ചാത്തു മേനോനെ മറക്കാൻ ആവുമോ?
ജോർജ് കോശി മൈലപ്ര

ലോലോകമാസകലം സെപ്തംബര് 30 അന്തർ ദേശീയ വിവർത്തന ദിനമായി ആചരിച്ചു. ബൈബിളിൻ്റെ സെപ്റ്റു വജിൻറ് പരിഭാഷ നടത്തിയ വിശുദ്ധ ജെറോമിൻ്റെ ഓർമ്മക്കായാണ് ഈ ദിവസത്തിനു ആ പേരുനൽകിയിരിക്കുന്നത്. വേദപുസ്തക പരിഭാഷയുടെ കാര്യത്തിൽ മലയാളി ക്രൈസ്തവർക്ക് ചാത്തു മേനോൻ എന്ന മഹാ മനുഷ്യനെ മറക്കാൻ ആവില്ല.  ഇന്ന് നമ്മുടെ കൈകളിലുള്ള മനോഹരമായ മലയാളം ബൈബിൾ വിവർത്തനത്തിൻ്റെ കാരണക്കാരൻ അദ്ദേഹം ആണ്.

ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഗ്രന്ഥം ബൈബിൾ ആണ്. 698 ലോകഭാഷകളിൽ എങ്കിലും ബൈബിൾ സമ്പൂർണമായും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കു . ഇത് കൂടാതെ പുതിയ നിയമം മാത്രമായി 1548 ഭാഷകളിലും. ബൈബിളിൻ്റെ ഏതെങ്കിലും ഒരു ഭാഗം 3384 ഭാഷകളിലും ലഭ്യമാണെന്നാണ് കണക്കു . ഇപ്പോഴും നൂറു കണക്കിന് ഭാഷകളിൽ വിവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്.
ബൈബിളിൻ്റെ പരിഭാഷ ആദ്യമായി മലയാളത്തിൽ ലഭ്യമാകുന്നത് 1811ലാണ്. ഇന്നേക്ക് 209 വര്ഷങ്ങള്ക്കു മുൻപ്.

വളരെ കൗതുകകരമാണ് ആ ചരിത്രം.
വില്യം കേരി സ്ഥാപിച്ച ഫോർട്ട് വില്യം കോളേജിൻ്റെ ചുമതലയിൽ വിവിധ ഭാരതീയ ഭാഷകളിൽ ബൈബിൾ പരിഭാഷ പുരോഗമിക്കുന്ന കാലം.
മലയാളത്തിലേക്കും ബൈബിൾ തർജമ ചെയ്യണമെന്ന് അവർ തീരുമാനിച്ചു . അങ്ങനെയാണ് ക്ളോഡിയോസ് ബുക്കാനൻ കേരളത്തിലേക്ക് വരുന്നത് . ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മൂന്നാമത്തെ ചാപ്ലയിൻ ആയിട്ടാണ് ബുക്കാനൻ 1797 മാർച്ച് പത്തിന് ഇന്ത്യയിലെത്തിയത്. ആംഗ്ലിക്കൻ സഭയാണ് അദ്ദേഹത്തെ ഇന്ത്യയിലേക്ക് പറഞ്ഞയച്ചത്. ഫോർട്ട് വില്യം കോളേജിൻ്റെ വൈസ് പ്രിൻസിപ്പാളുമായിരുന്നു അദ്ദേഹം. ഗവർണ്ണർ ജനറൽ വെള്ളെസ്‌ലി പ്രഭുവിൻ്റെ താല്പര്യാർത്ഥമാണ് ബുക്കാനൻ കേരളത്തിലേക്ക് 1806ൽ വന്നത്. പോർട്ടുഗീസ്കാരുടെയോ റോമൻ കത്തോലിക്കരുടെയോ സ്വാധീനമില്ലാത്ത, തനതു ദേശീയ സംസ്കാരം കാത്തു പുലർത്തുന്ന ഒരു ക്രൈസ്തവ സമൂഹം കേരളത്തിൽ ഉണ്ടെന്ന അറിവ് ലഭിച്ചതിനെ തുടർന്നായിരുന്നു ഈ കേരളം സന്ദർശനം .

അന്നത്തെ കേരളീയ സമൂഹത്തിനു അന്ത്യോക്യയിലെ പാത്രിയര്കീസിനോടായിരുന്നു വിധേയത്വം ഉണ്ടായിരുന്നത്. അരാമ്യ ഭാഷയുടെ ഒരു ഡയലെക്ട് ആയ സുറിയാനി ഭാഷയിലുള്ള പേശീത്ത ബൈബിൾ ആയിരുന്നു അന്ന് ഇവിടെ ഉപയോഗത്തിൽ ഉണ്ടായിരുന്നത്. മൂന്നാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിൽ തയ്യാറാക്കപ്പെട്ടതായിരുന്നു അതെന്നു കരുതപ്പെടുന്നു .

പീഡ മൂലം ക്രൈസ്തവർ ലോകത്തിൻ്റെ പല ഭാഗങ്ങളിലേക്കും ചിതറി പോകുകയുണ്ടായി . അതിൽ ഒരു സംഘം ഇന്നത്തെ തുർക്കിയുടെയും സിറിയയുടെയും അതിർത്തിയായ ടൂർ അബ്ദിനിൽ ഉണ്ടായിരുന്നു . ബൈബിൾ, ശത്രുക്കളാൽ നാമാവശേഷമാകരുതെന്നു ആഗ്രഹിച്ച അവർ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് തങ്ങളുടെ കൈവശമുള്ള അരാമ്യ ബൈബിളിൻ്റെ പ്രതികൾ എങ്ങേനെയോ എത്തിച്ചിരുന്നു . ഇത് പന്ത്രണ്ടാം നൂറ്റാണ്ടിലെ കഥ. സുറിയാനി ക്രൈസ്തവരുടെ കൈവശമാണ് കേരത്തിലെത്തിയ ബൈബിൾ ലഭ്യമായത്. തോമ സ്ലീഹയിലൂടെക്രിസ്തു മാർഗം പുല്കിയവർ എന്ന് അവകാശപ്പെട്ടിരുന്ന അന്നത്തെ കേരളക്രൈസ്തവർ, നസ്രാണികൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അവരുടെ കൈയിൽ കിട്ടിയ ബൈബിളിൻ്റെ പല പകർപ്പുകൾ എടുത്തു വിവിധ ദേവാലയങ്ങളിൽ പിൽക്കാലത്തു സൂക്ഷിച്ചിരുന്നു.

അങ്ങനെയിരിക്കെ, 1498ൽ പോർട്ടുഗീസുകാർ വാസ്കോ ഡാ ഗാമയുടെ നേതൃത്വത്തിൽ ഗോവയിലെത്തി. സുറിയാനി ക്രിസ്ത്യാനികളെ റോമിലെ പാപ്പായുടെ അധീനതയിൽ ആക്കുക എന്ന ലക്ഷ്യത്തോടെ അവർ കത്തോലിക്കാ മിഷനറിമാരെയും കൂടെ കൊണ്ട് വന്നിരുന്നു. ഗോവൻ ആർച്ചു ബിഷപ്പ് ആയിരുന്ന അലീസൊ ഡി മെനെസിസ് ആയിരുന്നു സൂത്രധാരകൻ. അദ്ദേഹം 1599 ജൂൺ 20 മുതൽ 26 വരെ ഒരു ക്രിസ്തീയ സുന്നഹദോസ് കൊച്ചിക്കടുത്തുള്ള ഉദയമ്പേരൂരിൽ ക്രമീകരിച്ചു. എല്ലാ ക്രൈസ്തവ സമൂഹങ്ങളും പങ്കെടുക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. കേരളത്തിലെ സുറിയാനി സമൂഹത്തിൻ്റെ പക്കലുള്ള ബൈബിളുകളെല്ലാം നശിപ്പിച്ചു കളയണമെന്നത് അദ്ദേഹത്തിൻ്റെ ഗൂഢലക്ഷ്യമായിരുന്നു. വേദപുസ്തകമാണല്ലോ സത്യത്തിലേക്ക് വെളിച്ചം വീശുന്നത്. ഈ സുവിശേഷ വെളിച്ചം തല്ലിക്കെടുത്തുക എന്നതായിരുന്നു അദ്ധേഹത്തിൻ്റെ താല്പര്യം .
സമ്മേളനത്തിന് വരുമ്പോൾ എല്ലാ പള്ളിക്കാരും അവരുടെ പക്കൽ ഉള്ള സുറിയാനി ബൈബിളും കൊണ്ട് വരണമെന്നും അദ്ദേഹം കല്പന കൊടുത്തു . ചില തെറ്റുകൾ തിരുത്തി കൊടുക്കുവാൻ വേണ്ടി എന്ന മട്ടിലായിരുന്നു ആ നീക്കം. എന്നാൽ സമ്മേളനത്തെ തുടർന്ന് ഈ ഗ്രന്ഥങ്ങളെല്ലാം ഉപദേശ പിശകുള്ളവയാണെന്നും അതുകൊണ്ട് കത്തിച്ചു കളയണം എന്നും ബിഷപ്പ് പ്രഖ്യാപിക്കുകയും, സഭാജനങ്ങൾക്കു എന്തെങ്കിലും ചെയുവാൻ കഴിയും മുൻപേ, പേശീത്ത ബൈബിളിൻ്റെ പ്രതികൾ എല്ലാം തീക്കിരയാക്കുകയും ചെയ്തു. സഭ ജനങ്ങൾ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നു .

എന്നാൽ ഗോവൻ ബിഷോപ്പിൻ്റെ തീട്ടൂരം, അന്നത്തെ തപാൽ സംവിധാനത്തിൻ്റെ അപര്യാപ്തത മൂലം, മധ്യ തിരുവിതാംകൂറിലെ ഒരു പള്ളിയിൽ യഥാസമയം എത്തി ചേർന്നില്ല. അത് കൊണ്ട് അവർ ഈ സമ്മേളനത്തിൽ വരികയോ , അവരുടെ പക്കൽ ഉള്ള ബൈബിൾ കൊണ്ട് വരികയോ ചെയ്തില്ല. അങ്ങനെ സുറിയാനി ബൈബിളിൻ്റെ ഒരു പ്രതി മാത്രം ഇവിടെ അവശേഷിച്ചു.

ക്ലോഡിയസ് ബുക്കാനൻ 1806 നവംബര് 22ന് കേരളത്തിൽ എത്തിയപ്പോൾ കണ്ടത്, അന്നത്തെ മലങ്കര സഭയുടെ അധിപനായിരുന്ന ദിവാനിയോസ് VI തിരുമേനിയെ ആയിരുന്നു. അവരുടെ ചർച്ച വേളയിൽ അന്ന് അവശേഷിച്ചിരുന്ന സുറിയാനി ബൈബിളിൻ്റെ ഏക പ്രതി സംഭാഷണവിഷയമായി. പക്ഷെ അപ്പോഴേക്കും ആ ബൈബിൾ പ്രതി, കേരളത്തിലെ പ്രത്യകമായ കാലാവസ്ഥ മൂലം പൊടിഞ്ഞു തുടങ്ങിയിരുന്നു . കൂടാതെ ഒരു ദശാബ്ദം മുൻപ് ടിപ്പു സുൽത്താൻ ഇവിടെയെത്തി ഒട്ടേറെ പള്ളികൾ നശിപ്പിച്ചിരുന്നു. ഇനി എത്രകാലം ഈ ഏക ബൈബിൾ സംരക്ഷിക്കാനാവും എന്ന ആശങ്ക ദിവാനിയോസ് തിരുമേനിക്കുണ്ടായിരുന്നു .
ഈ ഘട്ടത്തിലാണ് ബുക്കാനൻ്റെ വരവ് . കേരളത്തിലെ പള്ളികളിൽ അന്ന് സുറിയാനി ഭാഷയിലുള്ള ആരാധനാ ക്രമമായിരിന്നു പ്രയോഗത്തിൽ ഉണ്ടായിരുന്നത്. സുറിയാനി പണ്ഡിതന്മാരും ഇവിടെ കുറവല്ലായിരുന്നു. എത്രയും വേഗം മലയാളഭാഷയിലേക്കു ബൈബിൾ വിവർത്തനം ചെയ്യണമെന്ന് ബുക്കാനൻ തിരുമേനിയെ ബോധ്യപ്പെടുത്തി.
തിരുമേനി അവശേഷിച്ചിരുന്ന ഏക സുറിയാനി ബൈബിൾ സുരക്ഷിതമായി സൂക്ഷിക്കുവാൻ വേണ്ടി ബുക്കാനനു സമ്മാനിച്ചു. അദ്ദേഹം അത് ഇംഗ്ലണ്ടിൽ കൊണ്ട് പോയി പകർപ്പെടുത്തു 55 കേരള സഭകൾക്ക് സമ്മാനിക്കുകയും ചെയ്തു .. ദിവാനിയോസ് തിരുമേനി ബുക്കാനനു സമ്മാനിച്ച സുറിയാനി ബൈബിൾ അദ്ദേഹം 1809ൽ കംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിക്ക് സമ്മാനിച്ചു. അത് ഇപ്പോഴും അവിടെ സൂക്ഷിച്ചിരിക്കുന്നു.

ചെങ്ങന്നൂരിലെ പഴയ സെമിനാരിയിൽ നിന്നും കിട്ടിയ സുറിയാനി ബൈബിളിനെ ആസ്പദമാക്കി ഒരു മലയാളം പരിഭാഷ ചെയ്യുവാനുള്ള ബുക്കാനന്റെ ആഗ്രഹം സഭലമാകുവാൻ ദിവാനിയോസ് തിരുമേനി മുന്നിട്ടിറങ്ങി . മണ്ണാങ്കനാഴികത്തു ഫിലിപ്പോസിൻ്റെയും ആച്ചിയമ്മയുടെയും മകനായിരുന്ന ഫിലിപ്പോസ് റമ്പാനെയാണ് തിരുമേനി ഈ ചുമതല ഏല്പിച്ചത്. കുന്നംകുളം പുലിക്കോട്ടിൽ ജോസഫ് ഇട്ടൂപ് റമ്പാനും ഈ പ്രോജെക്ടിൽ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. അവരെ സഹായിക്കുവാൻ തമിഴ് പണ്ഡിതനായിരുന്ന തിമ്മപ്പ പിള്ളയും ഉണ്ടായിരുന്നു. കൂടെ എട്ടു സുറിയാനി പണ്ഡിതരും എട്ടു തമിഴ് പണ്ഡിതരും. പരിഭാഷയിൽ, യോഹാൻ ഫിലിപ്പ് ഫാബ്രിക്കസിൻ്റെ തമിഴ് ബൈബിളും അവർക്കു ഏറെ സഹായകമായി .

മലയാളം ബൈബിൾ പരിഭാഷ എന്ന ആശയം , കത്തോലിക്കാ സഭയുടെ വരാപ്പുഴ മെത്രാൻ റെയ്‌മോൻഡിനു തീരെ പിടിച്ചില്ല . അദ്ദേഹം എതിർപ്പ് പ്രകടിച്ചപ്പോൾ ബുക്കാനൻ ഇടപെട്ടു. എതിർത്താൽ നിയമ നടപടികൾ എടുക്കും എന്ന് മുന്നറിയിപ്പ് കൊടുത്തു. ഗോവയിലെ മതകോടതി അന്ന് ഇത്തരം കാര്യങ്ങളിൽ ഒക്കെ ഇടപെടുന്ന രീതി ഉണ്ടായിരുന്നു. ബൈബിൾ പരിഭാഷ കുറ്റകരമാണെന്ന് 1757ൽ ബെനഡിക്ട് പതിന്നാലാമൻ പ്രഖ്യാപിച്ചിരുന്നു . ദിവാനിയോസ് തിരുമേനിക്കെതിരെ മത കോടതിയിൽ കുറ്റവിചാരണ വരുമെന്ന് പോലും കരുതിയിരുന്നു . അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ പരിഭാഷ പദ്ധതി, ദിവാനിയോസ് തിരുമേനിയുടെ ആസ്ഥാനമായിരുന്ന കണ്ടനാട്ട് നിന്നും തഞ്ചാവൂരിലേക്കു മാറ്റാനും ബുക്കാനൻ തീരുമാനിച്ചിരുന്നു. അവിടെ ഉണ്ടായിരുന്ന മിഷനറി കോലാഫ് പദ്ധതി ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു . എന്നാൽ അത്രയൊന്നും വേണ്ടി വന്നില്ല.

1807ൽ നാലു സുവിശേഷങ്ങളുടെ തർജമ പൂർത്തിയായി. ഈ ഘട്ടത്തിൽ ബുക്കാനൻ ഇംഗ്ലണ്ടിലേക്കു പോയിരിക്കുക ആയിരുന്നു, അച്ചടിക്ക് വേണ്ടി പണം സ്വരൂപിക്കുവാൻ. ദിവാനിയോസ് തിരുമേനി, തർജമ ചെയ്ത നാലു സുവിശേഷങ്ങളുടെ കൈ എഴുത്തുപ്രതി കോളിൻ മെക്കാളെക്കു കൈമാറി. വൈകാതെ അത് കൽക്കട്ടയിൽ ബുക്കാനൻ്റെ പക്കലും എത്തി . കൽക്കട്ടയിൽ അന്ന് മലയാളം അക്ഷരങ്ങളുടെ അച്ചു ഉണ്ടായിരുന്നില്ല. അതുകൊണ്ട് സർ ജെയിംസ് മകിന്റോഷിൻ്റെ ചുമതലയിൽ ഇത് ബോംബേക്കു കൊണ്ട് പോയി. 1808ൽ ബുക്കാനൻ ബോംബയിലെ കൊറിയർ പ്രെസ്സുകാരുമായി ഇക്കാര്യം സംസാരിച്ചു.
1790ൽ വില്യം ആഷ് ബർണർ പ്രസിദ്ധീകരിച്ചു തുടങ്ങിയ ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു പത്രിക ആയിരുന്നു ബോംബെ കൊറിയർ. അവിടെയും അച്ചു ഉണ്ടായിരുന്നില്ല . തുടർന്ന് തിമ്മപ്പ പിള്ള ബോംബെയിലേക്ക് പോകുകയും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ മലയാളം അച്ചു അവിടെ ഉണ്ടാക്കുകയും ചെയ്തു. കണ്ടനാട്ടുകാരനായ കൊച്ചു ഇട്ടിയും സഹായത്തിനുണ്ടായിരുന്നു.

അങ്ങനെ 1811ൽ ആദ്യമായി മലയാളം ഭാഷയിൽ ഒരു പുസ്തകം രൂപപ്പെട്ടു. ഇതിനിടെ 1808 ഓഗസ്റ്റ് 17ന് ബുക്കാനൻ ജന്മനാട്ടിലേക്കു പോയി . അവിടെ വച്ച് രോഗബാധിതനായ ബുക്കാനനു വീണ്ടും കേരളത്തിലേക്ക് വരുവാൻ കഴിഞ്ഞില്ല . അദ്ദേഹം 1815 ഫെബ്രുവരി 9ന് മരണം അടഞ്ഞു . തൻ്റെ അധ്വാനഫലം കാണുവാൻ ബുക്കാനനു കഴിഞ്ഞില്ല. പക്ഷെ കേരളത്തിൻ്റെ ചരിത്രത്തിലെ നിർണായകമായ ഈ നാഴിക കല്ലിനു മലയാളം എക്കാലത്തും ആ മഹാ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു . റമ്പാൻ ബൈബിൾ എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു പക്ഷെ ബുക്കാനൻ ബൈബിൾ എന്നായിരുന്നെങ്കിൽ അത് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സ്മാരകം ആകുമായിരുന്നു.

അന്ന് മലയാളം അക്ഷരങ്ങൾക്ക് ഇന്നുള്ള ഉരുളിമ ഉണ്ടായിരുന്നില്ല. ചതുരവടിവിലുള്ള അക്ഷരങ്ങളായിരുന്നു. അന്ന് കല്ലച്ചിൽ അച്ചടിച്ച ആദ്യ മലയാളം ബൈബിളിൻ്റെ മൂന്നു കോപ്പികൾ മാത്രമേ ഇന്ന് ഭൂമിയിലുള്ളൂ എന്നാണറിവ്. 209വർഷം പഴക്കമുള്ള ആ ഗ്രന്ഥത്തിന്റെ ഒരു അമൂല്യ കോപ്പി ഈ എഴുത്തുകാരൻ്റെ സ്വകാര്യ മ്യൂസിയത്തിലുണ്ട്.

കേണൽ മൺറോ, തിമ്മപ്പപിള്ളയുടെ സഹായത്തോടെ പരിഭാഷ തുടരുകയും 1813ൽ പുതിയ നിയമം പൂർത്തിയാക്കുകയും ചെയ്തു . പക്ഷെ ഈ ബൈബിളിനു ഒരു കുഴപ്പം ഉണ്ടായിരുന്നു . തമിഴിലെയും സുറിയാനിയുടെയും വല്ലാത്ത സ്വാധീനം. സാധാരണക്കാരായ മലയാളികൾക്കു ഇത് സ്വീകാര്യമായില്ല. അന്ന് കേരളം മുഴുവനായി ഒരു പൊതു മലയാളം ഉണ്ടായിരുന്നില്ല . ജാതി തിരിച്ചു ഓരോ വിഭാഗത്തിനും പ്രേത്യകമായ ഭാഷാരീതി ആയിരുന്നു ഉണ്ടായിരുന്നത്. പ്രദേശം മാറുമ്പോഴും ഈ വ്യതിയാനം പ്രകടമായിരുന്നു. കൂടാതെ ദൈവശാസ്ത്ര പദങ്ങളൊന്നും ഉരുത്തിരിഞ്ഞു വന്നിരുന്നുമില്ല.
ഈ സാഹചര്യത്തിലാണ് ബെഞ്ചമിൻ ബെയ്‌ലി കോട്ടയം കോളേജിൻ്റെ ( ഇന്നത്തെ CMS കോളേജ്) പ്രിൻസിപ്പൽ ആയി വരുന്നത്.

കാലഘട്ടത്തിൻ്റെ ആവശ്യം തിരിച്ചറിഞ്ഞ ബെയ്‌ലി, ഇംഗ്ലീഷിലെ കിംഗ് ജെയിംസ് വേർഷൻ ആസ്പദമാക്കി ഒരു മലയാളം പരിഭാഷ എന്ന ആശയം മുന്നോട്ടു വച്ചു. കോളേജിൻ്റെ ആദ്യ പ്രിൻസിപ്പൽ ആയ റെവ. ജോസഫ് ഫെന്നും ഈ ആശയത്തോട് യോജിച്ചു. തുടർന്ന് അവർ, മദ്രാസ് സിവിൽ സെർവിസിൽ ഒരു തഹസിൽദാർ ആയി സേവനം അനുഷ്ടിച്ചു കൊണ്ടിരുന്ന ഭാഷ പണ്ഡിതൻ ചാത്തു മേനോന്റെ സഹായം തേടുവാൻ തീരുമാനിച്ചു.

പാലക്കാടു ഒറ്റപ്പാലം ചുങ്കത്തു കുടുംബത്തിലെ അംഗമായിരുന്നു ചാത്തു മേനോൻ. കുഞ്ഞും നാളിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട ചാത്തുവിനെ വളർത്തിക്കൊണ്ട് വന്നത് അമ്മാവൻ ആയിരുന്നു. ആ നാളുകളിൽ കായികാഭ്യാസവും മറ്റും പഠിച്ചെടുത്ത ചാത്തു പതിനഞ്ചാം വയസ്സിൽ അമ്മാവനുമായി കലഹിച്ചു , അന്ന് ഒറ്റപ്പാലത്തുണ്ടായിരുന്ന ഒരു സർവ്വേ സംഘത്തോടൊപ്പം ചേർന്നു. പിൽക്കാലത്തു മദിരാശിയിലേക്കു പോയി . പഠനം തുടരുവാൻ സംഘതലവൻ സഹായിച്ചു. അങ്ങനെ മദ്രാസ് റെവന്യൂ ഡിപ്പാർട്ടുമെൻറിൽ ജോലിക്കാരനായി . അത് 1800ൽ. പിന്നീട് ഒറ്റപ്പാലത്തുള്ള തിരുവതാംകൂർ ദിവാൻ ഓംകാരത്തു രാമൻ മേനോൻ്റെ പരിശീലകനായി. രാമൻ മേനോൻ്റെ സഹായത്തോടെയാണ് ചെങ്ങന്നൂരിലെ തഹസിൽദാർ ആയതു. രണ്ട് രാജകുമാരന്മാരുടെ ഗുരു ആകുവാനും തനിക്കു കഴിഞ്ഞു . ചെങ്ങന്നൂരിനടുത്തുള്ള ആലയിലെ പുളിവേലിൽ വീട്ടിൽ പർവ്വതിയമ്മയെ വിവാഹം കഴിച്ചതും ഇക്കാലത്താണ്.
മേനോൻ, മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ മൂന്നു ഭാഷകളിലും വ്യുത്പത്തി നേടിയിരുന്നു. 1816-17 കാലയളവിൽ കോട്ടയം തഹസിൽദാർ ആയ സമയത്താണ് ചർച് മിഷൻ സൊസൈറ്റിയുടെയും ബെഞ്ചമിൻ ബെയ്‌ലിയുടെയും സുഹൃത്താകുന്നത്. തൻ്റെ ബൈബിൾ പരിഭാഷ പദ്ധതിക്ക് വേണ്ടി ബെയ്‌ലി ഇങ്ങനെ ഒരാളെ നോക്കിയിരുന്ന ഘട്ടത്തിലാണ് ഇവർ പരിചയപ്പെടുന്നത് . അങ്ങനെ ആ ഉത്തരവാദിത്തം ചാത്തു മേനോനിൽ നിക്ഷിപ്തമായി.

1817ൽ ചാത്തു മേനോൻ സർക്കാർ സേവനത്തിൽ നിന്നും രണ്ട് വർഷത്തേക്ക് അവധിയെടുത്തു . വൈദ്യനാഥ അയ്യർ, കോട്ടയം കോളേജിലെ എബ്രായ വിഭാഗം തലവൻ മോസസ് ബെൻ ഡേവിഡ് സർഫാത്തി, കൂടാതെ മുപ്പതിലധികം ബ്രാഹ്മണ പണ്ഡിതന്മാർ.. ഇത്രയും പേരായിരുന്നു പുതിയ പരിഭാഷയുടെ പിന്നണി പോരാളികൾ.

പദ്ധതി പൂർത്തിയാകും മുമ്പേ , ചാത്തു മേനോനും അദ്ദേഹത്തിൻ്റെ മക്കൾ പദ്മനാഭ മേനോനും ഗോവിന്ദൻ കുട്ടി മേനോനും ബൈബിൾ സത്യങ്ങളുടെ വിശ്വസനീയത തിരിച്ചറിയുകയും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുകയും ചെയ്തു. അവർ യഥാക്രമം ജോസഫ് ഫെൻ, ബെയ്‌ലി ഫെൻ, ബേക്കർ ഫെൻ എന്നീ പേരുകൾ സ്വീകരിച്ചു, 1831 നവംബര് രണ്ടിന്, ആർച് ഡീക്കൻ റോബിന്സണിൻ്റെ കൈകീഴിൽ ജോസഫ് ഫെൻ സ്നാനം സ്വീകരിച്ചു. അഹിന്ദുക്കൾക്കു തഹസിൽദാർ ആയി തൊഴിൽ ചെയ്യുവാൻ അനുമതിയില്ലാത്തതിനാൽ ജോലിയിൽ നിന്നും ഒഴിയേണ്ടി വന്നു. എങ്കിലും , ബ്രിട്ടീഷ് സർക്കാർ സേവനത്തിൽ പ്രവേശിച്ച ചാത്തു മേനോൻ, പിന്നീട് പൊന്നാനിയിലെ സാൾട് പേഷ്കാർ ആയും കോഴിക്കോട് രേഖ സൂക്ഷിപ്പുകാരനായും അതിനു ശേഷം കൊച്ചിയിൽ ജില്ലാ മുൻസിഫ് ആയും ജോലി ചെയ്തു. 1837ൽ, തൻ്റെ അൻപത്തിയേഴാം വയസ്സിൽ ആ മഹാ മനുഷ്യൻ നിത്യതയിലേക്കു ചേർക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ ഭൗതീകാവശിഷ്ടം കൊച്ചിയിലെ സെൻ്റെ ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു.

ഇതിനിടെ 1829ൽ, ബെയ്‌ലിയുടെ ചുമതലയിൽ ആരംഭിച്ച പുതിയ നിയമവും 1841ൽ പഴയ നിയമവും പൂർത്തിയായി കഴിഞ്ഞിരുന്നു. ഈ ബെഞ്ചമിൻ ബെയ്‌ലിയാണ് മലയാള ലിപി ഇന്ന് കാണുന്ന രീതിയിൽ ഉരുട്ടിയെടുത്തതു. ബെയ്‌ലിയുടെ ഉരുളയാണ് ഇന്നും മലയാളം പ്രെസ്സുകളുടെ ആഹാരം എന്ന് പറയാറുണ്ട്.
ഇതിനു ശേഷം കേരളത്തിൽ എത്തിയ (തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ) ജർമൻ മിഷനറി ഹെർമൻ ഗുണ്ടർട്ടും മലയാള ഭാഷയെ ധന്യമാക്കുവാൻ ഏറെ പരിശ്രമിക്കുകയുണ്ടായി. അദ്ദേഹം ഗ്രീക്കിൽ നിന്നും മറ്റൊരു ബൈബിൾ പരിഭാഷക്കു മുതിർന്നു . 1856ൽ പുതിയ നിയമവും 1886ൽ പഴയ നിയമവും അദ്ദേഹം പൂർത്തിയാക്കി.
മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യസമാചാരവും, എക്കാലത്തും സുവിശേഷ പ്രചണത്തിനു ഏറെ സഹായിച്ചിട്ടുള്ള, തമ്പിയുടെ ഹൃദയം എന്ന ചെറു പുസ്തകവും രചിച്ച വ്യക്തിയാണ് ഗുണ്ടർട്. 1871ൽ സഭകളുടെ സഹകരണത്തിൽ ബൈബിൾ സൊസൈറ്റിയുടെ ചുമതലയിൽ ഒരു പൊതു പരിഭാഷ സമിതിക്കു രൂപം കൊടുത്തു . ബെയ്‌ലിയുടെയും ഗുണ്ടർട്ടിൻ്റെയും പരിഭാഷകൾ സമന്വയിപ്പിച്ചു കൊണ്ട്, 1880ൽ ഒരു പരിഷ്‌കൃത ബൈബിൾ പ്രസിദ്ധീകരിച്ചു. വീണ്ടും ദശാബ്ദങ്ങളുടെ പരിശ്രമം. ഒടുവിൽ 1910ൽ ഇന്ന് നാം കാണുന്ന സത്യവേദപുസ്തകം രൂപം കൊണ്ടു. 1956ൽ രൂപീകരിച്ച ബൈബിൾ സൊസൈറ്റി കേരളം ഘടകം അല്പം ചില പരിഷ്‌കാരങ്ങൾ പിന്നീട് വരുത്തി എന്നത് വിസ്മരിക്കുന്നില്ല.

ബൈബിൾ പരിഭാഷയുടെ കാലഘട്ടത്തോട് അധികം അകലെയല്ലാതെ മലയാളത്തിൽ രചിക്കപ്പെട്ട ഇന്ദു ലേഖയും ശാരദയും കുന്ദലതയും മാർത്താണ്ഡവര്മയും ഒക്കെ ഇന്ന് നാം വായിക്കുമ്പോൾ ഭാഷയുടെ വല്ലാത്ത കല്ലുകടി അനുഭവപ്പെടും. എന്നാൽ മലയാളം ബൈബിളിൻ്റെ സവിശേഷമായ ഒരു ഭാഷ സുഖം വർണനാതീതമാണ്. ഇക്കാര്യത്തിൽ ചാത്തു മേനോനെപ്പോലുള്ള പരിഭാഷകരുടെ പങ്കു എടുത്തു പറയേണ്ടതാണ് . മലയാളം ബൈബിളിലെ ഒട്ടേറെ സുന്ദര പദങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയാണ്. പൂജാഗിരികൾ, ഭജിക്കുക, നിദ്ര പ്രാപിക്കുക, തിരുനിവാസം, വൃത്താന്ത പുസ്തകം തുടങ്ങി ഒട്ടേറെ സുന്ദര പദങ്ങൾ, നമ്മുടെ ബൈബിൾ പരതിയാൽ നമുക്ക് കണ്ടെത്തുവാൻ കഴിയും.

ചാത്തു മേനോൻ ഒരു തഹസിൽദാർ ആയിരുന്നുവെന്നു നേരത്തെ പറഞ്ഞിരുന്നുവല്ലോ. എന്ന് വച്ചാൽ പട്ടണത്തിൻ്റെ അധിപൻ എന്നർത്ഥം. കേരളത്തിൽ പല നഗരങ്ങളിലും അധിപന്മാർ അന്ന് ബുദ്ധിമാന്മാരായ മേനോന്മാർ ആയിരുന്നു . അപ്പൊ. പ്രവ. 19. 35. വിവർത്തനം ചെയ്തപ്പോൾ നാഗരാധിപനു പട്ടണ മേനവൻ എന്ന് ഒരു സ്ഥാനപ്പേര് അദ്ദേഹം സംഭവനചെയ്തതിൻ്റെ കാരണം അതായിരുന്നു. ഇത്തരം സാംസ്‌കാരിക തനിമയുള്ള നിരവധി പദങ്ങൾ നമ്മുടെ സത്യവേദ പുസ്തകത്തിലുണ്ട്. വേദപുസ്തകം എന്ന പദം തന്നെ ഹൈന്ദവ സ്വാധീനം വെളിപ്പെടുത്തുന്നതാണ്.

ലോക പരിഭാഷ ദിനം ആഘോഷിക്കപ്പെടുമ്പോൾ വിസ്മരിച്ചു പോകാൻ പാടുള്ള വ്യക്തിയല്ല ജോസഫ് ഫെൻ ആയി മാറിയ ചാത്തു മേനോൻ. തിമ്മപ്പ പിള്ളയെയും നമുക്ക് മറക്കാൻ ആവില്ല. മലയാള തനിമയുള്ള ഒരു വേദഗ്രന്ഥം മലയാളത്തിന് സമ്മാനിക്കുവാൻ ദൈവം സമ്മാനമായി നൽകിയ ഈ മഹത് വ്യക്തിത്വങ്ങളെ നമുക്ക് സമുചിതമായി ആദരിക്കേണ്ടിയിരിക്കുന്നു . മികച്ച പരിഭാഷ ഗ്രന്ഥത്തിനുള്ള ഒരു പുരസ്‌കാരം ഇദ്ദേഹത്തിന്റെ പേരിൽ നല്കുന്നതിനെപ്പറ്റി ആലോചിക്കേണ്ടതാണ്. അവരുടെ രചനകളുടെ സവിശേഷതകളെപ്പറ്റി കൂടുതൽ പഠനവും നടത്തപ്പെടണം.

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഇസ്രയേൽ തിരിച്ചടിക്കാൻ തുടങ്ങി; ഇറാനില്‍...

ടെഹ്‌റാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാനില്‍ ഇസ്രയേല്‍
feature-top

ഓസ്ട്രേലിയയിലെ നോർത്ത് വെസ്റ്റ് സിഡ്നി...

ഓസ്ട്രേലിയ: സിഡ്നിയിലെ പെന്തെക്കോസ്ത് സഭയായ ശാലോം ക്രിസ്ത്യൻ അസംബ്ലി
feature-top

പ്രതിദിന ധ്യാനം| അദൃശ്യ സംരക്ഷണം|...

അദൃശ്യസംരക്ഷണം “പുരാതനനായ ദൈവം നിൻ്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ
feature-top

ഒറ്റപ്പാലത്ത് വീട്...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

ട്രൂ ലൈറ്റ് ഫോർ ഏഷ്യ ബിബ്ലിക്കൽ സെമിനാരിയിൽ...

വേങ്ങൂർ, കൊല്ലം: ട്രൂ ലൈറ്റ് ഫോർ ഏഷ്യ ബിബ്ലിക്കൽ സെമിനാരിയിൽ ദൈവവചന
feature-top

ചർച് ഓഫ് ഗോഡ് എറണാകുളം സോൺ സണ്ടേസ്കൂൾ ...

എറണാകുളം: ചർച് ഓഫ് ഗോഡ് എറണാകുളം സോൺ സണ്ടേസ്കൂൾ ഡിപ്പാർട്മെന്റിന്റെ
feature-top

സഭയെ നശിപ്പിക്കുന്ന നേതൃത്വത്തിൻ്റെ...

ഇന്ത്യൻ പെന്തെക്കോസ്തു ദൈവസഭയിൽ ഉടെലെടുത്തിരിക്കുന്ന പ്രതിസന്ധികളിൽ
feature-top

Advt : Seeking Lead/ Senior...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

വർഷിപ് ലീഡറെ...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം