മാത്യൂ ചെമ്പുകണ്ടത്തിൽ
ഏഴര പതിറ്റാണ്ടു കാലത്തെ മഹനീയ ജീവിതത്തിനൊടുവില്‍ യേശുക്രിസ്തുവിന്റെ വിശ്വസ്തസാക്ഷി രവി സഖറിയാസ് (ഫ്രെഡറിക് ആന്റണി രവികുമാര്‍ സഖറിയാസ്) നിത്യതയില്‍ മറഞ്ഞു. ബഹുമാന്യ ദൈവദാസന്റെ ജീവിതകാലഘട്ടത്തില്‍ അദ്ദേഹത്തെ അറിയാന്‍ കഴിയാതെപോയ ജനകോടികള്‍, ഇപ്പോള്‍ അദ്ദേഹത്തിന്റെ വേര്‍പാടിനുശേഷം അദ്ദേഹത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. തങ്ങളുടെ ജീവിതകാലഘട്ടത്തില്‍ സുവിശേഷം നിമിത്തം ഇത്രമേല്‍ പ്രശസ്തനായ ഒരുവന് ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ് അദ്ദേഹത്തെ അറിഞ്ഞവരുടെ ലോകവും അദ്ദേഹത്തെ വൈകി അറിഞ്ഞുകൊണ്ടിരിക്കുന്നവരുടെ ലോകവും. തന്നില്‍നിന്ന് സുവിശേഷം കേള്‍ക്കുന്ന ആരുടെയും ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നവിധത്തില്‍ ലോകം മുഴുവന്‍ നിറഞ്ഞുനിന്ന് ക്രിസ്തുവിനെ പ്രസംഗിക്കുവാനായി രണ്ടായിരം വര്‍ഷത്തെ ക്രൈസ്തവ പാരമ്പര്യമുള്ള ഭാരതം ലോകത്തിന് നല്കിയ സമ്മാനമായിരുന്നു രവി സഖറിയ.
ബ്രിട്ടീഷ് ഇന്ത്യയില്‍ ജനിച്ച്, സ്വതന്ത്ര ഇന്ത്യയില്‍ വളര്‍ന്ന്, ക്രിസ്തുശിഷ്യനെന്ന സ്വതന്ത്രവിഹായുസില്‍ വിരാചിച്ച ആ മഹത്ജീവിതം, അമേരിക്കയില്‍ അറ്റ്ലാന്റയിലുള്ള സ്വവസതിയില്‍ കാന്‍സര്‍ ബാധിതനായി ശയിക്കുമ്പോഴായിരുന്നു പരമവിളിയുടെ വിരുതിനായി കടന്നുപോയത്. അന്ത്യനിമിഷത്തില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ചുറ്റിലും ഉണ്ടായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരാശമുറ്റിയ യൗവ്വനത്തില്‍നിന്നും പ്രത്യാശനിറഞ്ഞ നല്ല വാര്‍ദ്ധക്യത്തിലാണ് അദ്ദേഹം താന്‍ പ്രിയംവച്ച ക്രിസ്തുവില്‍ മറഞ്ഞത്. ജീവിതാന്ത്യംവരെയും താന്‍ ഉയര്‍ത്തിപ്പിടിച്ച വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ഉദാത്തമാതൃക ഏതൊരു മനുഷ്യനും പിന്‍പറ്റാവുന്ന മാതൃകയാണ് എന്ന് നിശ്ശബ്ദമായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സമയത്തില്‍നിന്നും നിത്യതയിലേക്ക് അദ്ദേഹം മാറ്റപ്പെട്ടത്.
1946 മാര്‍ച്ച് 26ന് ചെന്നൈയില്‍ ആംഗ്ലിക്കന്‍ സഭാംഗമായ മാതാപിതാക്കളില്‍ ജനനം. ഭാര്യ: കനേഡിയന്‍ വംശജയായ മാര്‍ഗരറ്റ്. മൂന്നു മക്കള്‍. പ്രധാന ഗ്രന്ഥങ്ങള്‍: Can Man Live Without God?, Light in the Shadow of Jihad, the Grand Weaver. RZIM എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന Ravi Zacharias International Ministries
എന്ന സംഘടനയുടെ സ്ഥാപകനാണ് അദ്ദേഹം. മരണം: മേയ് 19, 2020.
1983ല്‍ ബില്ലിഗ്രഹാം ഇവാഞ്ചലിക്കല്‍ അസോസിയന്റെ ആഭിമുഖ്യത്തില്‍ ആംസ്റ്റര്‍ഡാമില്‍ സംഘടിപ്പിച്ച 4000 പേര് പങ്കെടുത്ത കോണ്‍ഫറന്‍സില്‍
37-ാമത്തെ വയസില്‍ പ്രസംഗകനായതു മുതല്‍ അദ്ദേഹം ലോകം അറിയപ്പെടുന്ന ഒരു സുവിശേഷകനായി മാറുകയായിരുന്നു. സ്വന്തം ജീവിതത്തിലെ ക്രിസ്ത്വാനുഭവങ്ങളും അമേരിക്കയിലും കാനഡയിലുമുള്ള പ്രശസ്ത ബൈബിള്‍ കോളജുകളില്‍നിന്ന് ലഭിച്ച അറിവും സ്വയം ആര്‍ജ്ജിച്ചെടുത്ത അനുബന്ധ അറിവുകളുമായി അദ്ദേഹം ആരംഭിച്ച സുവിശേഷ പ്രസംഗപ്രയാണമാണ് 2020 മേയ് 19ന് പര്യവസാനിച്ചിരിക്കുന്നത്. ഇതിനോടകം 70ഓളം രാജ്യങ്ങളിലായി നൂറുകണക്കിന് വേദികളില്‍ അദ്ദേഹം നിത്യജീവന്റെ സുവിശേഷം പ്രസംഗിച്ചു. സോഷ്യല്‍മീഡിയയിലൂടെ കോടിക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടു, അല്‍പ്പവിശ്വാസികള്‍ വിശ്വാസത്തില്‍ ബലപ്പെടുവാനും ക്രിസ്തുവിരോധികള്‍ ക്രിസ്തുവില്‍ കൂട്ടവകാശികളാകുവാനും ഇടയായി. തിരക്കുപിടിച്ച യാത്രയ്ക്കിടയിലും ലോകോത്തരങ്ങളായ മുപ്പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. അതില്‍ Jesus Among Other Gods, The Absolute Claims Of The Christian Message എന്ന ഗ്രന്ഥം ക്രിസ്ത്വാനുകരണത്തിന്റെ പശ്ചാത്തലത്തിലുള്ള അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ്.
സാധു സുന്ദര്‍സിംഗിനു ശേഷം ഭാരതമണ്ണില്‍നിന്നും ലോകം അറിഞ്ഞ ക്രിസ്തുശിഷ്യനായിരുന്നു രവി സഖറിയ. ഭാരതത്തിന്റെ അപ്പൊസ്തൊലനായ സെന്റ് തോമസ് അന്ത്യവിശ്രമം കൊള്ളുന്ന മദ്രാസ് പട്ടണത്തില്‍ ജനിച്ച്, സെന്റ് തോമസ് കൊളുത്തിയ വിശ്വാസദീപശിഖയേന്തി രവി സഖറിയാസ് പ്രയാണം തുടരുകയായിരുന്നു. ഈ യാത്രയില്‍ രാജാക്കന്മാരും സ്ഥാനാപതികളും പട്ടാളമേധാവികളും സര്‍വ്വകലാശാലാ അധ്യാപകരും വിദ്യാര്‍ത്ഥികളും അദ്ദേഹത്തില്‍നിന്ന് സുവിശേഷം കേട്ടു. തന്റെ വിശ്വാസബോധ്യങ്ങള്‍ക്ക് പുറംതിരിഞ്ഞുനില്‍ക്കുന്ന മതരാഷ്ട്രങ്ങളിലെ ഭരണാധികാരികളോടും തീവ്രവാദസംഘടനകളുടെ നേതാക്കന്മാരോടും അദ്ദേഹം മുഖാമുഖം നിന്ന് ക്രിസ്തുവിനെക്കുറിച്ച് സംസാരിച്ചു. ഓക്സ്ഫോര്ഡും കാംബ്രിഡ്ജും ഹാര്‍വാഡും അടക്കമുള്ള ലോകോത്തര സര്‍വ്വകലാശാലകള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്കായി കാത്തിരുന്നു. പ്രബലന്മാരായ പല ലോകനേതാക്കളോടും ചിന്തകന്മാരോടും അദ്ദേഹത്തിനുള്ള അടുപ്പവും സ്വാധീനവും വളരെ വലുതായിരുന്നു.
എന്തായിരുന്നു രവി സഖറിയാസിന്റെ പ്രസംഗങ്ങളുടെ പ്രത്യേകത? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ജീവന്റെ സൗരഭ്യവാസനകളായിരുന്നു. മരണത്തിന്റെ ദുര്‍ഗന്ധത്തിനുമേല്‍ അധീശത്വം സ്ഥാപിക്കാന്‍ കഴിയുന്ന ജീവന്റെ വാസനകള്‍ ആയിരുന്നു അദ്ദേത്തിന്റെ പ്രസംഗങ്ങള്‍ നിറയെ. ആത്മഹത്യാ ശ്രമത്തില്‍ പരാജയപ്പെട്ട് മരണക്കിടക്കയില്‍ ആയിരിക്കുമ്പോള്‍ “ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും” എന്ന ക്രിസ്തുമൊഴികളില്നിന്ന് ജീവന് ഉള്‍ക്കൊണ്ട്, മരണത്തിന്റെ കരാളഹസ്തങ്ങളില്‍നിന്ന് ജീവനിലേക്ക് വന്നവന് പിന്നെ ജീവന്റെ മഹത്വം അല്ലാതെ എന്തു പ്രസംഗിക്കും! ക്രിസ്തുവിലുള്ള നിത്യജീവന്റെ മഹത്വമായിരുന്നു അരനൂറ്റാണ്ടോളം സഞ്ചരിച്ച എല്ലാ ഭൂഖണ്ഡങ്ങളിലും എല്ലാ രാജ്യങ്ങളിലും എല്ലാ വേദികളിലും അദ്ദേഹം പ്രസംഗിച്ചത്. മരണത്തിന്റെ ദുര്‍ഗന്ധം ഭയാനകമായി വ്യാപിക്കുന്ന വര്‍ത്തമാനകാല ലോകത്തില്‍ നിത്യജീവനെക്കുറിച്ചും ജീവദാതാവിനെക്കുറിച്ചും ജീവന്റെ സമൃദ്ധിയെക്കുറിച്ചും അദ്ദേഹം പ്രസംഗിച്ചു. അനീതിയും അക്രമവും തീവ്രവാദവും നിഴല്‍പരത്തി നില്ക്കുന്ന ആധുനികലോകത്തില്‍, സത്യത്തിന്റെ സദ്ഗുണങ്ങളാല്‍ സമ്പന്നവും സാഗരസമാനമായി നീതിയും സമാധാനവും പരന്നൊഴുകുന്നതുമായ ദൈവരാജ്യത്തെക്കുറിച്ചും അദ്ദേഹം പ്രസംഗിച്ചു. ലോകത്തെ മുന്നോട്ടു നയിക്കുന്ന പുത്തന്‍ പ്രവണതകളുടെയും ചിന്തകളുടെയും വിളനിലങ്ങളായ സര്‍വ്വകലാശാലകളില്‍, ധാര്‍മികതയിലും മാനവികതയിലും അടിസ്ഥാനപ്പെട്ട് ലക്ഷ്യബോധത്തോട നീങ്ങുവാന്‍ യുവജനങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു. യൗവ്വനത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ട് എന്നും ആ വലിയ ഉത്തരം യേശുക്രിസ്തുവിലാണെന്നും അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ക്രിസ്തുവില്‍ ശാശ്വതമായ ഉത്തരം കണ്ടെത്തിയ അനേകലക്ഷം യുവതി/യുവാക്കള്‍ 21-ാം നൂറ്റാണ്ടിലെ ജീവിതത്തെ അഭിമുഖൂകരിക്കുവാന് സജ്ജരാക്കപ്പെട്ടു. മരണസംസ്കാരത്തിന്റെ ഭയാനകമായ ദുര്‍ഗന്ധത്തില്‍ അകപ്പെട്ട ജനകോടികള്‍ക്കു മുന്നില്‍ പ്രത്യാശയുടെ വാതായനങ്ങളാണ് രവി സഖറിയ തുറന്നിട്ടത്. അവയിലൂടെ നിത്യജീവന്റെ സുഗന്ധം അവര്‍ അനുഭവിച്ചറിഞ്ഞു.
ലോകപ്രസിദ്ധരായ പ്രസംഗകരില്‍ “നിത്യത” (eternity) ഇത്രമേല്‍ പ്രധാനപ്പെട്ട വിഷയമായി പ്രസംഗിച്ച സുവിശേഷകനുണ്ടോ എന്നത് സംശയമാണ്. സുവിശേഷത്തെ തത്വചിന്താപരമായി കേള്‍ക്കാന്‍ അനേകര്‍ തയാറാകുന്ന ലോകത്തില്‍, കേള്‍വിക്കാരന്റെ ഇംഗിതത്തിന് വിധേയനാകാതെ, തന്റെ ലക്ഷ്യവും വിഷയവുമായ നിത്യതയെക്കുറിച്ചായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. 21-ാം നൂറ്റാണ്ടിലെ ബുദ്ധിജീവികള്‍ക്ക് നിത്യതയുടെ സൗന്ദര്യത്തെ വിശദീകരിച്ചു കൊടുക്കണമെങ്കില്‍ പ്രസംഗകന് തന്റെ ബോധ്യങ്ങളില്‍ അത്രമേല്‍ ഉള്‍ക്കാഴ്ചയുണ്ടാകണം (revelation). ഉള്‍ക്കാഴ്ചയെ കൃത്യതയാര്‍ന്ന വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിവുണ്ടായിരിക്കണം. ശക്തമായ ക്രിസ്തീയബോധ്യങ്ങളും അതു നല്കുന്ന അത്ഭുതകരമായ ഉള്‍ക്കാഴ്ചകളും ഇംഗ്ലീഷ് ഭാഷയുടെ വിശാലസമ്പുഷ്ടമായ പദസമ്പത്തും അനുവാചകരെ പിടിച്ചിരുത്തുന്ന വാചകഘടനയും എല്ലാം നിത്യതയുടെ ആഴവും അതിന്റെ സൗന്ദര്യവും പറഞ്ഞുകൊടുക്കാന്‍ അദ്ദേഹത്തിന് ലഭ്യമായ കൃപാദാനങ്ങളായിരുന്നു. ഈ കൃപാവരങ്ങളുടെ സമൃദ്ധിയോടൊപ്പം മുഖത്ത് നിറഞ്ഞുനില്ക്കുന്ന ശാന്തതയും ശബ്ദഗാംഭീര്യവും സന്ദര്‍ഭോചിതമായ കഥകളും എല്ലാം പ്രസംഗവേദികളില്‍ രവി സഖറിയ എന്ന അപ്പൊസ്തൊലനെ ക്രിസ്തുസന്ദേശങ്ങളുടെ സമാനതയില്ലാത്ത പ്രചാരകനാക്കി.
ക്രൈസ്തവ വിശ്വാസസംരക്ഷകന്‍ (Christian Apologist) എന്ന പേരിലായിരുന്നു ലോകത്ത് അദ്ദേഹം അറിയപ്പെട്ടത്. ഒരു അപ്പോളജിസ്റ്റ് വിശ്വാസത്തിന് സുരക്ഷയൊരുക്കുന്ന കാവല്‍ഭടനാണ് എന്ന പരമ്പരാഗത നിര്‍വ്വചനത്തെ പൊളിച്ചെഴുതിയ വ്യക്തിയായിരുന്നു രവി സഖറിയ. വിശ്വാസവിഷയങ്ങള്ക്ക് പ്രതിരോധം തീര്‍ക്കുന്നതിനേക്കാള്‍ ആധുനികലോകത്തില്‍ ക്രിസ്തുവിശ്വാസം പ്രചരിപ്പിക്കുന്നതില്‍ ആയിരുന്നു അദ്ദേഹം മാതൃകയായത്. “വിശ്വാസത്തെ എവിടെയും മടികൂടാതെ പ്രഖ്യാപിക്കുന്നവനാണ് യഥാര്‍ത്ഥ അപ്പോളജിസ്റ്റ്” എന്ന മറ്റൊരു നിര്‍വ്വചനമാണ് ഇതിലൂടെ നമുക്ക് ലഭിച്ചത്. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ച് ചോദിക്കുന്നവരോട് സൗമ്യതയോടെയും ഭയഭക്തിയോടെയും പ്രതിവാദം ചെയ്യുവിന്‍ എന്ന വചനത്തെ ആക്ഷരികമായി സമീപിച്ച് പ്രതിവാദം ചെയ്യുന്നതില്‍ അദ്ദേഹം ഒരു മാതൃകയായിരുന്നു. സത്യത്തെ കൃപയില്‍ പൊതിഞ്ഞ് സംസാരിച്ചുകൊണ്ട്, വിശ്വാസികളെ ഏറെ ചിന്തിക്കുന്നവരാക്കുവാനും അതോടൊപ്പം ചിന്തകന്മാര് പലരും ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവരുവാനും അദ്ദേഹത്തിന്റെ അപ്പോളജിയകള്ക്ക് സാധിച്ചു. ക്രൈസ്തവസംവാദങ്ങള് ബഹളത്തിലും വ്യക്തിവിദ്വേഷത്തിലും ദുഷ്പ്രചാരണങ്ങളിലും കലാശിക്കുന്ന ഇക്കാലത്ത് ക്രിസ്റ്റ്യന്‍ അപ്പോളജിസ്റ്റ് എന്ത് അല്ല എന്നത് അദ്ദേഹം വ്യക്തമാക്കി. സംവാദത്തിനൊടുവില്‍ എതിരാളിയെപ്പോലും സ്നേഹംകൊണ്ട് കീഴടക്കാന്‍ തനിക്കുള്ള കഴിവ് പ്രസിദ്ധമാക്കുന്നവയായിരുന്നു അദ്ദേഹം ഇടപെട്ട ഓരോ സംവാദവും.
രവി സഖറിയയുടെ വിയോഗത്തിലൂടെ നമുക്ക് ലോകപ്രസിദ്ധനായ ഒരു സുവിശേഷപ്രസംഗകനെയോ അപ്പോളജസ്റ്റിനെയോ മാത്രല്ല നഷ്ടമായിരിക്കുന്നത്. പ്രസംഗിക്കുന്നത് ജീവിച്ചു കാണിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളെയാണ് ക്രൈസ്തവലോകത്തിന് നഷ്ടമായിരിക്കുന്നത്. സ്വന്തജീവിതത്തോടും കുടുംബത്തോടും വിശ്വാസത്തോടും ഒരുപോലെ പ്രതിബദ്ധത നിലനിര്‍ത്തുക്കൊണ്ട്, സുവിശേഷം പ്രസംഗിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമായി ഏവര്‍ക്കും അനുഭവപ്പെടുന്നത്. ഇനിയും അദ്ദേഹത്തേക്കാള്‍ ശക്തമായി പ്രസംഗിക്കുന്നവര്‍ ഉയര്‍ന്നുവന്നേക്കാം. എന്നാല്‍, പ്രസംഗകനും അയാളുടെ ജീവിതവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന സന്ദേശമായിരുന്നു ക്രിസ്റ്റ്യന്‍ പ്രസംഗകരെ ഇതര പ്രസംഗകരില്‍നിന്ന് വിഭിന്നരാക്കിയത്. “ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുകരിക്കുവിന്‍” എന്ന് പറഞ്ഞ പൗലോസിന്റെ മാതൃകയും അതായിരുന്നു. ഭാഷയും ശൈലിയും ഉണ്ടെങ്കില്‍ പ്രസംഗകന് അനുവാചകരുടെ ചിന്താമണ്ഡലത്തെ ചൂടുപിടിപ്പിക്കാം. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും പ്രസംഗങ്ങള്‍ ഈ അര്‍ത്ഥത്തില്‍ തീപ്പന്തങ്ങളായിരുന്നു. എന്നാല്‍ സുവിശേഷകന്റെ പ്രസംഗത്തില്‍ സ്വര്‍ഗ്ഗീയ അഗ്നി നിറയണമെങ്കില്‍ അത് പ്രസംഗകന്റെ ജീവിതവുമായി പൊരുത്തപ്പെട്ടു പോകുന്നതായിരിക്കണം. പ്രസംഗം ജീവിതത്തോടു ബന്ധപ്പെടുമ്പോഴാണ് പലരും വിജയമാകുന്നതും പലരും പരാജയപ്പെടുന്നതും. രവിസഖറിയയുടെ വിജയം വാക്കുകളുടെയും ആശയങ്ങളുടെയും കൃത്യത മാത്രമായിരുന്നില്ല. സംശുദ്ധമായ തന്റെ വ്യക്തിജീവിതത്തില്‍ നിഴലിച്ച സുതാര്യതയും അതില്‍ പ്രതിഫലിച്ച നിത്യതയുമാണ് അദ്ദേഹത്തെയും തന്റെ പ്രസംഗങ്ങളെയും വേറിട്ടതാക്കിയത്.
ഇന്ത്യക്കാരനും പാതി മലയാളിയും ആയിട്ടും ഇന്ത്യന്‍ വംശജരുടെ സുവിശേഷപ്രസംഗവേദികളില്‍ അദ്ദേഹത്തെ വിളിച്ചത് വളരെ കുറഞ്ഞ വ്യക്തികള്‍ മാത്രമായിരുന്നു. കേരളത്തിലെ സുപ്രസിദ്ധ സുവിശേഷ കണ്‍വന്‍ഷനുകളിലോ ഇന്ത്യയ്ക്കു വെളിയിലുള്ള മലയാളികളുടെ കണ്‍വന്‍ഷനുകളിലോ അദ്ദേഹം പ്രസംഗിച്ചതുപോലും ഒന്നോരണ്ടോ തവണ മാത്രമായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ വിയോഗത്തിന്റെ പേരില്‍ വാചാലരാകുന്ന പല പ്രമുഖരും അദ്ദേഹത്തെ അവഗണിച്ചവരായിരുന്നു എന്ന് പറയാതെ വയ്യ. ഇതരമത വിഭാഗങ്ങള്‍ക്കുവേണ്ടി ആരാധനാലയം തുറന്നുകൊടുത്തു മതസഹിഷ്ണുത കാണിക്കുന്നവരും ലോകമതവേദികളില് വിവിധ മതനേതാക്കളുമായി തോളുരുമ്മിനിന്ന് സൗഹൃദം പങ്കിടുന്നവരും സത്യസുവിശേഷത്തിന്റെ പ്രചാരകനും ലോകപ്രസിദ്ധനുമായ ഈ സുവിശേഷകനോട് അകാരണമായ അകലംസൂക്ഷിച്ചു. അദ്ദേഹത്തെ മനഃപൂര്‍വ്വം തഴഞ്ഞവര്‍ പലരും ഇന്ന് തങ്ങളുടെ ജാള്യത മറയ്ക്കാനാണ് അനുശോചനക്കുറിപ്പുകള്‍ ഇറക്കുന്നത് എന്ന് തോന്നിപ്പോകുന്നു.
“ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും” എന്ന വചനം മാംസമായി പരിണമിക്കപ്പെട്ടതിന്റെ 21-ാം നൂറ്റാണ്ടിലെ ഉജ്വലസാക്ഷ്യമായിരുന്നു രവി സഖറിയ. അരനൂറ്റാണ്ടു കാലത്തോളം ലോകരാജ്യങ്ങളിലെ ജനകോടികളുടെ മുന്നില്‍, താന്‍ കണ്ണാടിയില്‍ കടമൊഴിയായി കണ്ട ക്രിസ്തുവിനെക്കുറിച്ച് വിശ്വാസത്തോടെ പ്രസംഗിച്ചു. താന്‍ അറിഞ്ഞതും വിശ്വസിച്ചതുമായ ആത്മീയയാഥാര്‍ത്ഥ്യങ്ങളെ മുഖാമുഖം കാണുവാനും നേരിട്ട് അനുഭവിച്ചറിയുവാനുമായി അദ്ദേഹം വിളിക്കപ്പെട്ടിരിക്കുന്നു. ജീവന്റെ വചനത്തെ സമാനതകളില്ലാതെ സാക്ഷീകരിച്ച് നിത്യതയില്‍ മറയപ്പെട്ട ആ ധന്യാത്മാവിനു മുന്നില്‍ ആദരവോടെ നില്ക്കുമ്പോള്, അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെട്ട ഏതൊരു വ്യക്തിയില്‍നിന്നും ഉയരുന്ന ചോദ്യം എന്നില്‍നിന്നും ഉയരുന്നു! കഴിഞ്ഞ അരനൂറ്റാണ്ടുകാലം വിശ്വാസസംരക്ഷകരുടെ മുന്നണിപ്പോരാളിയായിരുന്ന രവി സഖറിയില്നിന്നും ഈ ദീപശിഖയേന്താന്‍ ഇനി ആര് എന്നു കടന്നുവരും? ദൈവം തന്റെ വിശ്വസ്തസാക്ഷിയെ അടുത്ത കാലഘട്ടത്തിനുവേണ്ടി എത്രയും വേഗം ഉയര്‍ത്തട്ടെ എന്നു പ്രത്യാശിക്കുന്നു.
Add a Comment
Recent Posts
- തിരുവല്ല കിഴക്കൻ മുത്തൂരിൽ ഹൗസ് പ്ലോട്ട് വിൽപ്പനക്ക്
- ചർച്ച് ഓഫ് ഗോഡ് കോട്ടയം മേഖല ലേഡീസ് മിനിസ്ട്രി കുടുംബ സംഗമം 10 ന്
- ഐ.പി.സി പത്തനാപുരം സെന്റർ പി.വൈ.പി.എ യൂത്ത് ക്യാമ്പ് 15 മുതൽ കൊട്ടാരക്കരയിൽ
- കരിസ്മ ഫയർ മിനിസ്ട്രീസ് സ്പെഷ്യൽ യൂത്ത് മീറ്റിംഗ് ഒക്ടോ. 2 ന് തിരുവനന്തപുരത്ത്; ഡോ. പി.ജി.വർഗീസ് പ്രസംഗിക്കും
- അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് ഗോൾഡൻ ജൂബിലി സമാപന സമ്മേളനം സെപ്റ്റം. 12 ന്
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
Archives
Categories
- Articles
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2024. Powered by: Hub7 Technologies
Leave a Reply