപ്പുള്ള അദ്ദേഹം ഒട്ടേറെ സഭകളായി വേർപിരിഞ്ഞു കഴിയുന്ന പെന്തെക്കോസ്ത് സമൂഹത്തിൽ മറ്റു സഭാവി ഭാഗങ്ങളുടെകൂടെ പിന്തുണ നേടി ക്കൊണ്ടാണ് ഇതു സാധിച്ചത്. എല്ലാ സഭകളുടെയും വേദികൾ അദ്ദേഹത്തിനായി തുറന്നു.
വേണ്ട തീരുമാനങ്ങൾ വേണ്ട സമയത്ത് എടുക്കാനും അതു നടപ്പിലാക്കാനുമുള്ള കഴിവാണ് ഒരാളെ നേതാവാക്കുന്നത്. സിനിമയും ടിവിയും കാണുന്നത് ഒരുകാലത്തു തെറ്റായി കണ്ടിരുന്ന പെന്തെക്കോസ്ത് സമൂഹത്തിലേക്ക് ഒരു ചാനലുമായി വരാൻ 2005ൽ അദ്ദേഹം കാട്ടിയ ധൈര്യം എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പെന്തെക്കോസ്തിൽ അന്ന് പവർ വിഷൻ ഒരു വിപ്ലവമായിരുന്നു. മാസ് ഇവാൻജലിസത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കൂടുതലാളുകളിൽ സന്ദേശം എത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സഭയ്ക്കു പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ആക്കാലത്ത് സഭാ നേതൃത്വത്തിൽനിന്നു മാറി നിന്നുകൊണ്ടാണ് അദ്ദേഹം പവർ വിഷൻ കെട്ടിപ്പടുത്തത്.
ആക്ഷേപങ്ങൾക്കു ചെവി കൊടുക്കാതെ വിമർശകരുടെ നാവടപ്പിച്ച മുന്നേറ്റമാണു പവർ വിഷൻ ചാനൽ നേടിയത്. ഇന്ന് എല്ലാ ക്രിസ്തീയ ഭവനങ്ങളിലും സ്വീകാര്യത നേടിയ ചാനലായിക്കഴിഞ്ഞിരിക്കുന്നു പവർ വിഷൻ. പാസ്റ്റർ കെ.സി. ജോണിന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തിൽ എല്ലാ ഭാവുകങ്ങളും.
കടപ്പാട്: മരുപ്പച്ച & ജോജി ഐപ്പ് മാത്യൂസ്
ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.